18 April 2024, Thursday

ഉപരോധങ്ങൾക്കിടയിലും റഷ്യൻ എണ്ണ വില്പന ഉയരുന്നു

Janayugom Webdesk
July 15, 2022 10:51 pm

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടന്ന് റഷ്യയുടെ ഇന്ധന കയറ്റുമതി ഉയരുന്നു. ചെെന, ഇന്ത്യ, ആഫ്രിക്ക, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി വര്‍ധിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി അറേബ്യ ഈ വർഷം രണ്ടാം പാദത്തിൽ വെെദ്യുത ഉല്പാദനത്തിനായി റഷ്യൻ ക്രൂ­ഡിന്റെ ഇറക്കുമതിയുടെ അളവ് ഇരട്ടിയായി വർധിപ്പിച്ചതായാണ് റെഫിനിറ്റീവ് ഇക്കോണില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ റഷ്യയില്‍ നിന്ന് 6, 47,000 ടണ്‍ (പ്രതിദിനം 48,000) റഷ്യന്‍ എ­ണ്ണയാണ് സൗദി ഇറക്കുമതി ചെയ്തത്. 19 മാസത്തിന് ശേഷം സൗദി അറേബ്യയെ പിന്തള്ളി ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരില്‍ ഒന്നാം സ്ഥാനത്തേക്ക് റഷ്യ തിരിച്ചെത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ഉക്രെയ്ൻ സെെനിക നടപടിയുടെ ആദ്യ 100 ദിവസങ്ങളിൽ എണ്ണ, വാതകം, കൽക്കരി എന്നിവയുടെ കയറ്റുമതിയിൽ നിന്ന് 9.3 കോടി യൂറോയുടെ വരുമാനം റഷ്യ നേടിയതായി സെ­ന്റർ ഫോർ റിസർച്ച് ഓൺ എനർജി ആന്റ് ക്ലീൻ എയറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച് 2021 ൽ, റഷ്യയുടെ ഫെഡറൽ ബജറ്റിന്റെ 45 ശതമാനവും എണ്ണയിൽ നിന്നും വാതകത്തി­ൽ നിന്നുമുള്ള വരുമാനമാണ്.
റഷ്യക്കെതിരെ വിവിധ മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം പരാജയപ്പെട്ടതായാണ് വിലയിരുത്തല്‍. ഉക്രെയ്‍നിൽ പ്രത്യേക സൈ­നി­ക നടപടി ആരംഭിച്ചതു മുതൽ, യു­എസും യൂറോപ്യൻ യൂ­ണിയൻ രാജ്യങ്ങളും വിവിധ റ­ഷ്യൻ മേഖലകൾക്കെതിരെ ഉ­പ­രോധം ഏർപ്പെടുത്തിയിട്ടുണ്ട്.

യൂറോപ്പിന്റെ 40 ശതമാനത്തിലധികം ഇന്ധനവും വിതരണം ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനം, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിദഗ്‍ധര്‍ പറയുന്നത്. കൂടുതൽ രാജ്യങ്ങളും കമ്പനികളും ഇന്ധന വ്യാപാരം അവസാനിപ്പിച്ചതിനു പിന്നാലെ റ­ഷ്യ­യുടെ ഫോസിൽ ഇ­ന്ധന കയറ്റുമതി ഗണ്യമായി കുറഞ്ഞെങ്കിലും കുതിച്ചുയരുന്ന ഇ­ന്ധന വില ഇതിന്റെ പ്രത്യാഘാത­ങ്ങളെ ഇല്ലാതാക്കിയെന്നും വിദ‍ഗ്‍ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ വാണിജ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏപ­്രില്‍ മേയ് മാസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി അഞ്ചിരട്ടിയായാണ് വര്‍ധിച്ചത്. ഈ രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 10.31 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ, ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് 2.85 ശതമാനമായിരുന്നു.

Eng­lish Summary:Russian oil sales rise despite sanctions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.