October 1, 2022 Saturday

സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ഗ്രാമീണമേഖലാ വികസനം അനിവാര്യം

പ്രൊഫ. കെ അരവിന്ദാക്ഷൻ
July 30, 2021 5:07 am

കോവിഡ് 19ന്റെ രണ്ടാംതരംഗം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗതയിലാണ് അതിന്റെ പിന്മാറ്റം നടത്തുന്നതെന്ന് രോഗബാധിതര്‍, മരണപ്പെടുന്നവര്‍ എന്നിവ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പദ്‌വ്യവസ്ഥയാകട്ടെ ക്രമേണ നഷ്ടപ്പെട്ടുപോയ അതിന്റെ ആരോഗ്യം തിരിച്ചുപിടിക്കുന്ന ലക്ഷണങ്ങളും കാണിക്കുന്നു. പുതിയ ‘നോര്‍മല്‍’ പഴയ നോര്‍മലിലേക്ക് തിരികെ പൊകുന്നതും ശ്രദ്ധേയം. കേരളവും മഹാരാഷ്ട്രയും അടക്കം നിയന്ത്രണങ്ങളില്‍ കരുതലോടെയാണെങ്കിലും അയവുവരുത്തുകയാണ്. അതേസമയം, ഇതിന്റെ പേരില്‍ അമിതമായ ആഹ്ലാദത്തിനോ ശുഭാപ്തിവിശ്വാസത്തിനോ ഇടം നല്‍കുന്നുമില്ല. തകര്‍ച്ചയുടെ ആഴത്തില്‍ നിന്നും സമ്പദ്‌വ്യവസ്ഥ കരകയറാന്‍ നന്നേ പണിപ്പെടേണ്ടിവരുമെന്നത് ഉറപ്പാണ്. വെല്ലുവിളി അത്രയേറെ ഗുരുതരമാണ്. 2021 മെയ് മാസത്തില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റി‌ക്കല്‍ ഓഫീസ് (എന്‍എസ്ഒ) 2020–21ലേക്കുള്ള പുതുക്കിയ ജിഡിപി കണക്കുകള്‍ പുറത്തുവിട്ടിരുന്നതാണ്. പ്രതീക്ഷിച്ച ഇടിവായ 7.3 ശതമാനത്തില്‍ നിന്ന് അല്പം താഴെയായിരുന്നു കണക്കുകള്‍. ഇതില്‍ യാഥാര്‍ത്ഥ്യം എത്രമാത്രമുണ്ടെന്നതില്‍ സംശയമുണ്ട്. അസംഘടിത മേഖലയില്‍ നിന്നുള്ള കണക്കുകളിലെ അവ്യക്തതകള്‍ തന്നെ കാരണം.

പാന്‍ഡെമിക്കി(മഹാമാരി)നു മുമ്പുള്ള മൂന്നു വര്‍ഷം ജിഡിപിയില്‍ സംഭവിച്ച തുടര്‍ച്ചയായ വീഴ്ച സംശയകരമാണ്. 2016–17ല്‍ രേഖപ്പെടുത്തിയ 8.3 ശതമാനം ജിഡിപി നിരക്കാണ് 2019–20ല്‍ നാല് ശതമാനത്തിലെത്തിയത്. തുടര്‍ന്നിങ്ങോട്ട് സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. ഭൂരിഭാഗം വരുന്ന കുടുംബങ്ങള്‍ക്കും തൊഴില്‍നഷ്ടവും വരുമാനത്തില്‍ ഇടിവും നേരിടേണ്ടിവന്നു. 2016–17നു ശേഷമുള്ള കാലയളവില്‍ സാമ്പത്തികവളര്‍ച്ചയിലുണ്ടായ മെല്ലെപ്പോക്കു തന്നെയാണ് ഇതിന് കളമൊരുക്കിയത്.

ഗ്രാമീണ മേഖലയ്ക്ക് പരിപൂര്‍ണമായ തകര്‍ച്ചയില്‍ തല ഉയര്‍ത്തിനില്‍ക്കാന്‍ സഹായകമായത് കൃഷിയായിരുന്നു. ഒപ്പം, വെെദ്യുതി, ജലവിതരണം തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങളും വലിയ കോട്ടം കൂടാതെ നിലനില്‍ക്കുകയുണ്ടായി. മാത്രമല്ല, സ്വന്തം ഗ്രാമങ്ങളില്‍ നിന്നും രാജ്യത്തിന്റെ വിദൂര സംസ്ഥാനങ്ങളില്‍ പോലും കേരളമടക്കം കുടിയേറ്റക്കാരായി നഗരമേഖലയെ ആശ്രയിച്ചിരുന്നവര്‍ ലോക്ഡൗണില്‍ അകപ്പെട്ട് ഗത്യന്തരമില്ലാതായപ്പോള്‍ സ്വന്തം ഗ്രാമങ്ങളിലേക്കുതന്നെ തിരികെ പലായനം ചെയ്തു. ഇവരില്‍ വലിയൊരു വിഭാഗം മുന്‍പ് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. അവര്‍ മടങ്ങിയെത്തി കാര്‍ഷികമേഖലയിലെ ഉല്പാദനത്തില്‍ പങ്കാളികളായി. ഈ സാഹചര്യവും കാര്‍ഷിക മേഖലക്ക് വലിയ ഉത്തേജനമായി. തന്മൂലം കാര്‍ഷികമേഖലയുടെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മൊത്തത്തിലുളള വളര്‍ച്ച 4.8 ശതമാനത്തിലെത്തി. ഇതേ കാലയളവില്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച 3–6 ശതമാനം മാത്രമായിരുന്നു.

ഗ്രാമീണമേഖലയുടെ വളര്‍ച്ചാനിരക്ക് തുടര്‍ന്നും ഇതേ നിലയില്‍ ആയിരിക്കുമെന്ന് കരുതാന്‍ സാധ്യമല്ല. കാര്‍ഷിക‑ഗ്രാമീണ മേഖലയുടെ നിലനില്പ് സമ്പദ്‌വ്യവസ്ഥയുടെ മറ്റു മേഖലകളുടെ വളര്‍ച്ചയെക്കൂടി ആശ്രയിച്ചാണ് നിലകൊള്ളുന്നത്. നഗര, അര്‍ധ നഗരമേഖലയിലെ കുടുംബങ്ങളുടെ ആവശ്യത്തെ ആശ്രയിച്ചാണ് മൂല്യവര്‍ധന നേടിയ കാര്‍ഷികോല്പന്നങ്ങളുടെ ഡിമാന്‍ഡ്. ഇത്തരം കുടുംബങ്ങളുടെ തൊഴിലുകളിലും വരുമാനത്തിലും പാന്‍ഡെമിക്കിന്റെ ആഘാതം ഗുരുതരമായ തോതിലാണ് ബാധിച്ചിട്ടുള്ളത്. ഗ്രാമീണമേഖലാ നിവാസികളെയാണ് ആരോഗ്യപ്രശ്നങ്ങള്‍ കൂടുതല്‍ ബാധിച്ചിട്ടുള്ളത് എന്നതും പ്രതിസന്ധികളുടെ ആഴംകൂട്ടി. ഗ്രാമീണ മേഖലാ കുടുംബങ്ങള്‍ വരുമാനത്തകര്‍ച്ചയുടെയും കടബാധ്യതാ വര്‍ധനവിന്റെയും സമ്മര്‍ദ്ദങ്ങളോടൊപ്പം ആരോഗ്യസംരക്ഷണത്തിന്റെ ആഘാതവും താങ്ങേണ്ട സാഹചര്യമായിരിക്കും അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതരാവുക.

അതേ അവസരത്തില്‍ ഇത്തരം ഗുരുതരമായ ബഹുമുഖപ്രശ്നങ്ങള്‍ ഗ്രാമീണ ജനതയ്ക്ക് നേരിടേണ്ടിവരുന്നുണ്ടെന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയം അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. യുപിഎ ഭരണകാലഘട്ടത്തില്‍ ഗ്രാമീണ മേഖലയുടെ പ്രത്യേക വികസനം ലക്ഷ്യമാക്കി രൂപം നല്‍കിയതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി(എംഎന്‍ആര്‍ഇജിഎസ്). നടപ്പു ധനകാര്യ വര്‍ഷത്തില്‍ ഗ്രാമീണമേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷമായി നിലനില്‍ക്കുമെന്ന് ധാരണയുണ്ടായിരുന്നിട്ടും മോഡി സര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള ബജറ്റ് വിഹിതത്തില്‍ കുറവു വരുത്തുകയാണ് ചെയ്തത്. 2021 മെയ് മാസം,‍ 2020നെ അപേക്ഷിച്ച് പുതിയ തൊഴിലവസരങ്ങളില്‍ 65 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപകരം ഈ മേഖലക്കായുള്ള സൗജന്യ ഭക്ഷ്യധാന്യ റേഷന്‍ വിഹിതം ഉയര്‍ത്തിയെന്നത് ശരിയാണെങ്കിലും ഗ്രാമീണജനത യഥാര്‍ത്ഥത്തില്‍ തൊഴിലും അതിലൂടെയുള്ള വരുമാനവുമാണ് വലിയ തോതില്‍ ആഗ്രഹിക്കുന്നത്. അവര്‍ക്കാവശ്യം ഭക്ഷ്യധാന്യങ്ങള്‍ മാത്രമല്ല, പയറുവര്‍ഗങ്ങള്‍ കൂടിയാണ്. സൗജന്യ കിറ്റുകളില്‍ ഇതൊന്നും ഉള്‍പ്പെടുന്നില്ല.

നോട്ടുനിരോധനത്തിനു ശേഷമുള്ള കാലയളവില്‍ ഗ്രാമീണ മേഖലയിലുണ്ടായ സാമ്പത്തിക വികസനത്തിലെ അനിശ്ചിതത്വങ്ങള്‍, പാന്‍ഡെമിക്കിനെത്തുടര്‍ന്ന് കൂടുതല്‍ വഷളാവുകയാണുണ്ടായിരിക്കുന്നത്. തൊഴിലവസരങ്ങളിലും വരുമാനത്തിലുമുള്ള തുടര്‍ച്ചയായ നഷ്ടം ഡിമാന്‍ഡിനെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ ഫലമായി യഥാര്‍ത്ഥ ചരക്കുകളുടെയും സേവനങ്ങളുടെയും രൂപത്തിലുള്ള വരുമാനത്തിലും കുത്തനെ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമീണമേഖലയിലെ കാര്‍ഷികേതര വേതനത്തില്‍ 2021 ഏപ്രിലിന് ശേഷമുള്ള കാലയളവില്‍ 0.9 ശതമാനമാണ് ഇടിവു രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഈ വേതനനിരക്ക് മരവിപ്പ് ഇന്നും‍ തുടരുകയാണ്. ഡിമാന്‍ഡില്‍ സംഭവിച്ചിരിക്കുന്ന ഇടിവിന്റെ പ്രതിഫലനം കാണാന്‍ കഴിയുന്നത് കാര്‍ഷികോല്പന്നങ്ങളുടെ മൊത്ത വിലകളില്‍ കാണുന്ന ഇടിവുതന്നെയാണ്. ഭക്ഷ്യധാന്യങ്ങളിലും പച്ചക്കറികളിലും ചില്ലറ വിലവര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും മൊത്ത വിലനിലവാരത്തില്‍ ഈ വര്‍ധനവ് പ്രകടമാകുന്നില്ല. ഇടനിലക്കാരായ വ്യാപാരികളാണ് ചില്ലറ വിലവര്‍ധനവിനുള്ള കാരണക്കാര്‍. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ചേര്‍ത്താല്‍ മൊത്തം കാര്‍ഷികോല്പന്നങ്ങളുടെ പകുതിയിലേറെ വരുന്നു. പിന്നിട്ട ആറുമാസക്കാലത്തിനിടയ്ക്കുള്ള അനുഭവമാണിത്. ഈ പ്രതിഭാസം ഇന്ത്യയില്‍ നിലവിലിരിക്കുമ്പോള്‍ ആഗോള വിപണികളില്‍ അഭൂതപൂര്‍വമായ ഉയരങ്ങളിലാണ് കാര്‍ഷികോല്പന്നങ്ങളുടെ വിലനിലവാരം എത്തിനില്ക്കുന്നതും.

ഇന്ത്യയില്‍ സാധാരണ ഉപഭോക്താക്കളെ ഏറെ അലട്ടുന്നത് പയറുവര്‍ഗങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും വിലവര്‍ധനവാണ്. ഇവയിലേറെയും ഇറക്കുമതി ചെയ്യപ്പെടുകയാണ്. ചുരുക്കത്തില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖല അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത് ഒരു പ്രത്യേക പ്രതിഭാസമാണ്. ആഭ്യന്തര ഉല്പന്നങ്ങളുടെ വിലനിലവാരം കുത്തനെ ഇടിവു രേഖപ്പെടുത്തുമ്പോള്‍തന്നെ മറ്റ് ഉപഭോഗവസ്തുക്കളായ ഭക്ഷ്യ എണ്ണകളുടെയും പയറുവര്‍ഗങ്ങളുടെയും വില നിലവാരം തുടര്‍ച്ചയായി കുതിച്ചുയരുകയും ചെയ്തുവരുന്നു എന്നതാണിത്. പണപ്പെരുപ്പത്തിന് വഴിയൊരുക്കാന്‍ ഇതിലേറെ എന്തുവേണം.

പണപ്പെരുപ്പവും വിലവര്‍ധനവും ഇന്നത്തെ രൂപത്തിലും ഭാവത്തിലും തുടരുമെങ്കില്‍ ഗ്രാമീണ മേഖലയിലെ ജനതയുടെ ക്രയശേഷി ഗണ്യമായ തോതില്‍ ഇടിയുകതന്നെ ചെയ്യും. ഇതിനു പുറമെ തൊഴില്‍ വരുമാനനഷ്ടവും കൂടിയാവുമ്പോള്‍ ജീവിതം തീര്‍ത്തും അസാധ്യമായി തീരും. കാര്‍ഷികോല്പന്നങ്ങളുടെ വിലനിലവാരം, അവയുടെ ഉല്പാദനച്ചെലവിലും താഴെയാണെന്ന സ്ഥിതി തുടരുകയാണെങ്കില്‍ കൃഷിപ്പണിതന്നെ ഉപേക്ഷിക്കാന്‍ ഏതൊരു സാധാരണ കര്‍ഷകനും നിര്‍ബന്ധിതനാകുമെന്നതില്‍ തര്‍ക്കമില്ല. ഡീസലിന്റെ തുടര്‍ച്ചയായ വിലവര്‍ധനവിനു പുറമെ രാസവള വിലക്കയറ്റവും അസഹനീയമാണ്. ഗ്രാമീണ മേഖലയിലെ കാര്‍ഷികേതര ജനതയെ ആഗോളവിപണികളിലെ വിലക്കയറ്റം ചരക്കുകളുടെ ഇറക്കുമതിയോടൊപ്പം പണപ്പെരുപ്പത്തിന്റെ ഇറക്കുമതിയിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിക്കും. ഇറക്കുമതി ചരക്കുകളുടെ വിലവര്‍ധനവിനു പുറമെ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവും ഉല്പാദന നിക്ഷേപ മേഖലകളെ ആകെത്തന്നെ തകര്‍ത്തുകളയും. കോവിഡാനന്തര കാലഘട്ടത്തില്‍ സമ്പദ്‌വ്യവസ്ഥ കൈവരിക്കേണ്ട പുനരുദ്ധാരണത്തില്‍ കാര്‍ഷിക‑ഗ്രാമീണ മേഖലയുടെ പങ്ക് ഒരിക്കലും അവഗണിക്കാന്‍ കഴിയില്ല. ഇതിനു അവശ്യം വേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ മാത്രമാണ്. ദേശീയതലത്തില്‍ വാക്സിനേഷന്‍ ത്വരിതഗതിയില്‍ മുന്നോട്ടു കൊണ്ടുപോവുകയും ജനതയുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നതോടൊപ്പം ഈ വിഷയത്തില്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഗ്രാമീണ ജനതയുടെ കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്കുകയും വേണം. ഇതിനായി അധിക ധനകാര്യ പിന്‍ബലമാണ് ഈ മേഖലയ്ക്ക് അനിവാര്യമായിരിക്കുന്നത്. നേരിട്ടുള്ള പണകൈമാറ്റം മാത്രം മതിയാവില്ല. അതോടൊപ്പം ചരക്കുകള്‍ക്ക് ഉയര്‍ന്ന സബ്സിഡി ആനുകൂല്യങ്ങളും ഇന്‍പുട്ടുകള്‍ക്ക് പണപ്പെരുപ്പ കെടുതിയില്‍ നിന്ന് സംരക്ഷണവും ഉറപ്പാക്കേണ്ടിവരും.

ഇടയ്ക്കിടെ സാമ്പത്തിക സഹായ പാക്കേജുകളും വായ്പാ പാക്കേജുകളും പ്രഖ്യാപിച്ചതുകൊണ്ടൊന്നും കാര്യമില്ല. 2020ല്‍ 21 ലക്ഷം രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ 2021 ജൂണ്‍ 29ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആരോഗ്യ, ടൂറിസം മേഖലകള്‍ക്ക് ഊന്നല്‍ നല്‍ക്കികൊണ്ടുള്ളൊരു പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കോവിഡ് ബാധിത മേഖലകള്‍ക്ക് 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി പദ്ധതിക്ക് പുറമെ 2020ലെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 1.5 ലക്ഷം കോടിയുടെ അടിയന്തര വായ്പാ പദ്ധതിയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ചെറുകിട‑ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പാ പദ്ധതിയുടെ കാലാവധി 2025–26 വരെ തുടരുമെന്നാണ് തീരുമാനമെങ്കില്‍ തൊഴിലവസര വര്‍ധനവിലേക്ക് ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയുടെ കാലാവധി 2021 ജൂണ്‍ 30ല്‍ നിന്ന് 2022 മാര്‍ച്ച് 31 വരെ നീട്ടുമത്രെ. ഇത്തരം പാക്കേജുകളെല്ലാം ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ നിലനില്പിനുവേണ്ടി പിന്നിട്ട ഒരു വര്‍ഷക്കാലത്തിലേറെയായി നടത്തിവരുന്ന ഇന്ത്യന്‍ കര്‍ഷകരുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം വ്യക്തമാണ്, മോഡിക്കും സംഘപരിവാറിനും താല്പര്യം കോര്‍പ്പറേറ്റുകളുടെ ഉന്നമനത്തിലാണ്. രാജ്യത്തിന്റെതന്നെ നട്ടെല്ലായ കര്‍ഷക സമൂഹത്തിന്റെ നിലനില്പിലല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.