6 October 2024, Sunday
KSFE Galaxy Chits Banner 2

തകർച്ച തുടരുന്നു; രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Janayugom Webdesk
ന്യൂഡൽഹി
May 12, 2022 10:47 pm

ഓഹരി വിപണിയിൽ തിരിച്ചടി, പണപ്പെരുപ്പം, പലിശനിരക്ക് വർധന എന്നിവയ്ക്കൊപ്പം രാജ്യത്തെ സാമ്പത്തികരംഗത്തിന് കനത്ത ആഘാതമായി രൂപയുടെ വിലത്തകർച്ചയും. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ ആഴ്ച രണ്ടാം തവണയും റെക്കോർഡ് താഴ്ചയിലെത്തി. ഇന്നലെ വീണ്ടും രൂപയുടെ വിനിമയ മൂല്യം മുൻ ദിവസത്തെ ക്ലോസിങ് നിരക്കായ 77.23 നെ അപേക്ഷിച്ച് ഡോളറിനെതിരെ 77.59 ആയാണ് കുറഞ്ഞത്. ഡോളര്‍ കരുത്താര്‍ജിച്ചത് ആഗോള ഓഹരി വിപണിയിലും ഇടിവുണ്ടാക്കി. ഇന്ത്യൻ വിപണികൾ രാവിലത്തെ ട്രേഡിങ് സെഷനിൽ 1.8 ശതമാനത്തിലധികം ഇടിഞ്ഞു.

ഡോളറിന് പിന്നാലെ പൗണ്ട്, യൂറോ എന്നിവയും നേട്ടത്തിലായി. 94.61 രൂപയിലാണ് പൗണ്ടിന്റെ വിനിമയം. രൂപയുമായുള്ള വിനിമയത്തിൽ ഗൾഫ് കറൻസികൾക്കും നേട്ടമുണ്ടായി. 21.12 രൂപയായി ദിര്‍ഹം ഉയര്‍ന്നെങ്കിലും ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് കുവൈറ്റി ദിനാറാണ്-252.83 രൂപ. ഇതിന്റെ നേട്ടം നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ലഭിക്കും. തുടർച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്കും അസംസ്കൃത എണ്ണയുടെ വിലക്കയറ്റവുമാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തെ ബാധിച്ചിരിക്കുന്നതെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. 

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യ ഭീഷണിയിലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. രൂപയുടെ മൂല്യം കൂടുതൽ ഇടിയാനുള്ള സാധ്യതകളും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനിടെ സെൻസെക്സും നിഫ്റ്റിയും രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. സെൻസെക്സ് 1,080 പോയിന്റുകളും നിഫ്റ്റി 335 പോയിന്റിലേറെയും ഇടിഞ്ഞ് 16,000 ന് താഴെയെത്തി. നിഫ്റ്റിയുടെ പൊതുമേഖലാ ബാങ്കിങ് സൂചികയ്ക്കാണ് ഏറ്റവും മോശം പ്രതികരണം ഉണ്ടായത്. നിഫ്റ്റി മെറ്റൽ, ഫിനാൻസ്, ഓട്ടോ സബ് ഇൻഡെക്സുകൾ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ഓഹരിവിപണികൾ രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. പണപ്പെരുപ്പവും യുദ്ധഭീതിയും ആഗോള സാമ്പത്തിക വിപണിയെ ബാധിച്ചതാണ് ഇടിവിന് കാരണം. വിതരണ ആശങ്കകളും യൂറോപ്പിലെ പിരിമുറുക്കങ്ങളും അസ്ഥിരമാക്കിയ ആഴ്ചയിൽ എണ്ണ വില ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

Eng­lish Sum­ma­ry: Rupee depre­ci­ates in ear­ly trade
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.