കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന നാടന്‍കലാ ഉല്പന്ന വിപണമേളയായ ഗദ്ദികയിലെത്തുന്നവര്ക്ക് സണ്ണിയും തന്റെ കലാസൃഷ്ടികളും പകര്‍ന്നു നല്‍കുന്നത് ആത്മവിശ്വാസത്തിന്റെ പുതിയൊരു ഊര്‍ജ്ജമാണ്. ഒരു വ്യക്തിയുടെ ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മുന്നില്‍ ഏത് പ്രതിസന്ധിയും മുട്ടുമടക്കുമെന്നത് തന്റെ ജീവിതത്തിലുടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ എസ് സണ്ണി. അതുകൊണ്ട് തന്നെ ഗദ്ദികയിലെ മനോഹരമായ പരമ്പരാഗത ഉല്പന്നങ്ങളില് കണ്ണുടക്കുമ്പോഴും സണ്ണിയും അവന്റെ കലാസൃഷ്ടികളും ഏവരുടെയും മനസ്സില്‍ മായാത്ത ചിത്രമായി അവശേഷിക്കുന്നു.
എല്ലാ ചെറുപ്പക്കാരനെയുംപോലെ ഊര്‍ജ്ജസ്വലനായ സണ്ണിയുടെ ജീവിതം മാറ്റി മറിച്ചത് 2005 ല്‍ പുനലൂരിലുണ്ടായ ഒരു തീവണ്ടിയപകടമാണ്. മൊബൈല്‍ കമ്പനികളുടെ ടവര്‍ നിര്‍മ്മാണവുമായി ലോകം മുഴുവന്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിനപകടത്തില്‍ സണ്ണിയുടെ കരുത്തായ വലതു കൈയും ഇരുകാലുകളും നഷ്ടപ്പെട്ടു. പിന്നീട് തുടര്‍ ചികിത്സയും വീട്ടിലെ ദുരിതങ്ങളുമായി കഴിയുന്നതിനിടെയാണ് എപ്പോഴോ വരയിലേക്ക് തിരിഞ്ഞത്.
എല്ലാറ്റിനും വലതുകൈ ഉപയോഗിച്ചിരുന്ന സണ്ണി എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇടതുകൈ കൊണ്ട് ചിത്രം വരച്ച് തുടങ്ങി. വെറുതെ കിടന്നപ്പോള്‍ ആദ്യം പേപ്പറിലാണ് വരച്ച് തുടങ്ങിയത്. വീട്ടിലെത്തിയ ചിലര്‍ പേപ്പര്‍ വാങ്ങിക്കൊടുത്ത് വരയ്ക്കാന്‍ പറഞ്ഞു. ചില മേളകളില്‍ പ്രദര്‍ശിപ്പിച്ച് ആളുകള്‍ വിലകൊടുത്ത് ചിത്രം വാങ്ങാന്‍ തുടങ്ങിയപ്പോഴാണ് വര ഗൗരവമായെടുത്തത്. വീട്ടില്‍ വെച്ച് തന്നെയാണ് വരയ്ക്കുന്നത്. നിന്നെ കൊണ്ട് ഇനി ഒന്നുമാവില്ല, നീ കേവലം മാംസപിണ്ഡം മാത്രമാണെന്ന് പറഞ്ഞ് തന്നെ മാറ്റി നിര്‍ത്തിയവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇടത് കൈ ഉപയോഗിച്ചുള്ള ചിത്രം വര.
അതുവരെ ചിത്രം വരയ്ക്കാത്ത സണ്ണിയുടെ വരകള്‍ ഏവരെയും അത്ഭതപ്പെടുത്തുന്നതായിരുന്നു. പിന്നെ സര്‍വ്വപിന്തുണയും നല്കി കൂടെ നിന്നത് ബീന ടീച്ചറും അനില്‍ എന്ന സുഹൃത്തുമായിരുന്നു. ഇരു കാലുകളും വലത് കൈയും നഷ്ടപ്പെട്ടപ്പോള്‍ ജീവിതം കരഞ്ഞ് തീര്‍ക്കാനുള്ളതല്ലെന്ന ദൃഢനിശ്ചയത്തില്‍ മുന്നോട്ട് പോയി. ജീവിതത്തില്‍ പരാജയപ്പെടാതിരിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയെങ്കിലും സണ്ണിയുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ പ്രതിസന്ധികള്‍ വഴിമാറി. അപകടം നടന്നതിന് ശേഷമാണ് വിവാഹിതനായത്. ഭാര്യ അജിതയ്ക്കും മകന് ആദിത്യനും പ്രായമായ അമ്മയ്ക്കും അത്താണിയാണ് ഇന്ന് സണ്ണി.
ചിത്രം വരച്ച് വിറ്റ് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. വീട്ടില്‍ നിന്ന് സ്ഥിരമായി ചിത്രം വരയ്ക്കാറുണ്ടെങ്കിലും എല്ലാം വിറ്റ് പോവുക പ്രയാസമാണ്. ഇത്തരം മേളകള്‍ വരുമ്പോഴാണ് കൂടുതലായി വിറ്റ് പോകുന്നത്. കാഴ്ചക്കാര്‍ക്ക് മുന്നില്‍ തത്സമയം വരച്ച് കുറഞ്ഞ ചെലവില്‍ വില്‍ക്കുന്നതാണ് രീതി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സാധാരണക്കാര്‍ക്കും വാങ്ങാന്‍ സാധിക്കുന്ന തരത്തില്‍ ചെറിയ വിലയ്ക്കുള്ള ചിത്രങ്ങളാണ് സണ്ണി വരയക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.