20 April 2024, Saturday

ഉല്പാദനം കുറഞ്ഞിട്ടും റബ്ബർ വിലയിൽ മാറ്റമില്ല; നിരാശയോടെ കര്‍ഷകര്‍ വീണ്ടും ടാപ്പിങ്ങിലേക്ക്

എവിൻ പോൾ
തൊടുപുഴ
May 5, 2022 10:15 pm

റബ്ബർ ഉല്പാദനം ഗണ്യമായി കുറഞ്ഞിട്ടും വിപണിയിൽ വില ഉയരാത്തത് കർഷകരെ നിരാശരാക്കുന്നു. ആർഎസ്എസ്4ന് കിലോയ്ക്ക് 172 രൂപയാണ് വില. ലോട്ടിന് 155–158 രൂപ വരെയും ആർഎസ്എസ് 5ന് 164 മുതൽ 170 രൂപ വരെയുമാണ് വില. ഒട്ടുപാലിന് 121 രൂപ വിലയുണ്ട്. കോട്ടയത്ത് ആർഎസ്എസ് 4ന് ഇന്നലെ 164.50 രൂപയാണ് വില. ആർഎസ്എസ് അഞ്ചിന് 161 രൂപയും ഒട്ടുപാലിന് 109 രൂപയുമാണ് ലഭിക്കുന്നത്.

റബ്ബർ കർഷകർ ടാപ്പിങ് നിർത്തിയിരുന്നതിനാൽ ഉല്പാദനം കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിപണി വില ഉയരുമെന്ന കണക്കുകൂട്ടലിലായിരുന്നു കർഷകരും മൊത്ത വ്യാപാരികളും. ഈ ധാരണയിൽ കർഷകരും മൊത്ത വ്യാപാരികളും ധാരാളമായി റബ്ബർ സംഭരിച്ച് വയ്ക്കുകയും ചെയ്തു.

എന്നാൽ റബ്ബർ ഇറക്കുമതി മുൻ മാസത്തേതിനേക്കാൾ 30 ശതമാനം ഉയർന്നത് വിപണി വിലയിൽ ഇടിവുണ്ടാക്കിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇപ്പോഴത്തെ വില മാറ്റമില്ലാതെ തുടരുമെന്ന വിലയിരുത്തലിലാണ് റബ്ബർ ബോർഡ് അധികൃതർ. 200 രൂപയെങ്കിലും വില ലഭിച്ചാലേ നഷ്ടമില്ലാതെ മുന്നോട്ട് പോകാനാകൂവെന്ന് കർഷകരും പറയുന്നു.

റബ്ബർ വിലയിൽ കാര്യമായ മാറ്റമില്ലെങ്കിലും വെട്ട് നിർത്തിയിരുന്ന മിക്ക തോട്ടങ്ങളിലും ടാപ്പിങ് ജോലികൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ഷെയ്ഡ്, പ്ലാസ്റ്റിക്ക്, പശ, പീലി, വളയം, ചിരട്ട എന്നിവയുടെ വില കേട്ട് ഞെട്ടലിലാണ് കർഷകർ. പശയ്ക്ക്(ടാർ) അഞ്ച് ലിറ്ററിന് 380 രൂപ മുതൽ ആണ് വില. ഏഴു ലിറ്ററിന് 515 രൂപയാണ് വില.

പശയുടെ ക്വാളിറ്റി അനുസരിച്ച് വിലയിൽ 100 മുതൽ 200 രൂപയുടെ വരെ വ്യത്യാസമുണ്ട്. പ്ലാസ്റ്റിക്കിന് കിലോയ്ക്ക് 170 രൂപ മുതൽ 180 രൂപ വരെയാണ് വില. ഷെയ്ഡിന് 15 ഇഞ്ച് മുതൽ 24 ഇഞ്ച് വരെ 18 രൂപയും 24 ഇഞ്ച് മുതൽ 40 ഇഞ്ച് വരെ 25 രൂപ വരെയും വില ഉയർത്തി. പീലിയ്ക്ക് ഒരു കെട്ടി(25 എണ്ണം)ന് 50 രൂപ വരെ വില ഉയർന്നു.

ചിരട്ടയ്ക്ക് 600 മില്ലി ലിറ്ററിന് 2.40 രൂപയും 900 മില്ലി ലിറ്ററിന് 3.20 രൂപയുമാണ് വില. വളയത്തിന് കിലോയ്ക്ക് 130 രൂപ വരെയും വില ഉയർത്തിയതോടെ റബ്ബർ കർഷകർക്ക് ഇരുട്ടടിയായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ചതാണ് ഇവയുടെ വിലക്കയറ്റത്തിന് ഇടയാക്കിയതെന്ന് റബ്ബർ ബോർഡ് അധികൃതർ പറഞ്ഞു. ഇത്തരം ഉല്പന്നങ്ങൾ കർഷകരിലേക്ക് വില കുറച്ച് എത്തിക്കാനുള്ള നീക്കത്തിലാണ് റബ്ബർ ബോർഡ്.

വീണ്ടും മഴയെത്തിയതോടെ മരം തെളിച്ച് മാർക്ക് ചെയ്ത് പ്ലാസ്റ്റിക്കും ഷെയ്ഡും ഇടുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു. റബ്ബർ ടാപ്പിങ് പുനരാരംഭിച്ചാലും ടാപ്പിങ് തൊഴിലാളികൾക്ക് ഒരു മരത്തിന് രണ്ട് രൂപ മുതൽ 2.50 രൂപ വരെ കൂലിയും കൊടുക്കുമ്പോൾ റബ്ബർ കർഷകന് കടുത്ത സാമ്പത്തിക നഷ്ടമാണ് ഫലം.

Eng­lish summary;Rubber prices remain unchanged despite declin­ing production

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.