യുഎസിന്റെ സൈബര്‍ വിവരങ്ങള്‍ ആന്റിവൈറസ് വഴി റഷ്യ ചോര്‍ത്തി

Web Desk
Posted on October 06, 2017, 10:51 pm

യുഎസിന്റെ സൈബര്‍ ശേഷികളുടെ വിവരങ്ങള്‍ റഷ്യന്‍ ഏജന്‍സി ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ആന്റിവൈറസ് സോഫ്റ്റ്‌വെയറായ കാസ്പര്‍സ്‌കിയുടെ സഹായത്തോടെയാണ് റഷ്യന്‍ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്.
അമേരിക്കന്‍ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥന്‍ തന്റെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന കാസ്പര്‍സ്‌കിയാണ് ഹാക്കര്‍മാര്‍ ഇതിനുപയോഗിച്ചത്. രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്ന റഷ്യന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഹാക്കിങ് ഡിവിഷന്‍ ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറില്‍ നിന്നുമാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് റിപ്പോര്‍്ട്ടുകള്‍ വ്യക്തമാക്കി.
2015ലാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും എന്നാല്‍ ഇത് സംബന്ധിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചില്ലെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലും ഏറെ പ്രചാരമുള്ള കാസ്‌പെറസ്‌കിയ്‌ക്കെതിരെ അമേരിക്ക് മുമ്പ് രംഗത്തുവന്നിരുന്നു. കൂടാതെ സ്ഥാപനങ്ങളില്‍ ആന്റി വൈറസായി കാസ്പറസ്‌കി ഉപയോഗിക്കുന്നതും അമേരിക്ക വിലക്കിയിരുന്നു.
കാസ്പറസ്‌കിയ്ക്ക് റഷ്യന്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്നും അവരുടെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് സര്‍ക്കാരിനോടുള്ളത് സുതാര്യമായ സമീപനവുമാണെന്നും അമേരിക്ക വാദിക്കുന്നു.
എന്നാല്‍ ഈ വാദം കാസ്പറസ്‌കി തള്ളി. റഷ്യയുമായി ബന്ധമൊന്നുമില്ലെന്നാണ് കാസ്പറസ്‌കി പറയുന്നത്.
നെറ്റ്‌വര്‍ക്കുകള്‍ വഴി മോസ്‌കോയിലുള്ള സെര്‍വറുകളിലേയ്ക്ക് വിവരങ്ങള്‍ പോകുന്നത് ഹാക്കര്‍മാര്‍്ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഉപകരിക്കുന്നുവെന്നും അമേരിക്ക ആരോപണം ഉന്നയിക്കുന്നുണ്ട്.
ദേശീയ സുരക്ഷാ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇത്തരം ആന്റി വൈറസുകള്‍ വിളിച്ചുവരുത്തുന്ന അപകടങ്ങള്‍ക്കുള്ള സൂചനയാണിതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കാസ്‌പെര്‍സ്‌കി ഉള്‍പ്പെടെയുള്ള എല്ലാ ആന്റിവൈറസ് ഉല്‍പ്പന്നങ്ങളും ഒരേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വൈറസുകളെ കണ്ടെത്തുന്നതിന് കമ്പനി കമ്പ്യൂട്ടറില്‍ ആന്റി വൈറസുകള്‍ സ്ഥാപിക്കുന്നു. അപ്റ്റുഡേറ്റായി നിലനിര്‍ത്താന്‍, ആ സോഫ്‌റ്റ്വെയര്‍ ആന്റിവൈറസ് കമ്പനിയുമായി നിരന്തരം ഡേറ്റകള്‍ കൈമാറുകയും ചെയ്യുന്നു.ഇത് ഒരു ഇരുതലമൂര്‍ച്ചയുള്ള വാളായി മാറുകയാണിവിടെ. വൈറസുകള്‍ നീക്കം ചെയ്യുന്നതിന് കമ്പ്യൂട്ടറിലെ ഫയലുകള്‍ കൈമാറ്റം ചെയ്യേണ്ടിവരുന്നു. ഈ അവസരമാണ് ഹാക്കര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ചാരപ്പണിയ്ക്ക് ഉപയോഗപ്പെടുത്തുകയെന്നും വാള്‍സ്ട്രീട്ടിന്റെ റിപ്പോര്‍ട്ടുകളില്‍ വെളിപ്പെടുത്തുന്നു.