22 April 2024, Monday

നിയമവാഴ്ചയും ഭീകരവിരുദ്ധ നടപടികളും

Janayugom Webdesk
September 23, 2022 5:00 am

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സംയുക്തമായി രാജ്യത്ത് നാളിതുവരെ നടത്തിയ ‘ഏറ്റുവും വലിയ നടപടി‘യിലൂടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെയും ഓഫീസുകളിലും നേതാക്കളുടെ വസതികളിലും നടത്തിയ തിരച്ചിലിലൂടെ നൂറിൽപരം പേരെ അറസ്റ്റ് ചെയ്യുകയും അവരെ തുടർ നടപടികൾക്കായി ഡൽഹിലേക്ക് കൊണ്ടുപോകുകയുമാണ്. ഭീകര പ്രവർത്തനത്തിന്റെയും ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടി പണം സമാഹരിച്ചു നല്കിയതിന്റെയും പേരിലാണ് തിരച്ചിലും അറസ്റ്റും എന്നാണ് രാജ്യത്തെ പതിനൊന്നു സംസ്ഥാനങ്ങളിലായി നടന്ന നടപടികൾ വിലയിരുത്തപ്പെടുന്നത്. പിഎഫ്ഐ, എസ്ഡിപിഐ എന്നിവയുടെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങൾക്ക് യാതൊരു പുതുമയും ഇല്ല. അവരുടെ പ്രവർത്തനങ്ങൾ ഒറ്റ രാത്രികൊണ്ട് ആരംഭിച്ചതുമല്ല. എന്നാൽ മോഡി സർക്കാരിന്റെ പെട്ടെന്നുള്ള നടപടി അതിന്റെ ഉദ്ദേശശുദ്ധിയിൽ പല കോണുകളില്‍ നിന്നും സംശയം ഉയരാൻ കാരണമായിട്ടുണ്ട്. മേല്പറഞ്ഞ സംഘടനകളുടെ പ്രവർത്തനത്തെപ്പറ്റി ഉത്തരവാദപ്പെട്ട രാഷ്ട്രീയപാർട്ടികളടക്കം ജനാധിപത്യ വിശ്വാസികൾ ഉന്നയിച്ചുപോന്ന ആശങ്കകൾ നാളിതുവരെ അവഗണിച്ചുപോന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സർക്കാരും പെട്ടെന്ന് നടപടിക്ക് മുതിർന്നതിന്റെ പിന്നിൽ അവരുടെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യമാണ് ഉള്ളതെന്ന സംശയം അസ്ഥാനത്തല്ല. ഓരോ തെരഞ്ഞെടുപ്പിനും മുന്നോടിയായി ന്യൂനപക്ഷ മതത്തിന് എതിരായ ആഖ്യാനം സൃഷ്ടിച്ചെടുക്കുക എന്നത് രാജ്യത്തിന് പരിചിതമായ ബിജെപി തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതെന്ത്?


മതപരവും വിശ്വാസപരവുമായ വിവിധ വിഷയങ്ങൾ ഉയർത്തി മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചും തെരഞ്ഞെടുപ്പിൽ നിർണായകമായേക്കാവുന്ന മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനും അവർക്കിടയിൽത്തന്നെ ഭിന്നിപ്പ് സൃഷ്ടിക്കാനും ബിജെപിയും മോഡിസർക്കാരും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തിവരുന്നത്. മുസ്‌ലിം പെൺകുട്ടികൾ വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെതിരായ കർണാടക സർക്കാരിന്റെ നിരോധനം, മുസ്‌ലിങ്ങളടക്കം മാംസഭുക്കുകളുടെ ആഹാര രീതിക്കും സംസ്കാരത്തിനും എതി രായ കടന്നാക്രമണം, വഖഫ് ഭൂമിയുടെ ദുരുപയോഗവും കയ്യേറ്റവും സംബന്ധിച്ച് സംഘ്പരിവാർ വൃത്തങ്ങൾ ഉയർത്തികൊണ്ടുവരുന്ന വിവാദങ്ങൾ, പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായി ഡൽഹിയിലും യുപിയിലും നടന്ന സമരങ്ങൾക്കു പിന്നിലുള്ളതായി ആരോപിക്കപ്പെടുന്ന തീവ്രവാദ ഗൂഢാലോചനയും ഫണ്ടുകളുടെ ഉറവിടവും, മദ്രസകളുടെ നിയമസാധുതയും ഭീകരബന്ധവും ഉൾപ്പെട്ട പ്രചാരണങ്ങളും ബിജെപി സർക്കാരുകളുടെ നടപടികളും, മുത്തലാഖ്, വ്യക്തിനിയമം തുടങ്ങിയ വിഷയങ്ങളിൽ ഒരു ജനവിഭാഗത്തെ ഒട്ടാകെ ദേശവിരുദ്ധ ശത്രുക്കളായി മുദ്രകുത്താനുള്ള ശ്രമം എന്നിവയുടെ പശ്ചാത്തലത്തിൽ വേണം ഇപ്പോഴത്തെ സംഭവവികാസങ്ങൾ വിലയിരുത്തപ്പെടാൻ. ന്യൂനപക്ഷ മത തീവ്രവാദത്തെയോ ഭീകരപ്രവർത്തനങ്ങളെയോ ഭൂരിപക്ഷ വർഗീയതക്കെതിരായ മറുമരുന്നായി ഇടതുപക്ഷ ജനാധിപത്യ ശക്തികൾ കാണുന്നില്ല.


ഇതുകൂടി വായിക്കൂ: നാനാത്വത്തിനും ഏകത്വത്തിനും വേണ്ടി പോരാട്ടം ശക്തം


ന്യുനപക്ഷവർഗീയത ഭൂരിപക്ഷവർഗീയതക്ക് പകരമായി അധികാരം കയ്യടക്കണമെന്ന വ്യാമോഹത്തെയും അംഗീകരിക്കാനാവില്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള മൗലികവാദ രാഷ്ട്രീയപ്രചാരണം, ആയുധ പരിശീലനം, അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയപാർട്ടിയും പ്രക്ഷോഭവും സംഘടിപ്പിക്കൽ എന്നിവയെ മതനിരപേക്ഷ ശക്തികൾ ഒരിക്കലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. എന്നാൽ, മതനിരപേക്ഷ രാഷ്ട്രത്തിൽ ആ തത്വാധിഷ്ഠിത നിലപാടുകൾ ഭരണകൂടത്തിനും ബാധകമാണ്.
മതത്തിന്റെ പേരിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും അതിനുവേണ്ടിയുള്ള നിയമവിരുദ്ധ ഫണ്ടിങ്ങുമാണ് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. യുഎപിഎ അടക്കം പരിഷ്കൃത സമൂഹങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത നിയമങ്ങൾ ഉപയോഗിച്ചാണ് അറസ്റ്റുകൾ. പ്രസ്തുത നിയമത്തിന്റെ ഇരയാക്കി ഭരണകൂടം കൊലചെയ്ത സ്റ്റാൻ സ്വാമിയുടെയും എൽഗാർപരിഷദ് കേസിൽ കുറ്റംചുമത്തപ്പെട്ടവരടക്കം ജയിലുകളിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു നരകയാതന അനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകളുടെയും അനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്. ഒരാൾ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടു ശിക്ഷാവിധേയനാവുന്നതു നിയമവാഴ്ചയെ മാനിക്കുന്ന ആരും അംഗീകരിക്കും. അല്ലാതെയുള്ള കാരാഗൃഹവാസവും പീഡനവും നിയമവിരുദ്ധവും മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണ്. അത് ഒരു പരിഷ്കൃത ജനസമൂഹത്തിന് ഭൂഷണമല്ല. നിയമവാഴ്ച ജനങ്ങൾക്കുമാത്രമല്ല ഭരണകൂടത്തിനും അത് ഉറപ്പുവരുത്തേണ്ട പൊലീസ് അടക്കം ഭരണഘടനാ സ്ഥാപിതമായ സംവിധാനങ്ങൾക്കും ഭരണഘടനയുടെ കാവലാളായ നീതിന്യായ വ്യവസ്ഥയ്ക്കും ഒരുപോലെ ബാധകമാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.