Tuesday
19 Mar 2019

ദുരൂഹസാഹചര്യത്തില്‍ റഷ്യന്‍ മാധ്യമ പ്രവർത്തകൻ അഞ്ചാം നിലയിൽ  നിന്നും വീണുമരിച്ചു

By: Web Desk | Tuesday 17 April 2018 5:12 PM IST


റഷ്യന്‍ മാധ്യമ പ്രവർത്തകൻ  ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ  നിന്നും വീണുമരിച്ചു. സിറിയയിലെ റഷ്യന്‍ ഇടപെടലുകള്‍ സംബന്ധിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്ന മാക്‌സിം ബരോഡിന്‍ ആണ് ഞായറാഴ്ച തന്റെ വാസസ്ഥലത്തെ അഞ്ചുനിലകെട്ടിടത്തില്‍ നിന്നും താഴെവീണ് മരിച്ചത്. മാക്‌സിം ജോലി ചെയ്തിരുന്ന പത്രത്തിന്റേതായാണ് അറിയിപ്പു വന്നത്. അപ്പാര്‍ട്ടുമെന്റ് അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് സിഎന്‍എന്നിനോട് പറഞ്ഞു. അപരിചിതര്‍ ആരും അപ്പാര്‍ട്ടുമെന്റില്‍ കടന്നതായി കാണുന്നില്ല.

സംശയിക്കത്തക്ക കാര്യങ്ങള്‍ ഒന്നുമില്ലെന്ന് പ്രാദേശിക പൊലീസ് അധികൃതര്‍ പറയുന്നുവെങ്കിലും സൃഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സംശയം ഒഴിഞ്ഞിട്ടില്ല. ആത്മഹത്യ സംശയിക്കത്തക്ക കാരണമൊന്നുമില്ലെന്ന് ബരോഡിന്റെ പത്രമായ ന്യൂഡേയുടെ എഡിറ്റര്‍ ഇന്‍ ചീഫ് പോളിന റുമ്യാന്റ്‌സേവ് പറയുന്നു. ഭാവിയെപ്പറ്റിയും ഔദ്യോഗിക കാര്യങ്ങളെപ്പറ്റിയും വ്യക്തമായ പദ്ധതികള്‍ ഉണ്ടായിരുന്ന ബൊരോഡിന്‍ ആത്മാഹൂതിയെയ്യാനുള്ള ഒരു തീരുമാനമെടുക്കില്ലെന്ന് അവര്‍ പറഞ്ഞു. അപാര്‍ട്ട്‌മെന്റ് പൊലീസിനൊപ്പം തങ്ങള്‍ സന്ദര്‍ശിച്ചുവെന്നും ഇവര്‍ പറഞ്ഞു. ബാല്‍ക്കണിയില്‍ നിന്നും പുകവലിക്കുന്നതിനിടെ അപകടം സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊളിനയുടെ വിലയിരുത്തല്‍.
എന്നാല്‍ ഞായറാഴ്ച രാവിലെ തന്റെ കെട്ടിടം സായുധരും മുഖം മൂടിധരിച്ചവരുമായ സിലോവികി, റഷ്യന്‍ സെക്യൂരിറ്റി സര്‍വീസ് വളഞ്ഞിട്ടുണ്ടെന്നു ബാരോഡിൻ  തന്നോട് ഫോണില്‍ പറഞ്ഞതായി ബരോഡിന്റെ സുഹൃത്ത് വ്യാചെസ്ലെവ് ബാഷ്‌കോവ് ഫെയ്‌സ്ബുക്കില്‍ എഴുതി. തന്റെ അപ്പാര്‍ട്ട്‌മെന്റ് സെര്‍ച്ച് ചെയ്യാനായി ഒരു കോടതി അനുമതിക്കായി കാത്തുനില്‍ക്കുകയാണിവരെന്നാണ് ബരോഡിന്‍ ധരിച്ചതെന്നും ഒരു അഭിഭാഷകന്‌റെ സഹായം വേണമെന്നും പറഞ്ഞുവത്രേ. എന്നാല്‍ ഒരുമണിക്കൂറിനുശേഷം ഇതൊരു തെറ്റിദ്ധാരണയായിരുന്നുവെന്ന് ബരോഡിന്‍ സുഹൃത്തിനെ അറിയിച്ചു.
എഴുതാന്‍ കൂടുതല്‍ സ്വാതന്ത്ര്യമുള്ള ഒരു സ്ഥാപനംതേടി മോസ്‌കോയിലേക്കുപോകുവാന്‍ ബരോഡിന്‍ ആഗ്രഹിച്ചിരുന്നുവെന്നും നിരാശമൂലമുള്ള ഒരു ആത്മഹത്യയാകാമിതെന്നുമാണ് റഷ്യന്‍ പ്രതിപക്ഷ രാഷ്ട്രീയത്തിലുള്ള മറ്റൊരു പരിചയക്കാരന്റെ അഭിപ്രായം.

ഉന്നതബന്ധമുള്ള അഴിമതിക്കഥകള്‍ നിരന്തരം എഴുതിയിരുന്ന ആളായിരുന്നു ബരോഡിന്‍. സിറിയയില്‍ യുഎസ് സേനയുമായി ഏറ്റുമുട്ടി മരിച്ച റഷ്യന്‍ വാടക സൈനികരെപ്പറ്റി ബരോഡിന്‍ ഫെബ്രുവരിയില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പുടിന്‍ അനുകൂലി യവ്ജനിപ്രിഗോഷിന്‍ നിയന്ത്രിക്കുന്ന സ്വകാര്യസൈനിക കമ്പനിയായ വാഗ്നറുടെ ചില അംഗങ്ങളെപ്പറ്റിയും ബരോഡിന്‍ വാര്‍ത്തനല്‍കിയിരുന്നു. യുഎസ് വിലക്കുകള്‍ നേരിടുന്ന പ്രിഗോഷിന്‍ തനിക്കെതിരെയുള്ള വാര്‍ത്തകള്‍ ഒതുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നുവത്രേ.
വിവാദചിത്രം മറ്റില്‍ഡയെപ്പറ്റി ബരോഡിന്‍ നല്‍കിയ ഒരു ചാനല്‍ അഭിമുഖത്തെത്തുടര്‍ന്ന് അജ്ഞാതനായ ഒരാള്‍ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചതുസംബന്ധിച്ച് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്.
യൂറോപ്പില്‍ ഏറ്റവും ഏറെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് റഷ്യയെന്ന് യൂറോപ്യന്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് വെളിവാക്കുന്നു. 1990നുശേഷം 346 മാധ്യമപ്രവര്‍ത്തകര്‍ യൂറോപ്പില്‍ മരിച്ചിട്ടുണ്ട്. അതിന്റെ മൂന്നിലൊന്നും റഷ്യയിലാണ്.

Related News