19 July 2025, Saturday
KSFE Galaxy Chits Banner 2

ഗ്രാമീണ തൊഴില്‍ പ്രതിസന്ധി അപകടമേഖലയിലേക്ക്

Janayugom Webdesk
June 1, 2025 5:00 am

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരുസാധ്യതയും വസരവും അവശേഷിക്കുന്നില്ല. ഏറ്റവും താഴെത്തട്ടിലാണെങ്കില്‍, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഗ്രാമപ്രദേശങ്ങളിലെ തൊഴിൽലഭ്യതയിൽ വൻ ഇടിവ് സംഭവിച്ചതായി കണക്കുകള്‍ കാണിക്കുന്നു. ഇത് മേഖലയില്‍ സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യത്തിന്റെ തോതും വഷളാകുന്നതിന്റെ സൂചനയാണ്. ‘മിന്റ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസ്) പ്രകാരം ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ അവിദഗ്ധ ജോലികൾക്കുള്ള ആവശ്യകതയിൽ വലിയവർധനവുണ്ടായി. ഗ്രാമവികസന മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഏപ്രിലിൽ 20.12 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളാണ് പദ്ധതിയില്‍ തൊഴിൽ തേടിയത്. മേയിൽ ഇത്തരം കുടുംബങ്ങളുടെ എണ്ണം 20.37 ദശലക്ഷമായി വർധിച്ചു. മന്ത്രാലയത്തിന്റെ കണക്കുകളാകട്ടെ, കേവലം മേയ് 18 വരെ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിൽ തേടിയവരുടെ എണ്ണമാണ്. ആ മാസത്തെ മുഴുവൻ കണക്കും വരുമ്പോള്‍ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇത് ഗ്രാമീണ ഇന്ത്യയിലെ തൊഴിൽ സ്ഥിതി തീര്‍ത്തും വഷളാകുന്നുവെന്ന് കാണിക്കുന്നു. മാർച്ചിൽ പദ്ധതി പ്രകാരം തൊഴിൽ തേടിയ ഗ്രാമീണ കുടുംബങ്ങളുടെ എണ്ണം 18.64 ദശലക്ഷം മാത്രമായിരുന്നു. കേന്ദ്ര സർക്കാരിന്റെ ദേശീയ തൊഴിലുറപ്പ് പദ്ധതി, അവിദഗ്ധ കായിക ജോലി ചെയ്യാൻ സന്നദ്ധതയുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നു. ഗ്രാമീണ മേഖലകളിൽ കാർഷിക — കാർഷികേതര തൊഴിലവസരങ്ങൾ കുറയുമ്പോഴെല്ലാം എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസിന് കീഴിലുള്ള ജോലിയുടെ ആവശ്യം വർധിക്കുന്നതായി തൊഴിൽ വിപണിയിലെ മുൻകാല പ്രവണതകൾ കാണിക്കുന്നുണ്ട്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പദ്ധതിക്ക് കീഴിൽ തൊഴിൽ തേടുന്ന ഗ്രാമീണ കുടുംബങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവ് സമ്പദ്‌വ്യവസ്ഥയിലെ ദുരിതം രൂക്ഷമാകുന്നതിലേക്കും ഗ്രാമങ്ങളിലെ ഉപജീവനമാർഗത്തിന്റെ ദുർബലതയിലേക്കും വിരൽ ചൂണ്ടുന്നു. 

ഗ്രാമീണ കുടുംബങ്ങൾക്കിടയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആവശ്യകത വർധിച്ചിട്ടും, ഈ വർഷം ബജറ്റ് വിഹിതത്തിൽ കേന്ദ്ര സർക്കാർ ഒരു വർധനവും വരുത്തിയിട്ടില്ല എന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്. 2025–26 സാമ്പത്തിക വർഷത്തെ ബജറ്റിൽ എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസിനായി 86,000 കോടിയാണ് അനുവദിച്ചത്. 2024–25ലെ ബജറ്റിൽ പദ്ധതിക്കായി മാറ്റിവച്ച അതേ തുകയാണിത്. 2005ൽ ആരംഭിച്ച എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസ്, ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ മൻ‌മോഹൻ സിങ് സർക്കാർ നടപ്പാക്കിയ ആദ്യത്തെ പ്രധാന പദ്ധതികളിൽ ഒന്നായിരുന്നു. വെെകാതെ ഇത് ഗ്രാമീണ തൊഴിലാളികളുടെ ജീവനാഡിയായി മാറുകയും ഗ്രാമങ്ങളിലെ ദാരിദ്ര്യ നിർമ്മാർജനത്തിനുള്ള ശക്തമായ ഒരു മാർഗമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 ദിവസത്തെ ഉറപ്പായ വേതനമുള്ള തൊഴിൽ നൽകുന്നതിലൂടെ ഗ്രാമീണ കുടുംബങ്ങൾക്ക് ഉപജീവന സുരക്ഷ ഉറപ്പാക്കി. ഗ്രാമങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കുന്നതിൽ പദ്ധതി ചെലുത്തിയ സ്വാധീനം പ്രശംസിക്കപ്പെട്ടു. എന്നാൽ തുടക്കം മുതൽ തന്നെ പദ്ധതിക്കെതിരെ നരേന്ദ്ര മോഡി സർക്കാർ നിർണായക നിലപാട് സ്വീകരിച്ചു. 60 വർഷത്തിനിടയിൽ ദാരിദ്ര്യം പരിഹരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ “ജീവിക്കുന്ന സ്മാരകം” എന്നാണ് മോഡി എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസിനെ വിശേഷിപ്പിച്ചത്. 

2020ൽ കോവിഡ് 19 കാരണം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഗ്രാമങ്ങളിലേക്ക് വൻതോതിൽ ‘റിവേഴ്‌സ് കുടിയേറ്റം’ ആരംഭിച്ചപ്പോള്‍, മോഡി പരിഹസിച്ച പ്രസ്തുത പദ്ധതി ഗ്രാമീണ മേഖലയിലെ നിര്‍ണായക ജീവനോപാധിയാണെന്ന് തെളിഞ്ഞു. സഹകരണ ഗവേഷണ വ്യാപനം (സി‌ഒ‌ആർ‌ഡി), നാഷണൽ കൺസോർഷ്യം ഓഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായി സഹകരിച്ച് അസിംപ്രേംജി സർവകലാശാല നടത്തിയ ഒരു പഠനമനുസരിച്ച് ലോക്ഡൗൺ കാരണം ഏറ്റവും ദുർബലരായ കുടുംബങ്ങൾക്കുണ്ടായ വരുമാന നഷ്ടത്തിന്റെ 20 മുതൽ 80 ശതമാനം വരെ നികത്താൻ പദ്ധതി സഹായിച്ചുവെന്ന് കണ്ടെത്തി. വാസ്തവത്തിൽ, കോവിഡിന് ശേഷമുള്ള തൊഴിൽ പ്രതിസന്ധിയിലും തൊഴിലുറപ്പ് പദ്ധതി പ്രധാന പങ്കുവഹിച്ചു. 2023–24ൽ ഗ്രാമപ്രദേശങ്ങളിൽ തൊഴിൽ നൽകുന്നതിൽ യു‌പി‌എ കാലഘട്ടത്തിലെ ഈ പദ്ധതിയാണ് നിർണായകമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസ് വഴിയുള്ള ഗ്രാമീണ തൊഴിലിനെക്കുറിച്ചുള്ള ലോക്‌സഭാ സ്റ്റാൻഡിങ് കമ്മിറ്റിയുടെ 2024 ഫെബ്രുവരിയിലെ റിപ്പോർട്ട്, 2023–24ൽ പദ്ധതിക്കുള്ള ബജറ്റ് വിഹിതം കുറച്ചത് ‘ആശ്ചര്യകരവും പുനഃപരിശോധിക്കേണ്ടതുമാണ്’ എന്ന് ചൂണ്ടിക്കാട്ടിയത്. ലിബ്ടെക് ഇന്ത്യ നടത്തിയ “ദ മിസിങ് വർക്ക്: എ നാഷണൽ റിവ്യൂ ഓഫ് എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ ഇംപ്ലിമെന്റേഷൻ (എഫ്‌വൈ 2024–25)” എന്ന പഠനം, 2024–25 സാമ്പത്തിക വർഷത്തിൽ പദ്ധതിയിൽ തൊഴിലാളികളുടെയും ജോബ് കാർഡുകളുടെയും വർധനവുണ്ടായെങ്കിലും തൊഴിലവസരങ്ങൾ കുറഞ്ഞുവെന്ന് വെളിപ്പെടുത്തി. 2024–25ൽ പദ്ധതിയിൽ 1.16 കോടി ജോബ് കാർഡുകളും 1.31 കോടി തൊഴിലാളികളും പുതുതായി കൂട്ടിച്ചേർക്കപ്പെട്ടു. അതോടൊപ്പം കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തുടനീളം 5.9 കോടി തൊഴിലാളികളെയും 2.1 കോടി കുടുംബങ്ങളെയും ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതായും പഠനം കണ്ടെത്തി. നീക്കം ചെയ്ത നിരവധി തൊഴിലാളികളെ പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും, എല്ലാ തൊഴിൽ സൂചകങ്ങളിലും ഗണ്യമായ കുറവുണ്ടായതിനാൽ അത് മെച്ചപ്പെട്ട തൊഴിലവസരങ്ങളായി മാറിയില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. 

‘ദ ടെലിഗ്രാഫ്’ റിപ്പോർട്ട് അനുസരിച്ച്, തൊഴിലുറപ്പ് പദ്ധതി സൃഷ്ടിച്ച വ്യക്തിഗത തൊഴിൽ ദിനങ്ങൾ 2023–24ല്‍ 289 കോടിയായിരുന്നത് 2024–25ൽ 268 കോടിയായി കുറഞ്ഞു. ഈ കാലയളവിൽ ഒരു കുടുംബത്തിനുള്ള ശരാശരി തൊഴിൽ ദിനങ്ങൾ 52ൽ നിന്ന് 50 ആയി കുറഞ്ഞുവെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പദ്ധതി നടപ്പിലാക്കുന്നതിൽ വഞ്ചനാപരമായ നടപടികളുണ്ടായതായും റിപ്പോർട്ടിലുണ്ട്. മേയ് ആദ്യം പ്രസിദ്ധീകരിച്ച ‘ഡെക്കാൻ ഹെറാൾഡ്’ റിപ്പോർട്ട് ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഒരു ഗ്രാമത്തിൽ പദ്ധതിയുടെ കീഴിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പ് വെളിപ്പെടുത്തി. മരിച്ചവരുടെ പേരിൽ ജോബ് കാർഡുകൾ സൃഷ്ടിച്ച് രേഖകളില്‍ ജോലി പൂര്‍ത്തീകരിച്ചതായി കാണിച്ച് വേതനം പിൻവലിച്ച കേസാണിത്.

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.