രൂപ ഇടിഞ്ഞ് താഴ്ന്നു, ഇന്ധനവില കത്തിക്കയറി; സമ്പദ്ഘടന ഉലയുന്നു

Web Desk
Posted on September 04, 2018, 11:00 pm

ധനമാനേജ്‌മെന്റ് പൂര്‍ണ പരാജയം . ജനവിരുദ്ധ നയങ്ങളുടെ അനന്തരഫലം . 

നികുതി കുറച്ച് ആ ശ്വാസമേകാനും ഒരുക്കമല്ല

ന്യൂഡല്‍ഹി: അസാധാരണമായ പെട്രോളിയം ഇന്ധന വിലക്കുതിപ്പും രൂപയുടെ മൂല്യത്തകര്‍ച്ചയും രാഷ്ട്ര സമ്പദ്ഘടനയെ പിടിച്ചുലയ്ക്കുന്നു. ഇരുഘടകങ്ങളും അനിയന്ത്രിതമായ നാണ്യപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഭയപ്പെടുന്നു. നാളിതുവരെ നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങളും നയപരിപാടികളും പൊളിച്ചടുക്കിയ മോഡി ഭരണകൂടത്തിന് എക്‌സൈസ് തീരുവയടക്കം നികുതികള്‍ വെട്ടിക്കുറയ്ക്കുക മാത്രമെ കരണീയമായിട്ടുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ധനവിലയുടെ ദിനംപ്രതിയുള്ള വിലക്കുതിപ്പ് സംസ്ഥാനങ്ങള്‍ക്ക് നികുതിവരുമാന വര്‍ധനവിന് സഹായകമാകുമെന്ന ബിജെപിയുടെ പ്രതികരണം സാമ്പത്തിക വിദഗ്ധരിലും സാമാന്യജനങ്ങളിലും അമ്പരപ്പാണ് ഉളവാക്കിയിട്ടുള്ളത്. ബാഹ്യകാരണങ്ങളാണ് ഇന്ധന വിലക്കുതിപ്പിനും നാണയമൂല്യത്തകര്‍ച്ചക്കും കാരണമെന്ന ഭരണകൂടവാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് വസ്തുതകള്‍ വ്യക്തമാക്കുന്നു.
ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണവില ആഗോളവിപണിയില്‍ 80 യുഎസ് ഡോളറിനു താഴെയായിരിക്കെയാണ് ആഭ്യന്തര വിപണിയില്‍ ഇന്ധനവില സര്‍വകാല റെക്കോഡ് തകര്‍ത്ത് കുതിക്കുന്നത്. എന്നാല്‍ രണ്ടാം യുപിഎ ഭരണകാലയളവില്‍ അസംസ്‌കൃത എണ്ണവില 147 യുഎസ് ഡോളര്‍ വരെ എത്തിയപ്പോള്‍ നല്‍കേണ്ട വിലയെക്കാള്‍ ഗണ്യമായി ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ നല്‍കേണ്ടിവരുന്നത്. ഇറക്കുമതി തീരുവകള്‍ പൂജ്യത്തിലേക്ക് താഴ്ത്തിയാണ് അന്ന് ഭരണകൂടം സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്തത്.
മോഡി ഭരണകൂടത്തിന്റെ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒമ്പത് തവണയാണ് എക്‌സൈസ് തീരുവ ഉയര്‍ത്തിയത്. അസംസ്‌കൃത എണ്ണവില 33 യുഎസ് ഡോളര്‍ കണ്ട് താഴ്ന്നപ്പോഴും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നിഷേധിക്കുകയായിരുന്നു. അതേ സമയം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആറ് ലക്ഷം കോടി രൂപയുടെ നികുതിയിളവുകളാണ് മോഡി സര്‍ക്കാര്‍ നല്‍കിയത്.
തുടര്‍ച്ചയായ പത്തു ദിവസത്തിലധികമായി പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനേക്കാള്‍ കൂടുതല്‍ ദിവസങ്ങളായി രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പെട്രോള്‍ 16 പൈസയും ഡീസലിന് 19 പൈസയും ഇന്നലെ ഒരു ദിവസം മാത്രം ഉയര്‍ന്നത്. ഇന്നലെ പകല്‍ ഡോളറുമായുള്ള വിനിമയമൂല്യം 16 പൈസ വര്‍ധിച്ച് 71.37 രൂപയായി ഇടിഞ്ഞുവെങ്കില്‍ സന്ധ്യയോടെ നിരക്ക് 37 പൈസഉയര്‍ന്ന് 71.58 രൂപയായി. മൂല്യം പിടിച്ചു നിര്‍ത്തുന്ന കാര്യത്തില്‍ ബിജെപി സര്‍ക്കാറിന് ഒന്നും ചെയ്യാനായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള 2014 ജൂണ്‍ രണ്ടിന് 59.16 പൈസയായിരുന്നു രൂപയും ഡോളറുമായുള്ള വിനിമയ നിരക്ക്. 2015 ജൂണ്‍ ഒന്നിന് അത് 63.58, 2016 ജൂണ്‍ ഒന്നിന് 67.5, 2017 ജൂണ്‍ ഒന്നിന് 64.42 രൂപ വീതമായി. കഴിഞ്ഞ ജൂണ്‍ ഒന്നിന് 67 രൂപയായി മൂല്യം ഇടിഞ്ഞു. ഇപ്പോള്‍ അത് 71.58 രൂപയായിരിക്കുന്നു. മൂന്ന് മാസത്തിനിടെയുണ്ടായ മാറ്റം നാലു രൂപയിലധികമാണ്. ഓരോ മാസവും മൂല്യമിടിയുന്ന വേളയില്‍ ശക്തമായ സാമ്പത്തിക നടപടികളിലൂടെ കര കയറാനാണ് ധനകാര്യ മാനേജ്‌മെന്റ് വിദഗ്ധര്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ കേന്ദ്രം അക്കാര്യത്തില്‍ പൂര്‍ണ പരാജയമാണെന്നാണ് വ്യക്തമാകുന്നത്.
ധനസമാഹരണത്തിന് സാധാരണക്കാരെ കൊള്ളയടിക്കാനുള്ള സര്‍ക്കാരിന്റെ ആര്‍ത്തിയും ഇന്ധന വില ഉയരുന്നതിന് കാരണമാകുന്നുണ്ട്. ധനകാര്യമാനേജ്‌മെന്റിന്റെ സമ്പൂര്‍ണ പരാജയവും ജനവിരുദ്ധ നയങ്ങളുടെ അനന്തരഫലങ്ങളുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധന വിലയുടെ കുതിച്ചുകയറ്റവുമായി ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഫലത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടന പ്രതിസന്ധിയുടെ ആഴക്കയത്തിലേയ്ക്കാണ് പതിച്ചുകൊണ്ടിരിക്കുന്നത്.