20 September 2024, Friday
KSFE Galaxy Chits Banner 2

ബാങ്കുകൾ നടത്തുന്നത് കൊടിയ പകൽക്കൊള്ള

Janayugom Webdesk
August 7, 2024 5:00 am

രാജ്യത്തെ പതിനൊന്ന് പൊതുമേഖലാ ബാങ്കുകൾ മാത്രം 2019–20 മുതൽ 2023–24 വരെയുള്ള അഞ്ചുവർഷ കാലയളവിൽ അടിസ്ഥാന സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിൽ (ബിഎസ്‌ബിഡിഎ) മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴയായി 8,494.82 കോടി രൂപ ഈടാക്കിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ജൂലൈ അവസാനം രേഖാമൂലം ലോക്‌സഭയെ അറിയിച്ചു. സിപിഐ അംഗങ്ങളായ വി സെൽവരാജ്, കെ സുബ്ബരായൻ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ മാത്രം നടത്തുന്ന പിച്ചച്ചട്ടിയിൽനിന്നുള്ള കയ്യിട്ടുവാരലിന്റെ ക്രൂരത പുറത്തുവന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെ മറ്റെല്ലാ പൊതുമേഖലാ ബാങ്കുകളും ഈ കൊള്ളയിൽ പങ്കാളികളാണെന്നാണ് സർക്കാരിന്റെ മറുപടിയിൽനിന്നും വ്യക്തമാകുന്നത്. എന്നാൽ, ലോക്‌സഭയിൽ സർക്കാർ വച്ച ഈ കണക്കുകൾ ഇന്ത്യയിലെ പൊതു, സ്വകാര്യ ബാങ്കുകൾ ഏറ്റവും സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായ ഇടപാടുകാരുടെമേൽ നടത്തുന്ന പകൽക്കൊള്ളയെന്ന മഞ്ഞുമലയുടെ ശിഖരം മാത്രമേ ആവുന്നുള്ളൂ എന്ന് 2023ൽ അന്നത്തെ ധനകാര്യ സഹമന്ത്രി ഡോ. ഭാഗവത് കാരാഡ് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടി വ്യക്തമാക്കുന്നു. ആക്സിസ്, എച്ച്ഡിഎഫ്‌സി, ഇൻഡസ് ഇൻഡ്, ഐസിഐസിഐ, ഐഡിബിഐ എന്നീ അഞ്ച് പ്രമുഖ സ്വകാര്യ ബാങ്കുകൾ മാത്രം 2018 മുതലുള്ള അഞ്ചുവർഷക്കാലം കൊണ്ട് മിനിമം ബാലൻസ് കുറവിന്റെ പേരിൽ 21,000 കോടി രൂപ പിഴയായി ഈടാക്കി. നിശ്ചിത സൗജന്യ എടിഎം ഇടപാടുകളിൽ കൂടുതൽ ചെയ്തതിന്റെ പേരിൽ ഈടാക്കിയ 8,000 കോടിയും എസ്എംഎസ് സേവനത്തിന്റെ പേരിൽ കവർന്നെടുത്ത 6,000 കോടിയും കൂട്ടിച്ചേർത്താൽ അവരുടെ മൊത്തം കൊള്ള 35,000 കോടി രൂപ വരും.


ഇതുകൂടി വായിക്കൂ: പട്ടിണി ദുരന്തം


ഇടപാടുകാർ തങ്ങളുടെ അക്കൗണ്ടുകളിൽ ശരാശരി മിനിമം ബാലൻസ് നിലനിർത്തുന്നില്ലെങ്കിലും ബാങ്കുകൾ നൽകുന്ന സേവനങ്ങൾക്കും ന്യായമായ പിഴയും പ്രതിഫലവും ഈടാക്കാൻ ബാങ്കുകളെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് അനുവദിക്കുന്നുണ്ട്. പക്ഷെ, അതിന്റെപേരിൽ ബാങ്കുകൾ ഏറ്റവും സാധാരണക്കാരും തുച്ഛവരുമാനക്കാരുമായ ബഹുഭൂരിപക്ഷം ഇടപാടുകാരെയാണ് കൊള്ളയടിക്കുന്നത്. യഥാർത്ഥത്തിൽ ഈ ബാങ്കുകളുടെ സാമ്പത്തിക കരുത്തുതന്നെ ചില്ലറ നിക്ഷേപകരാണെന്നത് വിസ്മരിച്ചുകൊണ്ടുള്ള പകൽക്കൊള്ളയാണ് മോഡിസർക്കാരിന്റെ ഒത്താശയോടെ തുടർന്നുവരുന്നത്. എല്ലാ പൗരന്മാരെയും ബാങ്കിങ് സംവിധാനത്തിൽ ഉൾക്കൊള്ളുക എന്നപേരിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) പ്രകാരം ആരംഭിച്ച ‘സീറോ ബാലൻസ് അക്കൗണ്ടു‘കളാണ് ബാങ്കുകൾ നടത്തുന്ന കൊള്ളയ്ക്ക് വിശാലവേദി ഒരുക്കിനൽകിയിരിക്കുന്നത്. 2023 നവംബറിലെ കണക്കുകളനുസരിച്ച് രാജ്യത്ത് 51.4 കോടി പിഎംജെഡിവൈ അ­ക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അതുവഴിയുള്ള അന്നത്തെ നിക്ഷേപബാക്കി 2,08,855 കോടിരൂപ ആയിരുന്നു. ഈ അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിബന്ധന ബാധകമല്ല. അ­ത്തരം സീറോ ബാലൻസ് അക്കൗണ്ടുകൾ ആവശ്യക്കാർക്ക് സ്വകാര്യ കൊമേഴ്സ്യൽ ബാങ്കുകളിൽ നിയമാനുസൃതം ആരംഭിക്കാവുന്നതുമാണ്. എന്നാൽ ഇത്തരം അക്കൗണ്ടുകൾ പിൽക്കാലത്ത് ഇടപാടുകാർക്ക് ചതിക്കുഴികളായി മാറുന്നതായാണ് അനുഭവം. എല്ലാവരെയും ഉൾക്കൊള്ളുന്ന ബാങ്കിങ് സംവിധാനത്തെപ്പറ്റി ഉദ്‌ഘോഷിക്കുന്നവർ അത്തരം അക്കൗണ്ടുകളുടെ തൽസ്ഥിതി പഠനത്തിന് തയ്യാറായാൽ മോഡിഭരണത്തിൽ സാധാരണക്കാരായ ഇടപാടുകാരുടെമേൽ ബാങ്കുകൾ നടത്തിവരുന്ന പകൽക്കൊള്ളയുടെ ആഴവും പരപ്പും വ്യക്തമാവും. സീറോ ബാലൻസ് അക്കൗണ്ട് ഉടമകളിൽ മഹാഭൂരിപക്ഷവും ഇന്റർനെറ്റ് അധിഷ്ഠിത ബാങ്കിങ് സാങ്കേതികത്വത്തിൽ നിരക്ഷരരാണ്. കേവലം ഒരു എസ്എംഎസ് സന്ദേശം വഴി നിങ്ങളുടെ സീറോ ബാലൻസ് അക്കൗണ്ട് മിനിമം ബാലൻസ് നിലനിർത്തേണ്ട, അതില്ലെങ്കിൽ പിഴയും മറ്റ് സേവനങ്ങൾക്ക് ബാങ്ക് നിശ്ചയിക്കുന്ന പ്രതിഫലവും ഈടാക്കാവുന്ന അക്കൗണ്ടുകളായി മാറുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്.


ഇതുകൂടി വായിക്കൂ: ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം


വിവിധ ബാങ്കുകൾ ശരാശരി മിനിമം ബാലൻസായി നിശ്ചയിച്ചിട്ടുള്ള തുക എല്ലാവരെയും ഉൾക്കൊള്ളുന്ന ബാങ്കിങ് സംവിധാനം എന്ന ലക്ഷ്യത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. മെട്രോനഗരങ്ങളിൽ അത് 3,000 മുതൽ 10,000 രൂപവരെയും നഗരപ്രദേശങ്ങളിൽ 2,000 മുതൽ 5,000 വരെയും ഗ്രാമങ്ങളിൽ 500 മുതൽ 1000 വരെയുമെന്നാണ് വ്യവസ്ഥയെങ്കിലും അത് പ്രായോഗികതലത്തിൽ വ്യത്യസ്തമാണെന്നതാണ് വസ്തുത. സ്വകാര്യ കൊമേഴ്സ്യൽ ബാങ്കുകളിൽ മിനിമം ബാലൻസ് ആരംഭിക്കുന്നതുതന്നെ 10,000 രൂപയിലാണ്. അപ്പോൾ സാധാരണ ഇടപാടുകാരെ സംബന്ധിച്ചിടത്തോളം മിനിമം ബാലൻസിന്റെ അഭാവത്തിന്റെ പേരിൽ നടക്കുന്ന ചൂഷണം ഒഴിവാക്കാനാവാത്ത ബാധ്യതയായി മാറുമെന്നതിൽ സംശയമില്ല. പിഎംജെഡിവൈ വഴി ജനസംഖ്യയുടെ മൂന്നിൽ ഒന്നിലധികത്തെ ബാങ്കിങ് സംവിധാനത്തിൽ ഉൾച്ചേർക്കാനായി എന്നത് ബിജെപിയും മോഡി ഭരണകൂടവും രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്ന ആയുധമാണ്. എന്നാൽ അത് സാധാരണക്കാരിൽ സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായ വലിയൊരു ജനവിഭാഗത്തെ ബാങ്കിങ് മൂലധനത്തിന്റെ കൊടിയ ചൂഷണത്തിന് ഇരകളായി മാറ്റിയെന്ന് സർക്കാരിന്റെ കണക്കുകൾതന്നെ വ്യക്തമാക്കുന്നു. അതിസമ്പന്നർക്കും വന്‍കിട കോർപറേറ്റുകൾക്കും ലക്ഷക്കണക്കിന് കോടിയുടെ നിക്ഷേപം യഥേഷ്ടം വിനിയോഗിക്കാനും അവരുടെ ഭീമമായ വായ്പാ കുടിശികകൾ എഴുതിത്തള്ളാനും യാതൊരു മടിയും കാണിക്കാത്ത ഭരണസംവിധാനമാണ് രാജ്യത്തെ മഹാഭൂരിപക്ഷത്തെയും കൊള്ളയടിക്കാൻ ബാങ്കിങ് മൂലധനത്തിന് ഒത്താശചെയ്യുന്നത്. ഈ പകൽകൊള്ളയ്ക്ക് അറുതിവരുത്താൻ ജനങ്ങളുടെ സംഘടിതശക്തിക്ക് മാത്രമേ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.