28 March 2024, Thursday

Related news

March 14, 2024
March 8, 2024
March 2, 2024
December 23, 2023
September 25, 2023
September 12, 2023
July 8, 2023
June 16, 2023
June 15, 2023
June 7, 2023

എതിര്‍പ്പുന്നയിക്കാതെ അംഗരാജ്യങ്ങള്‍; റഷ്യ യുഎന്‍ രക്ഷാസമിതിയുടെ അധ്യക്ഷ പദവിയില്‍

Janayugom Webdesk
ജെനീവ
April 2, 2023 10:09 pm

ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് റഷ്യ. ഉക്രെയ‍്ന്‍ സെെനിക നടപടിയുടെ പശ്ചാത്തലത്തിലും റഷ്യ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതില്‍ അംഗരാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. പദവി ഏറ്റെടുക്കുന്നതില്‍ നിന്ന് തടയണമെന്ന് ഉക്രെയ‍്ന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്ഥിരം കൗണ്‍സില്‍ അംഗമായ റഷ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തടയാന്‍ കഴിയില്ലെന്നാണ് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലപാടെടുത്തത്. ആയുധ നിയന്ത്രണം ഉള്‍പ്പെടെ നിരവധി സംവാദങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പദ്ധതിയുണ്ടെന്ന് യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.

യുഎൻ രക്ഷാ സമിതിയുടെ അധ്യക്ഷ പദവി ഓരോ മാസവും ഓരോ അംഗങ്ങള്‍ ഏറ്റെടുക്കുന്നതാണ് കീഴ്‍വഴക്കം. ഏപ്രിൽ ഫൂൾ ദിനത്തിലെ എക്കാലത്തെയും മോശം തമാശയെന്നാണ് റഷ്യയുടെ അധ്യക്ഷ പദവിയെ ഉക്രെയ‍്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ വിശേഷിപ്പിച്ചത്. സുരക്ഷാ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നതിന്റെ ഉദാഹരണമാണ് ഇതെന്നും കുലേബ ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് മേലുള്ള കടന്നുകയറ്റമെന്നാണ് ഉക്രെയ്ന്റെ പ്രഥമ ഉപദേഷ്ടാവ് മിഖൈലോ പൊഡോല്യാക്ക് അഭിപ്രായപ്പെട്ടത്. ആക്രമണോത്സുകമായ യുദ്ധം നടത്തുന്ന, മാനുഷിക നിയമങ്ങള്‍ ലംഘിക്കുന്ന ഒരു രാജ്യമാണ് ലോകത്തിലെ പ്രധാന സുരക്ഷാ സമിതിയെ നയിക്കുന്നതെന്ന് മിഖൈലോ അപലപിച്ചു.

റഷ്യ, സുരക്ഷാ സമിതിയിലെ സ്ഥിരാംഗമാണെന്നും സ്വാഭാവിക നടപടിക്രമങ്ങളില്‍ നിന്ന് റഷ്യയെ ഒഴിവാക്കാന്‍ പ്രായോഗികമായ അന്താരാഷ്ട്ര നിയമ മാർഗങ്ങളൊന്നും നിലവിലില്ലെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ‑പിയറി പ്രതികരിച്ചത്. റഷ്യക്ക് പുറമെ, യുകെ, യുഎസ്, ഫ്രാൻസ്, ചൈന എന്നിവയാണ് യുഎൻ സുരക്ഷാ സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങൾ. 2022 ഫെബ്രുവരിയിലാണ് റഷ്യ അവസാനമായി അധ്യക്ഷ സ്ഥാനത്തെത്തിയത്. റഷ്യയുടെ അധിനിവേശം തടയാൻ മതിയായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സുരക്ഷാ കൗൺസിൽ പരിഷ്കരിക്കുകയോ പിരിച്ചുവിടുകയോ ചെയ്യണമെന്നും റഷ്യയെ സമിതിയിൽ നിന്ന് നീക്കണമെന്നും കഴിഞ്ഞ വർഷം സെലൻസ്കി ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: rus­sia to lead un secu­ri­ty council
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.