റബർ ബോർഡ് ആസ്ഥാനം കോട്ടയത്ത് നിലനിർത്തണം

Web Desk
Posted on December 05, 2019, 10:14 pm

കേരളത്തിന്റെയും അതുവഴി ഇന്ത്യയുടെയും കാർഷിക വരുമാനത്തിൽ ഗണ്യമായ സംഭാവ നല്‍കിവരുന്ന തോട്ടവിളകളിലൊന്നാണ് റബർ. 2001-02 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഉല്പാദിപ്പിക്കുന്നതിൽ 91 ശതമാനവും കേരളത്തിലായിരുന്നു. ബാക്കിവരുന്ന പത്തുശതമാനം പത്തോളം സംസ്ഥാനങ്ങളിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് റബർ കൃഷിയെയും റബറധിഷ്ഠിത വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി സ്ഥാപിതമായ റബർ ബോർഡിന്റെ ആസ്ഥാനം കേരളത്തിൽ ആയിരിക്കണമെന്ന് തീരുമാനിക്കപ്പെട്ടത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഗണ്യമായ വിലയിടിവിനെ തുടർന്ന് കേരളത്തിൽ റബർ കൃഷിയിലും ഉല്പാദനത്തിലും വൻതോതിൽ കുറവുണ്ടായിട്ടുണ്ട്. എങ്കിലും മൊത്തം ഉൽപാദനത്തിന്റെ 61 ശതമാനവുമായി കേരളം തന്നെയാണ് ഇപ്പോഴും മുന്നിലുള്ളത്. 91 ശതമാനത്തോളം ഉല്പാദനമുണ്ടായിരുന്ന ഘട്ടത്തിൽ 5.45 ലക്ഷം ഹെക്ടർ സ്ഥലത്തു കൃഷിയുണ്ടായിരുന്നുവെന്നാണ് കണക്കാക്കിയിരുന്നത്.

രണ്ടാം സ്ഥാനത്ത് നേരത്തേ തമിഴ്‌നാടായിരുന്നുവെങ്കിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമായതോടെ ആ സ്ഥാനം ത്രിപുരയ്ക്കായി. എന്നാൽ അവിടെയുള്ള കൃഷിഭൂമിയുടെ വിസ്തൃതി 63,000 ഹെക്ടർ മാത്രമാണ്. കർണ്ണാടക മൂന്ന്, അസം നാല്, തമിഴ്‌നാട് അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്നു. വടക്കുകിഴക്കൻ മേഖലയിൽ റബർ കൃഷിയുള്ള സംസ്ഥാനങ്ങളെല്ലാം ചേർന്നാലും റബർ കൃഷിഭൂമിയുടെ വിസ്തൃതി ഒരു ലക്ഷത്തോളം ഹെക്ടർ മാത്രമേ വരികയുള്ളൂ. അതുകൊണ്ടുതന്നെ കേരളത്തിൽ റബർ കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയും ഉല്പാദനത്തിന്റെ തോതും കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും റബർ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുതന്നെ തുടരുന്നുണ്ട്. എന്നാൽ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന റബർ ബോർഡിന്റെ ആസ്ഥാനം അസമിലേയ്ക്ക് മാറ്റുന്നതിന് നീക്കം നടത്തുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി പകുതിയോളം ജീവനക്കാരെ ഒഴിവാക്കിയാകും ആസ്ഥാനമാറ്റമുണ്ടാവുകയെന്നാണ് വാർത്തകൾ. കോട്ടയത്ത് ഗവേഷണകേന്ദ്രം മാത്രം ശേഷിക്കും.

റബർ ബോർഡിലെ 1649 തസ്തികയിൽ 744 എണ്ണം മൂന്നുവർഷത്തിനുള്ളിൽ നിർത്തലാക്കാനുള്ള ഉത്തരവ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി എം എസ് ബാനർജി റബ­ർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ഇതിനോടകം കൈമാറിക്കഴിഞ്ഞു. റബർകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപകമാക്കുന്നതിനും നിരവധി പദ്ധതികളാണ് റബർ ബോർഡ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്. 30 ഇന സഹായപദ്ധതികൾ ആവിഷ്കരിച്ചാണ് റബർ ബോർഡിന്റെ ആസ്ഥാനം കോട്ടയത്ത് പ്രവർത്തനം തുടങ്ങിയത്. കേരളത്തിൽ റബർകൃഷിക്ക് ഹെക്ടർ ഒന്നിന് 25000 രൂപയും കേരളത്തിന് വെളിയിലാണെങ്കിൽ മുപ്പതിനായിരം രൂപയും സബ്സിഡിയായി ബോർഡ് നൽകിയിരുന്നു. റബർ റോളർ വാങ്ങുന്നതിനുളള സഹായം, പുകപ്പുര നിർമ്മിക്കുന്നതിനുളള സഹായം, സബ്സിഡി നിരക്കിലുളള റബർത്തൈ വിതരണം എന്നിവയും നൽകിവന്നിരുന്നു. അഞ്ചു വർഷം മുമ്പ് മുഴുവൻ കർഷക സഹായ പദ്ധതികളും നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സബ്സിഡികൾ പൂർണമായും നിർത്തലാക്കി. റബർ ബോർഡിന്റെ പ്രവർത്തനം കർഷകർക്ക് വേണ്ടിയല്ലാതെയുമായി.

കേന്ദ്രത്തിൽ അധികാരത്തിലിരുന്ന വിവിധ സർക്കാരുകൾ നടപ്പിലാക്കിയ നയങ്ങളുടെ ഫലമായി ഇറക്കുമതി വ്യാപകമായതാണ് കേരളത്തിൽ റബർ കൃഷി നഷ്ടത്തിലാകുന്നതിനും ഉല്പാദനം കുറയുന്നതിനും കാരണമായത്. അതിൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ പങ്കുണ്ട്. എങ്കിലും ഇപ്പോഴും ഒന്നാംസ്ഥാനത്തു തുടരുന്ന കേരളത്തിൽ നിന്ന് ആസ്ഥാനം മാറ്റുന്നതിനുള്ള നീക്കം പ്രതിഷേധാർഹമാണ്. ലക്ഷക്കണക്കിന് പേർ ആശ്രയിക്കുന്ന കൃഷിയാണ് ഇപ്പോഴും റബർ. അവർ ആനുകൂല്യങ്ങൾക്കും മറ്റ് പ്രോത്സാഹന പദ്ധതികൾക്കും ആശ്രയിക്കാൻ പോലും പറ്റാത്തവിധത്തിൽ ദൂരേയ്ക്ക് കൊണ്ടുപോകുന്നത് എന്തിനാണെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.

കേരളവും തമിഴ്‌നാടും കർണ്ണാടകയും ഗോവയും പോലുള്ള സംസ്ഥാനങ്ങളിലാണ് ഉല്പാദനത്തിന്റെ മഹാഭൂരിപക്ഷവും നടക്കുന്നത് എന്നിരിക്കേ ഇത്തരമൊരു ആസ്ഥാന മാറ്റനീക്കം ദുരൂഹമാണ്. പൊതുവേ പൗരത്വ ബില്ലിന്റെയും മറ്റും പേരിൽ കേന്ദ്രസർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കമാണോയിതെന്നും സംശയിക്കാവുന്നതാണ്. മാത്രവുമല്ല കേരളത്തോട് എല്ലാ കാര്യത്തിലും കേന്ദ്രസർക്കാർ കാട്ടുന്ന അവഗണനയുടെയും പ്രതികാരമനോഭാവത്തിന്റെയും തെളിവായും ഇതിനെ മനസിലാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ തികച്ചും സംസ്ഥാന ദ്രോഹപരമായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ വളർന്നുവരേണ്ടതാണ്.