Web Desk

തിരുവനന്തപുരം

May 01, 2021, 10:14 pm

ആർടിപിസിആർ ടെസ്റ്റിന് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ലാബുകൾക്കെതിരെ നടപടി; ഉത്തരവ് പുറത്തിറക്കി

Janayugom Online

ആർടിപിസിആർ ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച ഫീസിൽ കൂടുതൽ വാങ്ങുകയോ ടെസ്റ്റ് ചെയ്യാൻ തയ്യാറാകാതിരിക്കുകയോ ചെയ്യുന്ന സ്വകാര്യ ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. ദുരന്തനിവാരണ ആക്ട് 2005, കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് 2020, മറ്റ് അനുബന്ധ നിയമങ്ങൾ എന്നിവ പ്രകാരമാണ് നടപടിയെടുക്കുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പോലീസ്, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങൾ കർശന നടപടി സ്വീകരിക്കാനാണ് ഉത്തരവിൽ നിർദ്ദേശിക്കുന്നത്. ആർടിപിസി ആർ ടെസ്റ്റിന് സംസ്ഥാനം 500 രൂപയാണ് പുതുക്കി നിശ്ചയിച്ചത്.

സ്വകാര്യ ലാബുകൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ തന്നെ ടെസ്റ്റ് നടത്തണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ആർടിപിസിആർ ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട് ഒരു കാരണവശാലും എടുക്കാൻ പാടില്ല. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ അത്തരമൊരു നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാമാരി ഘട്ടത്തിൽ ആവശ്യമായ സജ്ജീകരണങ്ങൾ പൂർണ തോതിൽ ലഭ്യമാക്കേണ്ടതുണ്ട്. ലാബുകളും സമൂഹത്തിന്റെ പൊതു ആവശ്യമാണ്. എന്നാൽ ഈ ഘട്ടത്തിൽ തങ്ങളുടെ ഇഷ്ടം പോലെ തീരുമാനിക്കാമെന്ന് ആരും ധരിക്കരുത്. സഹകരിക്കുകയാണ് ആദ്യം വേണ്ടത്. നിസഹകരണം തുടർന്നാൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂരിപക്ഷം സ്ഥാപനങ്ങളും പുതുക്കിയ നിരക്കിനോട് പൂർണമായും സഹകരിക്കുന്നുണ്ട്. അല്ലാത്തവരും സഹകരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ആർടിപിസി ആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂ നാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നുവെന്ന വാർത്തയും വന്നിരുന്നു. ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇതെന്ന് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിപണി നിരക്കിനെ അടിസ്ഥാനമാക്കി ടെസ്റ്റിനാവശ്യമായ സംവിധാനങ്ങൾക്ക് വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താൻ ആവശ്യമായ മനുഷ്യവിഭവം കൂടി കണക്കിലെടുത്താണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇക്കാര്യം സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ അതു ചർച്ച ചെയ്യാവുന്നതാണ്. ടെസ്റ്റ് നടത്തുന്നതിൽ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും സർക്കാരിന് അംഗീകരിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Eng­lish sum­ma­ry: RTPCR test­ing in  pri­vate labs followup

You may also like this video: