കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെന്ന പേരിൽ മോഡി സർക്കാർ ആരംഭിച്ച പിഎം കെയേഴ്സ് സംവിധാനം സംബന്ധിച്ച വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ബംഗളൂരുവിലെ അസിം പ്രേംജി സർവകലാശാലയിലെ നിയമ വിദ്യാർത്ഥിയായ ഹർഷ കാൻഡുകിരിയാണ് പിഎം കെയേഴ്സ് ഫണ്ടിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. പിഎം കെയേഴ്സ് ഫണ്ട് പബ്ലിക് അതോറിറ്റി അല്ലെന്നും അതുകൊണ്ടുതന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അപേക്ഷ നിരസിച്ചത്.
പിഎം കെയേഴ്സ് രൂപീകരിച്ച ട്രസ്റ്റ് ഡീഡ്, സർക്കാർ ഉത്തരവുകൾ, വിജ്ഞാപനങ്ങൾ എന്നിവയുടെ പകർപ്പുകളാണ് വിവരാവകാശ അപേക്ഷയിലൂടെ ആവശ്യപ്പെട്ടത്. വിവരാവകാശ നിയമത്തിന്റെ രണ്ട് (എച്ച്) വകുപ്പ് പ്രകാരം പബ്ലിക് അതോറിറ്റിക്ക് വ്യക്തമായ നിർവചനം നൽകിയിട്ടുണ്ട്. ഭരണഘടനയെ അടിസ്ഥാനമാക്കി, പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്നത്, സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്നത്, സർക്കാരുകളുടെ പ്രത്യേക വിജ്ഞാപനം അനുസരിച്ച് രൂപീകരിക്കുന്നത്- എല്ലാം തന്നെ പബ്ലിക് അതോറിറ്റിയുടെ വിവരാവകാശ നിയമത്തിന്റെ രണ്ട് (എച്ച്) വകുപ്പ് പറയുന്നത്.
സർക്കാരുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളും പബ്ലിക് അതോറിറ്റിയുടെ പരിധിയിൽ വരുന്നു. ഈ സാഹചര്യത്തിൽ വിവരാവകാശ അപേക്ഷ നിരസിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം ചട്ട വിരുദ്ധമെന്നാണ് നിയമ വിദഗ്ധർ വിലയിരുത്തുന്നത്. സംവിധാനത്തിന്റെ പേര് ( പിഎം കെയേഴ്സ്- പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റ്യുവേഷൻസ് ഫണ്ട്), ട്രസ്റ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട രേഖകളും ചട്ടങ്ങളും, നിയന്ത്രണം, പദ്ധതിക്കായുള്ള ഔദ്യോഗിക മുദ്ര തുടങ്ങിയ കാര്യങ്ങളിൽ നിന്നും പിഎം കെയേഴ്സ് സംവിധാനം പബ്ലിക് അതോറിറ്റിയെന്നാണ് വ്യക്തമാകുന്നത്.
ഇപ്പോഴത്തെ വിവരാവകാശ അപേക്ഷ നിരസിച്ചതിലൂടെ സർക്കാരിന് പിഎം കെയേഴ്സ് സംബന്ധിച്ച വസ്തുതകൾ മറച്ചുവയ്ക്കാനുണ്ടെന്നാണ് വ്യക്തമാകുന്നത്. നാല് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെട്ട ട്രസ്റ്റ് പബ്ലിക് അതോറിറ്റി അല്ലെന്നാണ് വാദം. പിഎം കെയേഴ്സ് സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷകൾ നേരത്തെയും പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചിരുന്നു. ഒരു കൂട്ടം ചോദ്യങ്ങൾക്ക് ഒരുമിച്ച് മറുപടി നൽകാൻ കഴിയില്ലെന്നും ഇതിനായി പ്രത്യേക ഫീസ് ഒടുക്കണമെന്നും സൂചിപ്പിച്ചാണ് വിവരാവകാശ പ്രവർത്തകനായ വിക്രാന്ത് തോംഗാഡ് നൽകിയ അപേക്ഷ തള്ളിയത്.
12 ഇനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിക്രാന്ത് ആവശ്യപ്പെട്ടത്. മാർച്ച് 28നാണ് കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിനെ അവഗണിച്ച് പിഎം കെയേഴ്സ് രൂപീകരിച്ചത്. പ്രധാനമന്ത്രി എക്സ് ഒഫിഷ്യോ ചെയർമാനും ആഭ്യന്തരം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പ് മന്ത്രിമാർ അംഗങ്ങളുമായാണ് പിഎം കെയേഴ്സ് രൂപീകരിച്ചത്. സിഎജി ഓഡിറ്റ് ഒഴിവാക്കുന്നതിനായി ട്രസ്റ്റായാണ് പുതിയ സംവിധാനം തയ്യാറാക്കിയത്. പിഎം കെയേഴ്സിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ട് പൊതുതാൽപ്പര്യ ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു. പിഎം കെയേഴ്സിൽ ലഭിച്ചപണം, അത് വിനിയോഗിച്ച വിധം എന്നിവ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് സിപിഐ ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
English summary: RTI requests cannot be answered
You may also like this video: