റയാന്‍ സ്‌കൂള്‍: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ്

Web Desk

ന്യൂഡല്‍ഹി

Posted on November 15, 2017, 9:41 pm

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഹരിയാന മന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നാണ് മരിച്ച പ്രദ്യൂമന്‍ ഠാക്കൂറിന്റെ പിതാവ് വരൂണ്‍ ഠാക്കൂര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സിബിഐ അന്വേഷണം നടത്താന്‍ സമയമെടുക്കുന്നതിനാല്‍ അതാവശ്യപ്പെടരുതെന്നും പൊലീസില്‍ വിശ്വസിക്കണമെന്നുമാണ് ഹരിയാന മന്ത്രി റാവു നര്‍ബിന്‍ സിങ് ആവശ്യപ്പെട്ടതെന്ന് പിതാവ് പറയുന്നു. പൊലീസിന്റെ അതേ നിഗമനത്തിലാണ് സിബിഐയും എത്തുന്നതെങ്കില്‍ അത് തങ്ങള്‍ സ്വീകരിക്കുമെന്ന് മന്ത്രിക്ക് മറുപടി നല്‍കിയെന്നും, സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് തറപ്പിച്ചു പറഞ്ഞതായും വരുണ്‍ പറഞ്ഞു. എന്നാല്‍ വരുണിന്റെ ആരോപണങ്ങളെ തള്ളി മന്ത്രി രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തിനു തൊട്ടു പിന്നാലെ സിബിഐ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് താന്‍ പറഞ്ഞിരുന്നതെന്നും, അതിനാല്‍ ഒരാഴ്ചയെങ്കിലും പൊലീസ് അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നും തൃപ്തിയില്ലെങ്കില്‍ സിബിഐ അന്വേഷണം നടത്താമെന്ന് താന്‍ പറഞ്ഞിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളില്‍ ഏഴുവയസുകാരനായ കുട്ടിയെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നാലെ സ്‌കൂള്‍ ബസിന്റെ കണ്ടക്ടര്‍ അശോക് കുമാറിനെ ഹരിയാന പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് സിബിഐ അന്വേഷണത്തിലാണ് സ്‌കൂളിലെ പതിനൊന്നാം ക്ലാസുകാരനാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത്.