7 December 2024, Saturday
KSFE Galaxy Chits Banner 2

ഝാർഖണ്ഡും മഹാരാഷ്ട്രയും പിടിക്കാന്‍ ആര്‍എസ്എസ്

അരുണ്‍ ശ്രീവാസ്തവ
October 27, 2024 4:45 am

മഹാരാഷ്ട്രയിലെയും ഝാർഖണ്ഡിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കേണ്ടത് നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ നിലനില്പിന് നിർണായകമാണെങ്കിൽ, ഈ രണ്ട് സംസ്ഥാനങ്ങളിലെയും വിജയം ആർഎസ്എസിനും അവരുടെ ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയെന്ന ലക്ഷ്യത്തിനും പുതിയ മാനവും നൽകും. മഹാരാഷ്ട്ര മോഡിക്കും ബിജെപിക്കും ഒരു സംസ്ഥാനം മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം അവര്‍ക്ക് കൂടുതൽ അധികാരവും ധനശക്തിയും നൽകും. എന്നാൽ ആർഎസ്എസിന് കേവലമൊരു സംസ്ഥാനമല്ല, പകരം സ്വന്തം നയങ്ങളെ ദേശീയതലത്തില്‍ വിപുലീകരിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ‘മഹാരാഷ്ട്ര’ത്തിന്റെ (മഹത്തായ രാഷ്ട്രം) പ്രതീകമാണ്. വികസിത് ഭാരതമാക്കുന്നതിനുള്ള മോഡിയുടെ നയങ്ങൾ ഉയർത്തിക്കാട്ടുന്നത് മഹാരാഷ്ട്രയുടെ തോല്‍വിയുടെ ആഘാതം കുറച്ചേക്കും. പക്ഷേ ഇത് നവഭാരതത്തിന്റെ സ്രഷ്ടാക്കള്‍ എന്ന നിലയിൽ ആർഎസ്എസിന് പ്രത്യയശാസ്ത്രപരമായ വലിയ നഷ്ടം വരുത്തും. തീര്‍ച്ചയായും മോഡിയും മോഹൻ ഭാഗവതും ദ്വിമുഖ പോരാട്ടത്തിലാണ്. ഇരു നേതാക്കളും തമ്മിലുള്ള ഏറ്റവും വലിയ വാക്പോരിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്. എതിരാളികളായ ചില പ്രമുഖരുടെ പരാജയം ഉറപ്പാക്കാൻ ആർഎസ്എസ്-ബിജെപി നേതാക്കൾ പരസ്പരം രംഗത്തിറങ്ങുന്നുവെന്ന സൂചനകളും പ്രാദേശിക രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്. തങ്ങളോട് അടുപ്പമുള്ള നേതാക്കൾക്ക് ടിക്കറ്റ് നല്‍കുക, എന്ത് വിലകൊടുത്തും വിജയിപ്പിക്കുക, എന്നാണ് പദ്ധതി. ഇതിലൂടെ സർക്കാരിനെ തങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാൻ കഴിയും എന്നതാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും കണക്കുകൂട്ടല്‍. ഇതൊക്കെയാണെങ്കിലും മഹാരാഷ്ട്രയിൽ ഹരിയാനയിലെ വിജയം ആവർത്തിക്കാൻ ആർഎസ്എസ് ഇതിനകം ജനസമ്പർക്ക പരിപാടി ആരംഭിച്ചിട്ടുണ്ട്. ഹരിയാനയിലെ ബിജെപി എംഎൽഎമാർ ഭൂരിഭാഗവും ആർഎസ്എസിനോട് വിധേയത്വമുള്ളവരാണെങ്കിലും മോഡിയോടുള്ള നീരസം പരസ്യമായി പ്രകടിപ്പിക്കുന്നില്ല. മഹാരാഷ്ട്രയിലും ഈ നില ആവർത്തിക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് ആര്‍എസ്എസ് ഏറെ പണിപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിൽ മഹായുതിക്ക് അനുകൂലമായി പൊതുജനാഭിപ്രായമുണ്ടാക്കാന്‍ 50,000ത്തിലധികം ചെറിയ യോഗങ്ങളാണ് ആർഎസ്എസ് പ്രവർത്തകരുടെ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്നത്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറ ശക്തമായ സംസ്ഥാനത്ത് ആർഎസ്എസിന് സുസംഘടിത കേഡർ അടിത്തറയുണ്ടെങ്കിലും, ബാൽ താക്കറെയുടെ ശിവസേനയ്ക്കും സമർപ്പിതരായ ഹിന്ദുത്വ കേഡർമാരുടെ ശക്തമായ പിന്‍ബലമുണ്ട്. തുടക്കംമുതൽ ആദിവാസികൾ, ദളിതർ, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങള്‍ എന്നിവയിൽ ആർഎസ്എസ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സേന പ്രധാനമായും നഗരപ്രദേശങ്ങളിൽ ഒതുങ്ങുന്നു. നാഗ്പൂർ ആസ്ഥാനമായ ആർഎസ്എസിന് സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമുണ്ട്. ശിവസേനക്ക് വലിയ ഭീഷണിയാകുമെന്ന വിലയിരുത്തലുമുണ്ട്. പക്ഷേ, സേനയുടെ അടിത്തറ തകര്‍ക്കാൻ താല്പര്യമില്ലെന്ന് ചില ആർഎസ്എസ് നേതാക്കൾ കരുതുന്നു. സ്ഥാനാർത്ഥികളോട് താല്പര്യമില്ലാത്ത മേഖലകളിൽ ആർഎസ്എസ് പ്രവർത്തകർ പിൻവലിഞ്ഞതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താൻ ബിജെപിക്ക് കഴിഞ്ഞില്ല. ബിജെപി നേതൃത്വത്തിലുള്ള മഹായുതിക്ക് 17 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ഇന്ത്യ സംഖ്യത്തിന്റെ എംവിഎ 31 സീറ്റുകൾ നേടി. ആർഎസ്എസ് പ്രവർത്തകരുടെ ആവേശമില്ലായ്മയായിരുന്നു തണുപ്പന്‍ പ്രകടനത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഝാർഖണ്ഡിലെ വിജയവും ആർഎസ്എസിന് വളരെ പ്രധാനമാണ്. അവരുടെ പ്രത്യയശാസ്ത്രപരവും ദാർശനികവുമായ അസ്തിത്വം സംസ്ഥാനത്ത് അപകടത്തിലാണ്. ഒരു തോൽവി ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാകും. ആദിവാസികളെ ഹിന്ദു സമൂഹത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമത്തില്‍ രാജ്യത്തുടനീളം വിശ്വാസ്യത നഷ്ടപ്പെടും. ഈ വർഷത്തെ ദസറയോടനുബന്ധിച്ചുള്ള തന്റെ പരമ്പരാഗതമായ പ്രസംഗത്തിൽ മോഹൻ ഭാഗവത് ഹിന്ദു ഏകീകരണത്തിനായുള്ള വികാരാധീനമായ അഭ്യർത്ഥന നടത്തിയിരുന്നു. ഝാർഖണ്ഡിൽ ബംഗ്ലാദേശികളെ താമസിപ്പിക്കുന്നത് ആദിവാസികളുടെ സ്വത്വവും വീടും നഷ്ടപ്പെടുത്തുമെന്ന ആരോപണം ആർഎസ്എസ് ഒരു പ്രധാന ഉപകരണമാക്കുന്നു. ബിഹാറിൽ നിന്ന് വിഭജിച്ച് സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പുതന്നെ പതിറ്റാണ്ടുകളായി ഝാർഖണ്ഡിൽ ആർഎസ്എസ് സജീവമാണ്. മറ്റ് സംസ്ഥാനങ്ങളിലെ ആദിവാസികളിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗമായും പ്രദേശത്തെ സംഘടന ഉപയോഗിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെയും ആർഎസ്എസ് പ്രവർത്തകർ വിട്ടുനിന്നു. എന്നാൽ ഇത്തവണ സംസ്ഥാനത്ത് വിജയിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ്. “സംഘം എല്ലായ്‌പ്പോഴും ലോക് ജാഗരണത്തിനായി (ജനങ്ങളുടെ അവബോധം) പ്രവർത്തിക്കുന്നു, അത് തുടരും,” ആർഎസ്എസ് വക്താവ് സുനിൽ അംബേക്കർ പറഞ്ഞു.

ആദിവാസി സേവനത്തിന്റെ പുതിയ മുഖമായി ഹേമന്ത് സൊരേന്റെ ആവിർഭാവത്തോടെ, ഝാർഖണ്ഡിൽ മാത്രമല്ല, രാജ്യത്തുടനീളം സ്ഥിതിഗതികൾ മാറി. ഹേമന്ത്, ഭൂമിയുടെ അവകാശം നൽകുകയും സനാതനത്തിൽ നിന്ന് വ്യത്യസ്തനാണ് സർന എന്ന സന്ദേശം ആദിവാസികളിലേക്ക് എത്തിക്കുകയും ചെയ്തു. സർന സനാതനത്തോട് ബന്ധമുള്ളതാണെന്ന് ബോധ്യപ്പെടുത്താനാണ് ആർഎസ്എസ് ശ്രമിച്ചിരുന്നത്. ഹേമന്തിന്റെ കടുത്ത പ്രതിരോധം ആദിവാസികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും ഒരു തോൽവിയുണ്ടായാല്‍ ഝാർഖണ്ഡിൽ തങ്ങള്‍ പാർശ്വവല്‍ക്കരിക്കപ്പെടുമെന്നും അടിത്തറ പൂർണമായും ഇല്ലാതാകുമെന്നും ആർഎസ്എസ് ഭയപ്പെടുന്നു. അതാണ് കേഡർമാരെ സജീവമാക്കുന്നതിനും തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കുന്നതിനുമുള്ള പ്രധാന കാരണം. കൂടുതൽ കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്തിയാൽ അവർ അരാഷ്ട്രീയരും ബിജെപിയോട് ശത്രുതയുള്ളവരുമായി മാറും എന്നതും കാരണമാണ്.
തെരഞ്ഞെടുപ്പ് ബഹിഷ്കരണ രാഷ്ട്രീയത്തിൽ ആര്‍എസ്എസിന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് മഹാരാഷ്ട്രയിലാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ഒരു സീറ്റ് 13 ആയി ഉയർന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഒമ്പത് സീറ്റുകളും ശരദ് പവാറിന്റെ എൻസിപി എട്ട് സീറ്റുകളും നേടി. ബിജെപി ഫലത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടു. ഝാർഖണ്ഡിലും ഇതേ സാഹചര്യം ഏറെക്കുറെ ആവർത്തിച്ചു. ബിജെപിയുടെ നഷ്ടം ജെഎംഎമ്മിന്റെയും ഇന്ത്യ സഖ്യത്തിന്റെയും നേട്ടമായി.
ഈ രണ്ട് സംസ്ഥാനങ്ങൾക്കു പിന്നാലെ ഉത്തർപ്രദേശാണ് ആർഎസ്എസിന്റെ പരീക്ഷണശാല. യുപിയിലെ കാവിയുടെ ശോഷണം എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, അടിത്തറ ദുർബലമാകും. ഈ ഭീഷണി മനസിലാക്കി, ആദിത്യനാഥിനെ കാവിവ്യവസ്ഥയുടെ പൊതുമുഖമായി അവതരിപ്പിക്കാനുള്ള സൂത്രവാക്യം ഓഗസ്റ്റിൽ ആർഎസ്എസ് നേതാക്കൾ തയ്യാറാക്കിയിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി ഓഗസ്റ്റ് 21ന് ആദിത്യനാഥിന്റെ വസതിയിൽ ബിജെപി-ആർഎസ്
എസ് നേതാക്കൾ സുപ്രധാന യോഗവും ചേർന്നു. സംഘടനയും സർക്കാരും തമ്മില്‍ കൂടുതൽ ഏകോപനത്തിനും പാർട്ടിയുടെ പ്രവർത്തനവും അജണ്ടയും ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
10 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമായി ചര്‍ച്ചയായി. പ്രചരണത്തിന് ആദിത്യനാഥ് നേതൃത്വം നൽകാനും തീരുമാനമായി. തന്ത്രങ്ങൾ മെനയുന്നതിനൊപ്പം, ഉന്നത സംഘടനാ നേതാക്കളുമായുള്ള യോഗത്തിൽ മുഖ്യമന്ത്രിയായിരിക്കും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക. ആർഎസ്എസ് പിന്തുണയോടെ പ്രചരണത്തിന് രൂപം നൽകുക കൂടി ചെയ്താല്‍ ഇന്ത്യ സഖ്യത്തിന് കടുത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.