വിവരാവകാശവും നിയമനിര്‍മാണ പ്രക്രിയയോടുള്ള വിരുദ്ധ സമീപനങ്ങളും

Web Desk
Posted on July 17, 2018, 10:24 pm

സുതാര്യതയും സത്യസന്ധതയും തങ്ങളുടെ അജന്‍ഡയില്‍ ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശ നിയമം അട്ടിമറിക്കാന്‍ മാത്രം സഹായകമാകുന്ന വിധത്തില്‍ നരേന്ദ്രമോഡി കൊണ്ടു വരുന്ന ഭേദഗതി. ഇതോടൊപ്പം തന്നെ നിയമ നിര്‍മാണ പ്രക്രിയയോടുള്ള വിരുദ്ധ നിലപാടുകളും പുറത്തു വരുന്നുണ്ട്. ഇടതു പിന്തുണയോടെ ഭരിച്ചുകൊണ്ടിരിക്കേ ഒന്നാം യുപിഎ സര്‍ക്കാര്‍ 2005 ല്‍ കൊണ്ടുവന്നതായിരുന്നു വിവരാവകാശ നിയമം. ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും എല്ലാ തലങ്ങളെയും പൂര്‍ണാര്‍ഥത്തില്‍ സുതാര്യമാക്കുന്നതിന് 13 വര്‍ഷമായിട്ടും സാധ്യമായിട്ടില്ലെങ്കിലും നിയമനിര്‍മാണ ചരിത്രത്തിലെ അപൂര്‍വതയായാണ് ഇപ്പോഴും വിവരാവകാശ നിയമം നിലക്കൊള്ളുന്നത്.

എത്രയോ അഴിമതികളും കുംഭകോണങ്ങളും വെളിച്ചത്തുവന്നത് വിവരാവകാശ നിയമത്തിന്റെ ഫലമായിട്ടായിരുന്നു. ഫയലുകളുടെയും സര്‍ക്കാര്‍ നടപടി ക്രമങ്ങളുടെയും വേഗത വര്‍ധിപ്പിക്കുന്നതിനും ഒരു പരിധിവരെ ഈ നിയമം സഹായകമായിട്ടുണ്ട്.

പ്രസ്തുത നിയമത്തില്‍ സാങ്കേതികമായ കാരണം പറഞ്ഞ് ഭേദഗതി കൊണ്ടുവരികയും പ്രസക്തി തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നത്. ദുര്‍ബ്ബലമായൊരു കാരണം പറഞ്ഞ് ഭേദഗതി കൊണ്ടുവന്ന് വിവരാവകാശ കമ്മിഷനെ തന്നെ ഇല്ലാതാക്കുന്നതിനാണ് ശ്രമം. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷണറും വിവരാവകാശ കമ്മിഷണറും തത്തുല്യരാണെന്ന് നിയമത്തില്‍ പറയുന്നതുകൊണ്ടാണ് ഭേദഗതിയെന്നാണ് വിശദീകരണം. അങ്ങനെ ഒരു നിയമത്തില്‍ പറയുന്നത് കൊണ്ട് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനോ കമ്മിഷണറോ അതല്ലാതായി മാറുന്നില്ല. മറിച്ച് വിവരാവകാശ കമ്മിഷണര്‍ ഭരണഘടനാ പദവിയായി മാറുന്നുമില്ല. അതുകൊണ്ടുതന്നെ ഇതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണ്. സേവന വേതന വ്യവസ്ഥകളില്‍ മാത്രമാണ് പ്രസ്തുത സമാനത പരാമര്‍ശിച്ചിട്ടുള്ളത്. അതിന്റെ പേരില്‍ സര്‍ക്കാര്‍ അതാത് കാലത്ത് നിശ്ചയിക്കുന്ന വേതനം നല്‍കുമെന്ന് പറയുന്നതിലെ സാംഗത്യം ആര്‍ക്കും പിടികിട്ടാത്തതാണ്.

ഇതിനേക്കാള്‍ അപകടകരമാണ് കമ്മിഷനുകളുടെ കാലപരിധി സംബന്ധിച്ച നിയമഭേദഗതി. അഞ്ചുവര്‍ഷമെന്ന കാലപരിധിയും സര്‍ക്കാരിന്റെ ഇഷ്ടത്തിനനുസരിച്ചെന്നാക്കി മാറ്റുകയാണ്. അഞ്ചുവര്‍ഷമെന്ന നിശ്ചിത കാലപരിധി ഓരോ സര്‍ക്കാരും നിശ്ചയിക്കുന്നതനുസരിച്ചെന്നാക്കി മാറ്റുമ്പോള്‍ കമ്മിഷന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുന്ന സ്ഥിതിയാണുണ്ടാവുക. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട്, ബോണ്ടുകള്‍ എന്നിവയെ ഒഴിവാക്കുവാനുള്ള നിര്‍ദ്ദേശവും നിയമത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്. ഫലത്തില്‍ നിയമത്തിന്റെ നിലനില്‍പും സുതാര്യതയും ഇല്ലാതാക്കുകയാണ്.
2014 ല്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം സംബന്ധിച്ച് അംഗീകരിച്ച കൂടിയാലോചനാ നയത്തിന്റെ അടിസ്ഥാനത്തില്‍ ബില്ലുകളുടെ കരട് രൂപം 30 ദിവസം മുമ്പ് പൊതുമധ്യത്തില്‍ അവതരിപ്പിക്കുകയും വെബ്‌സൈറ്റില്‍ ലഭ്യമാക്കുകയും അഭിപ്രായങ്ങള്‍ നല്‍കുന്നതിന് അവസരമൊരുക്കുകയും വേണം. അതിന് ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമാണ് സഭയില്‍ അവതരിപ്പിക്കേണ്ടത്. അതൊന്നുമില്ലാതെയാണ് ഈ ഭേദഗതി നിയമം അവതരിപ്പിക്കാന്‍ പോകുന്നതെന്നത് നിയമ നിര്‍മാണ പ്രക്രിയയോടുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ വിരുദ്ധ സമീപനവും വ്യക്തമാക്കുന്നതാണ്.

ഇതോടൊപ്പം തന്നെ ഇന്ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അവതരിപ്പിച്ച നാല്‍പത് നിയമങ്ങള്‍ പാഴാകുവാന്‍ പോകുന്നുവെന്നതാണത്. ഇതില്‍ പന്ത്രണ്ടെണ്ണം ലോക്‌സഭ അംഗീകരിച്ചു കഴിഞ്ഞതാണ്. ശക്തമായ പ്രതിഷേധമുയര്‍ന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം മാറ്റിവച്ചാല്‍ മറ്റുള്ളവ പാസാക്കിയെടുക്കുന്നതിന് ജനാധിപത്യപരമായ വഴികള്‍ സര്‍ക്കാര്‍ തേടുകയുണ്ടായില്ല.

മാത്രവുമല്ല രാജ്യസഭയില്‍ വ്യക്തമായ മേല്‍ക്കൈ ലഭിക്കാത്തതിനാല്‍ നിയമനിര്‍മാണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുമില്ല. ചില നിയമങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ — വര്‍ഗീയ അജന്‍ഡയുടെ ഭാഗമായുള്ളതാണ്. എന്നാല്‍ സാമ്പത്തിക കുറ്റവാളികളെ സംബന്ധിച്ചും മറ്റുമുള്ള നിയമങ്ങള്‍ പ്രതിപക്ഷത്തിന്റെ സഹകരണം നേടിയെടുത്ത് നിയമമാക്കാവുന്നതാണ്. അതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് വേണം കരുതാന്‍. നിയമം അവതരിപ്പിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് അതുവഴി ജനങ്ങളുടെ പിന്തുണ ആര്‍ജിക്കാമെന്ന വ്യാമോഹവും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കാവുന്നതാണ്.

നിയമനിര്‍മാണ പ്രക്രിയയോടുള്ള വിരുദ്ധ സമീപനവും വിവരാവകാശ നിയമത്തിന് വരുത്താന്‍ പോകുന്ന ഭേദഗതിയും നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യുകയല്ല മറിച്ച് കാപട്യം തുറന്ന് കാട്ടുകയാണ് ചെയ്യുന്നത്. സുതാര്യതയും സത്യസന്ധതയും തീരെ ഇല്ലെന്ന് വ്യക്തമാക്കുകയാണ് ഈ രണ്ടു നിലപാടുകളും.