ഭരണാധികാരികള്‍ ജനങ്ങളുടെ കല്പനകള്‍ കേള്‍ക്കണം: രാഷ്ട്രപതി

Web Desk
Posted on August 14, 2019, 9:37 pm

ന്യൂഡല്‍ഹി: വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണകൂടവും എല്ലാ ഇന്ത്യക്കാരും ഒരുപോലെ സ്വപ്‌നം കാണുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യം 73 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണാധികാരികള്‍ ജനങ്ങളുടെ കല്പനകള്‍ കേള്‍ക്കുന്നതിലൂടെയേ അവരുടെ അഭിലാഷങ്ങള്‍ വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയിട്ടുള്ള മാറ്റം ആ പ്രദേശത്തുള്ളവര്‍ക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തെ മറ്റു പൗരന്‍മാര്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും സൗകര്യങ്ങളും നേടാന്‍ പുതിയ മാറ്റത്തിലൂടെ ജമ്മുകശ്മീരിലെ ജനങ്ങളെ പ്രാപ്തരാക്കി. മുത്തലാഖ് പോലെയുള്ള അസമത്വങ്ങളില്‍ നിന്നും കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയുണ്ടാകും.
ഇപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കെത്തിക്കേണ്ടതുണ്ട്. അടുത്തിടെ സമാപിച്ച പാര്‍ലമെന്റ് സമ്മേളനം ദൈര്‍ഘ്യമേറിയതും ഫലപ്രദവുമായിരുന്നു. ഇത് തന്നെ ഏറെ സന്തോഷിപ്പിച്ചു.

വോട്ടര്‍മാരും അവരുടെ പ്രതിനിധികളും പൗരന്മാരും സര്‍ക്കാരും തമ്മിലുള്ള മികച്ച പങ്കാളിത്തം സൃഷ്ടിക്കുന്നതിനാണ് രാഷ്ട്രനിര്‍മ്മാണം. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളും നയ നിര്‍മ്മാതാക്കളും പൗരന്‍മാരുടെ സന്ദേശങ്ങള്‍ പഠിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യണം. ജനങ്ങളുടെ ചിന്തകളോടും ആഗ്രഹങ്ങളോടും പ്രതികരിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. പൊതു തെരഞ്ഞെടുപ്പില്‍ പങ്കാളികളായ വോട്ടര്‍മാരേയും അദ്ദേഹം അഭിനന്ദിച്ചു.