കലാപത്തിന് ആര്‍എസ്എസ് രഹസ്യപദ്ധതി: ബി-ടീമായി കോണ്‍ഗ്രസ്

Web Desk
Posted on November 20, 2018, 11:11 pm
നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കള്‍ റോഡ് ഉപരോധിക്കുന്നു

ശബരിമലയിലേക്ക് പോകാന്‍ അനുമതി നല്‍കിയിട്ടും നിരോധനാജ്ഞ ലംഘിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഉപരോധം

സ്വന്തം ലേഖകന്‍

ശബരിമല: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് സമര നാടകവുമായി യൂഡിഎഫ് നേതാക്കള്‍. നിരോധനാജ്ഞ പിന്‍വലിക്കണമെന്നായിരുന്നു യുഡിഎഫ് സമരത്തിന്റെ ആവശ്യം. യുഡിഎഫ് നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന മുഴുവന്‍ ആളുകള്‍ക്കും സന്നിധാനത്തേക്ക് പോകാന്‍ എസ്പി യതീഷ് ചന്ദ്ര അനുതി നല്‍കിയെങ്കിലും അത് അംഗീകരിക്കാതെ തങ്ങള്‍ 144 ലംഘിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഉപരോധത്തിലേക്ക് നീങ്ങുകയായിരുന്നു. നിലയ്ക്കല്‍ ബേസ് ക്യാംപിലേക്കുളള പാതയില്‍ കുത്തിയിരുന്നുള്ള പ്രതിഷേധം കാരണം നിരവധി തീര്‍ത്ഥാടകര്‍ വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് ഉപരോധനാടകം സ്വമേധയാ അവസാനിപ്പിച്ച് കെഎസ്ആര്‍ടിസി ബസില്‍ പമ്പയില്‍എത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ പമ്പയിലും പ്രതിഷേധം സംഘടിപ്പിച്ചു.

നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും അയ്യപ്പഭക്തര്‍ക്ക് ഇപ്പോള്‍ ഒരു നിയന്ത്രണവുമില്ല. അയ്യപ്പഭക്തര്‍ യഥേഷ്ടം സന്നിധാനത്തെത്തി മടങ്ങുകയാണ്. നിലവിലുളള നിരോധനാജ്ഞ നിര്‍ത്തലാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ ഇതുമുതലെടുത്ത് നിര്‍വിഘ്‌നം സന്നിധാനത്തെത്തുമെന്നും കലാപമഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്നുമിരിക്കെയാണ് അത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെടുന്നത്. ഫലത്തില്‍ ഇതിലൂടെ ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും ശബരിമലയില്‍ കടന്നുകയറി കലാപം നടത്താനുള്ള വഴിയാണ് ഒരുങ്ങുക. അതുതന്നെയാണ് യുഡിഎഫ് സമരനാടകത്തിന്റെ ലക്ഷ്യമെന്നാണ് സംശയമുയരുന്നത്.

കെഎസ്ആര്‍ടിസി ബസില്‍ പമ്പയില്‍എത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ പമ്പയില്‍ നടത്തിയ പ്രതിഷേധവും ശബരിമല തീര്‍ഥാടകരെ വലച്ചു. ഫലത്തില്‍ വീണ്ടും കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാകുന്ന കാഴ്ചയാണ് ഇന്നലെയും കണ്ടത്. ആചാരസംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ ആചാരലംഘനവും കലാപങ്ങളും നടത്തുന്നത് തീര്‍ഥാടകരെ വലക്കുകയാണ്. അതിന് വഴിയൊരുക്കി യുഡിഎഫും നീങ്ങുന്നത് മതേതര — പുരോഗമന വിശ്വാസികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, എം കെ മുനീര്‍, എന്‍ കെ പ്രേമചന്ദ്രന്‍, പിജെ ജോസഫ്, ജോണി നെല്ലൂര്‍ എന്നിവരടക്കം യുഡിഎഫിലെ ഘടകകക്ഷി നേതാക്കളാണ് ബിജെപിക്ക് വഴിയൊരുക്കി സമരത്തില്‍ പങ്കെടുത്തത്.

അതിനിടെ സ്ത്രീ പ്രവേശനമല്ല അജന്‍ഡയെന്നും കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരാണെന്നുമുള്ള പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് വീണ്ടും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള. ശബരിമല സ്ത്രീപ്രവേശനത്തിനെതിരല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ശ്രീധരന്‍ പിള്ള ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ബിജെപിയും ആര്‍എസ്എസും സംസ്ഥാനവ്യാപകമായി അക്രമമഴിച്ചുവിടാന്‍ രഹസ്യപദ്ധതി തയ്യാറാക്കിയതായും വിവരം പുറത്തുവന്നു. ശബരിമലയില്‍ പൊലീസ് നടപടിയുണ്ടാക്കുക, ഉടന്‍തന്നെ അതാതിടത്ത് ക്ഷേത്രങ്ങളില്‍ കേന്ദ്രീകരിക്കുക എന്നിവയാണ് പദ്ധതി. സ്വാഭാവികമായെത്തുന്ന ഭക്തരാണ് ശബരിമലയില്‍ പ്രതിഷേധിക്കുന്നതെന്നാണ് വിശദീകരിക്കുന്നത്. ശബരിമലയില്‍ പ്രതിഷേധമുണ്ടാകുന്നത് അര്‍ധരാത്രിയാണെങ്കില്‍ പോലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അതേസമയത്ത് നാമജപമെന്ന നിലയില്‍ പ്രതിഷേധമുണ്ടാകുന്നത് ആസൂത്രിതമാണെന്ന് വ്യക്തമാണ്. ശബരിമല വലിയ നടപ്പന്തലിന് സമീപം ഞായറാഴച രാത്രി ആര്‍എസ്എസ് സംഘ്ചാലകിന്റെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിച്ചപ്പോള്‍ അറസറ്റുചെയ്തതിന് പിന്നാലെ പലയിടത്തും പ്രതിഷേധം അരങ്ങേറിയത് ഒറ്റപ്പെട്ട സംഭവമല്ല. തിങ്കളാഴ്ച അറസ്റ്റ് ഇല്ലാതിരുന്നിട്ടും അര്‍ധരാത്രി പലയിടങ്ങളിലും പ്രതിഷേധമരങ്ങേറിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയാണെന്ന് പൊലീസ് വൃത്തങ്ങള്‍ കരുതുന്നു.

ഒന്‍പത് സംഘപരിവാര്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ഒന്‍പത് സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ എട്ടുപേര്‍ കൊല്ലം പരവൂര്‍ സ്വദേശികളാണ്. ഇവരുടെ പശ്ചാത്തലം പൊലീസ് അന്വേഷിച്ചപ്പോള്‍ നാമജപ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് കേസ് ഉളളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ കരുതല്‍തടങ്കലില്‍ കസ്റ്റഡിയിലെടുത്ത് സ്വന്തം നാട്ടിലേക്ക് പൊലീസ് കൊണ്ടുപോയി. ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണ്. ഇയാള്‍ സന്നിധാനം പൊലീസ് സ്റ്റേഷനില്‍ കരുതല്‍ തടങ്കലിലുണ്ട്. ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്ത് പ്രതിഷേധത്തിന് എത്തിയവരാണ് ഈ ഒന്‍പത്‌പേരെന്ന് പൊലീസ് പറഞ്ഞു.