November 30, 2023 Thursday

റബര്‍ വില കുത്തനെ ഇടിഞ്ഞു

പ്രത്യേക ലേഖകന്‍
കോട്ടയം
September 3, 2022 10:48 pm

റബ്ബർഷീറ്റ് കഴിഞ്ഞ ആറുമാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയില്‍. ആർഎസ് എസ് ‑4ന് കോട്ടയത്തെ വ്യാപാരവില 150 രൂപയാണെങ്കിലും കര്‍ഷകര്‍ക്കു കിട്ടുന്നത് 144 രൂപയാണ്. ഷീറ്റുവിലയ്ക്കൊപ്പം ലാറ്റക്സ് വിലയും ഇടിഞ്ഞു. 60 ഡി ആർ സി നിലവാരത്തിലുള്ള ലാറ്റക്സിന് 100 രൂപയില്‍ താഴെയാണ് വില. രണ്ടുമാസം മുമ്പ് റബ്ബർ ഷീറ്റിന് കിലോയ്ക്ക് 175 ഉണ്ടായിരുന്നു. പാലിന് 170 രൂപയും.
ലാറ്റക്സ് എടുത്തിരുന്ന വ്യാപാരികളുടെ ഗോഡൗണിൽ ചരക്ക് കെട്ടിക്കിടക്കുകയാണ്. കര്‍ഷകര്‍ ടാപ്പിങ് അവസാനിപ്പിക്കുകയാണ്. തുടർച്ചയായ മഴമൂലം സ്വാഭാവിക റബര്‍ ഉല്പാദനത്തില്‍ കുറവ് നേരിടുന്ന സമയത്ത് വില സ്വാഭാവികമായും വര്‍ധിക്കണം. എന്നാല്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ചരക്കെടുക്കാതെ ടയർകമ്പനികള്‍ വിട്ടുനിൽക്കുകയാണ്. റബ്ബർബോർഡ് വില 155 രൂപയാണ്. കാലങ്ങളായി റബ്ബര്‍ബോര്‍ഡ് വില കര്‍ഷകര്‍ക്കു ലഭിക്കാറുമില്ല. എത്ര മികവോടെ തയ്യാറാക്കിയ ഷീറ്റിനും ഈ വില കിട്ടാറുമില്ല.
കോവിഡിനെ തുടര്‍ന്നുണ്ടായ കൈയുറയുടെയും മറ്റും ആവശ്യം കുറഞ്ഞതും ലാറ്റക്സ് വിപണിയെ ബാധിച്ചു. കോവിഡ് കാലത്ത് ഇങ്ങനെ സജീവമായ ആഭ്യന്തര വിപണി ലാറ്റക്സിന് മികച്ച വില ഉറപ്പാക്കിയിരുന്നു. ലാറ്റക്സ് വ്യാപാരികൾ കയറ്റുമതി ഓർഡറുകൾ വലിയ തോതില്‍ ഒഴിവാക്കുകയും ചെയ്തു.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഉല്പാദനം കൂടിയതും ഇന്ത്യക്ക് വിനയായി. ഇത് രാ‍ജ്യാന്തര വിലയെ ബാധിച്ചു. ഇന്ത്യൻ വിപണിയിലും ആഫ്രിക്കൻ റബ്ബറിന്റെ വരവ് ശക്തമാണ്. പോയമാസം 53,000 ടൺ റബ്ബർ ആകെ ഇറക്കുമതി ചെയ്തപ്പോൾ 25 ശതമാനം ആഫ്രിക്കയിൽനിന്നുള്ളതായിരുന്നു. ജൂലൈയിൽ ഇറക്കുമതി 40, 000 ടണ്‍ രേഖപ്പെടുത്തിയപ്പോള്‍ കാൽഭാഗവും ആഫ്രിക്കയിൽനിന്നായിരുന്നു.
റബ്ബർ മേഖലയെ പൂർണമായും അവഗണിച്ച കേന്ദ്രസർക്കാർ റബ്ബർ ആവര്‍ത്തന കൃഷിക്കുള്ള സബ്സിഡി അവസാനിപ്പിച്ചിരുന്നു. വില ഇനിയും താഴെ പോയാൽ സബ്സിഡി നൽകാനുള്ള നടപടി കേരള സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Eng­lish Sum­ma­ry: Rub­ber prices fell sharply

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.