റബർബോർഡ് ആസ്ഥാനം അസമിലേക്ക് മാറ്റാൻ നീക്കം

പ്രത്യേക ലേഖകൻ
Posted on December 05, 2019, 4:06 pm

*പ്രവർത്തനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിക്കും

കോട്ടയം: റബർ ബോർഡിന്റെ പ്രവർത്തനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി പകുതിയോളം ജീവനക്കാരെ ഒഴിവാക്കും. ജീവനക്കാരുടെ എണ്ണം പകുതിയാകുന്നതോടെ അസമിലേക്കു റബർബോർഡ് ആസ്ഥാനം മാറ്റും. നിലവിൽ കോട്ടയം കേന്ദ്രീകരിച്ചുള്ള റബർബോർഡ് ആസ്ഥാനത്ത് ഗവേഷണകേന്ദ്രം മാത്രം ശേഷിക്കും. റബർ ബോർഡിലെ 1649 തസ്തികയിൽ 744 എണ്ണം മൂന്നുവർഷത്തിനുള്ളിൽ നിർത്തലാക്കാനുള്ള ഉത്തരവ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി എം എസ് ബാനർജി റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ഇതിനോടകം കൈമാറി. വിരമിക്കുന്ന തസ്തികകളിലേക്കു പുതിയ നിയമനം പാടില്ലെന്നും സ്ഥാനക്കയറ്റത്തിനു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള ഏഴ് ഡിപ്പാർട്ട്മെന്റുകളും ആറു സ്വതന്ത്രഡിവിഷനുകളും അഞ്ചാക്കാനും നിർദേശമുണ്ട്. കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളും റബറിന്റെ വില സംബന്ധിച്ചുളള വിഷയങ്ങളും ഉൾപ്പെടുന്ന അഗ്രിക്കൾച്ചർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഡിവിഷനുകൾ ഒഴിവാക്കി. റബർബോർഡിൽ 120 ശാസ്ത്രജ്ഞൻമാരുണ്ടായിരുന്നത് വെട്ടിക്കുറച്ച് നേർപകുതിയാക്കിയിരുന്നു. ജനറൽ സർവീസ്, എക്സ്റ്റൻഷൻ ആൻഡ് അഡൈ്വസറി സർവീസ്, റിസർച്ച് സർവീസ്, ട്രെയിനിങ്, ഫിനാൻസ് എന്നിവയാണ് നിലവിൽ ശേഷിക്കുന്ന അഞ്ചു ഡിപ്പാർട്ട്മെന്റുകൾ.
കർഷകർക്കായി 30 ഇന സഹായപദ്ധതികൾ ആവിഷ്കരിച്ചാണ് റബർ ബോർഡിന്റെ ആസ്ഥാനം കോട്ടയത്ത് പ്രവർത്തനം തുടങ്ങിയത്. കേരളത്തിൽ റബർകൃഷിക്ക് ഹെക്ടർ ഒന്നിന് 25000 രൂപയും കേരളത്തിന് വെളിയിലാണെങ്കിൽ മുപ്പതിനായിരം രൂപയും സബ്സിഡിയായി ബോർഡ് നൽകിയിരുന്നു. റബർ റോളർ വാങ്ങുന്നതിനുളള സഹായം, പുകപ്പുര നിർമിക്കുന്നതിനുളള സഹായം, സബ്സിഡി നിരക്കിലുളള റബർത്തൈ വിതരണം എന്നിവയും നൽകിവന്നിരുന്നു.
അഞ്ചു വർഷം മുമ്പ് മുഴുവൻ കർഷക സഹായ പദ്ധതികളും നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സബ്സിഡികൾ പൂർണമായും നിർത്തലാക്കി. റബർ ബോർഡിന്റെ പ്രവർത്തനം കർഷകർക്ക് വേണ്ടിയല്ലാതെയുമായി.
റബർ കൃഷിവ്യാപനത്തിനും വിലസ്ഥിരതയ്ക്കും 1947ൽ കേന്ദ്രനിയമപ്രകാരമാണ് റബർബോർഡിന്റെ പ്രവർത്തനം കോട്ടയം വടവാതൂർ കേന്ദ്രീകരിച്ച് തുടങ്ങിയത്. പത്തുവർഷം മുമ്പ് 275 രൂപയിൽ എത്തിയ റബറിന് വില ഇപ്പോൾ 120 രൂപയിൽതാഴെ മാത്രമാണ്. സംസ്ഥാനത്ത് കർഷകർ റബർ വെട്ടിമാറ്റി മറ്റുകൃഷികളിലേക്കു തിരിഞ്ഞു. വലിയ തോട്ടങ്ങളിലുൾപ്പെടെ ശേഷിക്കുന്നയിടങ്ങളിൽ ടാപ്പിംഗ് നടക്കുന്നുമില്ല. കാലാവസ്ഥാ വ്യതിയാനവും കർഷകർക്ക് തിരിച്ചടിയായി.