ഇഷ്ടരുചികൾ നാവിന്നു മാത്രമോ
ഭേദങ്ങളില്ല കണ്ണിനും കാതിനും
തന്നോടുചേർക്കുവാൻ കൊതിക്കും
മധുവാണിയും കരാംഗുലീസ്പർശവും
മധുപൻ മൂളും രാച്ചിന്തുകളും
പ്രണയിനിക്കെന്നും ഉന്മാദമല്ലോ
കയ്പിൻ പാനപാത്രം കുടിച്ചിട്ടു
മുറിവാഴത്തിൽ സ്വച്ഛനിദ്രതൻ
നെറുകയിൽ അടർത്തിയെടു-
ത്തൊരു ദുഃസ്വപ്നം കണക്കേ
മേവും മുള്ളുകൾ പതിച്ച വീഥികൾ
കാലം കരിമഷി പടർത്തി
പിഞ്ചുകുഞ്ഞിൻ ദേഹവും
മോഹം തീർത്തിടാൻ പങ്കുവയ്ക്കുന്നു
വാർധക്യം നരവീണ വഴികളിലും
ഒളികണ്ണിടുന്നു കാമ മോഹിതർ
പെണ്ണൊരു കളിപ്പാവയായ്
കൈകളിലമ്മാനമാടിത്തീർക്കും
ചൊല്ലേറും നായകന്മാർ വാണിടം
ക്രൂരവിനോദങ്ങളിങ്ങനെയേറിടും
സ്വപ്നങ്ങളെല്ലാം പുഴുക്കുത്തുകളേറ്റു
കുഴഞ്ഞുവീണുപോയി ഇനിയെന്ന്
ഉയർത്തെണീക്കും അവളുടെ ശബ്ദം
പ്രതിധ്വനിക്കുമിരുൾ പതിഞ്ഞ വഴിയിൽ
മാനാഭിമാനിയായ് വാഴാൻ, കുഴിച്ചുമൂടിയ
മാനം തിരിച്ചെടുക്കാൻ ഇനിയെത്രനാൾ
കാത്തിരിക്കേണമവൾ?
നൂറ്റാണ്ടുകൾ പിന്നിട്ട ഇതിഹാസവഴികളിലും
അവളുടെ തല താഴ്ന്നിരുന്നു
പോരാട്ടവീര്യം തെളിയിക്കാനവളൊന്നിച്ചുയരട്ടെ
കെട്ടകാലത്തിൻ വാൾത്തലപ്പിൻ മുനയൊടിക്കട്ടെ
ആവർത്തന പീഡകൾ കേൾക്കുമാറുച്ചത്തിൽ
അവളുടെ മാനം തിളയ്ക്കട്ടെ! നീറിപ്പടരട്ടെയതിൻ
പരിരംഭണങ്ങൾ നാടുനീളേ കുന്തമുന പോൽ
നാടിനു ശാപമായ്ത്തീരുമവന്റെ രുചിഭേദങ്ങൾ-
ക്കറുതി വന്നീടണം! അന്യം നിൽക്കുമവളൊരു
സ്നേഹഭാജനമായിടണം പൂവിതൾ നോവിക്കാതെ
തന്നോടുചേർത്തിടാനവൻ പഠിച്ചീടണം
പൊയ്മുഖങ്ങൾ കാട്ടിക്കൊതിപ്പിച്ചിടാതെ
ചതിയുടെ വെഞ്ചാമരങ്ങൾ വീശിടാതെ
പ്രണയമിഴി തുറന്നു നറുമലർഗന്ധമായ്
കാത്തുപോരണമവളെ വിശുദ്ധിയോടെന്നും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.