26 March 2025, Wednesday
KSFE Galaxy Chits Banner 2

സാക്കിയ ജെഫ്രി ഫാസിസത്തനെതിരെയുള്ള പോരാട്ട വീര്യം

Janayugom Webdesk
വലിയശാല രാജു
February 9, 2025 7:00 am

ചിന്തിക്കുന്ന ലോകത്തിന് ഇന്ന് സാക്കിയ ജെഫ്രി ആവേശത്തിന്റെ തിരിനാളമാണ്. അവർ എതിർത്തത് നിസാരരെയായിരുന്നില്ല. എന്തും ചെയ്യാൻ മടിക്കാത്ത അധികാര വർഗത്തോടാണ്. അതിലുപരി ജനാധിപത്യബോധം തൊട്ട് തീണ്ടിട്ടില്ലാത്ത ഫാസിസ്റ്റ് ശക്തികളോടാണ്. അവരുടെ പോരാട്ടം അന്തിമ വിജയം നേടിയില്ല എന്നത് സത്യമാണ്. അതിന്റെ പേരിൽ വർഗീയ വാദികൾക്ക് തല്‍ക്കാലം ആശ്വസിക്കാം. പക്ഷെ അവർ ഉയർത്തിയ ധാർമ്മിക പോരാട്ടം നെഞ്ചിലെ കനലായി നമ്മിൽ അവശേഷിക്കും. അത് നാളെ ഫാസിസതിനെതിരായ പുതിയൊരു പോർമുഖം തുറക്കുമെന്ന് തീർച്ച. ഒരു വായോധികയുടെ കരളുറപ്പിന് മുൻപ്പിൽ ഏത് നീതിന്യായ വ്യവസ്ഥയും നാളെ മറുപടി പറയേണ്ടി വരും. 

എല്ലാ പോരാട്ടവും വിജയിക്കണമെന്നില്ല. അവസാനം പരാജയം എന്നറിഞ്ഞിട്ടും പ്രതീക്ഷ വിടാത്ത ആ ധീരതയുണ്ടല്ലോ അത് നമിക്കപ്പെടേണ്ടത് തന്നെയെന്ന് ലോകം തിരിച്ചറിയുന്ന കാലം വിദൂരമല്ല. 2002ലെ ഗുജറാത്ത്‌ വംശഹത്യയുടെ ചോരക്കറ പതിഞ്ഞത് അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രിക്കും പിന്നെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്കാണെന്ന് ദീർഘമായ നിയമയുദ്ധത്തിലൂടെ അവർ പറഞ്ഞു കൊണ്ടേയിരുന്നു. 2002ലെ ഗുജറാത്ത്‌ വർഗീയ കലാപത്തിൽ അന്ന് തലനാരിഴക്കാണ് സാക്കിയ രക്ഷപ്പെട്ടത്. 

ഗോധ്ര ട്രയിൻ ദുരന്തത്തിന്റെ പിറ്റേന്ന് അഹമ്മദാബാദിലെ മുസ്ലിം ഭൂരിപക്ഷമുള്ള ഗുൽബർഗ ഹൗസിങ് സൊസൈറ്റിയിൽ വച്ചായിരുന്നു കൊടുംപാതകങ്ങൾ അരങ്ങേറിയത്. അഹമ്മദാബാദ് ചമൻപുരയിലെ ഗുൽബെർഗ് സൊസൈറ്റിയിൽ അന്ന് പ്രാർഥന യോഗത്തിന് എത്തിയതായിരുന്നു അവർ. 2002 ഫെബ്രുവരി 27ന് ഗ്രോധ്ര സംഭവത്തെ തുടർന്ന് ഗുജറാത്തിൽ വംശീയ കലാപങ്ങൾ അരങ്ങേറുന്ന പശ്ചാത്തലമായിരുന്നു. സൊസൈറ്റിയുടെ പുറത്ത് ആളുകൾ തടിച്ചു കൂടിയിരുന്നു. തങ്ങൾ ഏത് നിമിഷവും ആക്രമി ക്കപ്പെടാമെന്ന ഭീതിയിൽ പ്രാർത്ഥനാ യോഗത്തിനെത്തിയവർ സൊസൈറ്റിയിലെ താമസക്കാരനും അവിടെത്തെ എംപിയുമായിരുന്ന ഇഹ്സാൻ ജാഫ്രിയുടെ വീട്ടിൽ അഭയം തേടി. അക്രമം ഉണ്ടാവുമെന്ന് തീർച്ചയാക്കിയ എംപി പോലീസിനെ ബന്ധപ്പെട്ടു. പക്ഷെ ആരും എത്തിയില്ല. ഇതോടെ പുറത്ത് തടിച്ചു കൂടിയ വർഗീയ വാദികൾ സൊസൈറ്റിയുടെ മതിലുകൾ തകർക്കുകയും ഉള്ളിലേക്ക് കടക്കുകയും ചെയ്തു. അങ്ങനെ 2002 ഫെബ്രുവരി 28ന് ഇഹ്സാൻ ജാഫ്രിയടക്കം 69പേർ കൊല്ലപ്പെട്ടു. ഇതാണ് ഗുജറാത്ത്‌ കലാപത്തിന്റെ ഭാഗമായ ഗുൽബർഗ് സൊസൈറ്റി കൂട്ടകൊലയായി പിന്നീട് അറിയപ്പെട്ടത്. കലാപത്തിന്റെ നേർസാക്ഷിയായിരുന്നു സാക്കിയ ജാഫ്രി.

കലാപകാരികളിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഹ്സാൻ ജാഫ്രി അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി അടക്കമുള്ള ഉന്നതരെ വിളിച്ചങ്കിലും ആരും ഫോൺ പോലും എടുത്തില്ല. ഇത് ഉന്നതങ്ങൾ അറിഞ്ഞുള്ള തീർത്തുമൊരു ഗൂഢാലോചനയായിരുന്നുവെന്ന് പകൽ പോലെ സാക്കിയക്ക്‌ വ്യക്തമായിരുന്നു. കാരണം ഇതിനെല്ലാം ദൃക്സാക്ഷിയായിരുന്നു അവർ. സ്വന്തം പാർട്ടിയായ കോൺഗ്രസ് പോലും അവരെ സഹായിക്കാൻ എത്തിയില്ല. അവർ പോലും വർഗീയ വാദികൾക്ക് മുൻപിൽ തല കുമ്പിട്ട് നിന്നു. അങ്ങനെയാണ് സാധാരണ വീട്ടമ്മയിൽ നിന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്ക് അവർ ഉയിർത്തെഴുന്നേറ്റത്. അതും ഈ സംഭവം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം 2006 ലാണ് ഒറ്റക്ക് നിയമ പോരാട്ടം സാക്കിയ തുടങ്ങിയത്. പലരും ഉപദേശിച്ചു. ഇത് സ്വന്തം ജീവൻ വച്ചുള്ള കളിയാണ് എന്ന് പറഞ്ഞു. പക്ഷെ അവർ പിന്മാറിയില്ല. മോഡിയടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയ സംഭവം അനേഷിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെതിരെ കൊടുത്ത അപ്പീലുകളെല്ലാം ഗുജറാത്ത്‌ ഹൈകോടതിയും പിന്നെ സുപ്രീംകോടതിയും വേണ്ടത്ര തെളിവുകളില്ല എന്ന് പറഞ്ഞു തള്ളുകയാണുണ്ടായത്. ഏതാണ്ട് രണ്ട് പതിറ്റാണ്ട് നീണ്ട് നിന്ന സാക്കിയയുടെ പോരാട്ടം 2022ലെ സുപ്രീംക്കോടതി വിധിയോടെ താത്കാലികമായി അവസാനിക്കുകയാനുണ്ടായത്.

ഫാസിസ്റ്റുകൾ നയിക്കുന്ന സർക്കാരുകളെയും മുൻ വിധികൾ നയിക്കുന്ന ജുഡിഷ്യറിയെയും വാർധക്യത്തിലും വെല്ലുവിളിച്ച് അവർ നടത്തിയ നിയമയുദ്ധങ്ങൾ പരാജയപ്പെട്ടെങ്കിലും ആയിരക്കണക്കിന് മുസ്ലിങ്ങളുടെ ജീവനും സ്വത്തും കവർന്ന വംശഹത്യയെക്കുറിച്ച് അവരുയർത്തിയ ചോദ്യങ്ങൾ കനലുകളായി കെടാതെ ഇന്ത്യൻ നിയമപുസ്തകത്തിൽ കാണും.
ഇത് ഫാസിസത്തിന്റെ ഒരു നേർ കാഴ്ചയാണ്. ജനാധിപത്യ വ്യവസ്ഥയിലും എത്രയൊക്കെ പോരാടിയാലും തങ്ങൾ കരുതുന്നതിനപ്പുറം പോകാൻ നിയമ സംവിധാനത്തിനോ മറ്റ്‌ ജൂഡിഷറി, എക്‌സിക്യുട്ടീവ് ചട്ടക്കൂടുകൾക്കോ കഴിയില്ല എന്ന വലിയ സത്യം.

ഗുജറാത്ത് വംശഹത്യക്കെതിരെ വനിതകളടക്കം നിരവധി സാമൂഹ്യ‑മനുഷ്യാവകാശ പ്രവർത്തകർ രംഗത്തു വന്നിരുന്നു. പക്ഷെ അതിൽ നിന്നെല്ലാം വേറിട്ടതായിരുന്നു സാക്കിയയുടേത്. അവർ കലാപം നേരിട്ട് കണ്ടതാണ്. സ്വന്തം ഭർത്താവിനെ വർഗീയവാദികൾ തീ കൊളുത്തി കൊല്ലുന്നത് നിസഹായതയോടെ നോക്കി നിൽക്കേണ്ട അവസ്ഥ നേരിട്ട ഹതഭാഗ്യയായിരുന്നു. ഭർത്താവ് നിസാരനായ വ്യക്തിയയായിരുന്നില്ല അദ്ദേഹം പാർലമെന്റ് അംഗമായിരുന്നു. അദ്ദേഹത്തെ പോലും തെരുവിൽ ഫാസിസ്റ്റുകൾ ക്രൂരമായി കൊല ചെയ്തു എന്നത് നമ്മുടെ നീതി ന്യായയെ വ്യവസ്ഥയുടെ കണ്ണ് തുറപ്പിച്ചില്ല എന്നത് ഒരിക്കലും തീരാത്ത കളങ്കമായി ഇന്ത്യ ജനാധിപത്യത്തിൽ നിലനിൽക്കും.

ഇവിടെ അനാവരണം ചെയ്യപ്പെടുന്നത് ഫാസിസ്റ്റ് വാഴ്ചയുടെ പൈശാതികമായ മുഖമാണ്. ഇന്ത്യയുടെ തെക്കേ അറ്റത്ത് ഇടത് ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കുന്ന ഒരിടത്തുള്ള മലയാളികൾക്ക് ഇത് മനസിലാകണമെന്നില്ല. ഇതൊരു നിസാരമായ അക്രമ സംഭവമോ ഒറ്റപ്പെട്ട വർഗീയ കലാപമോ അല്ല. വംശീയ ഉന്മൂലനം എന്നതിന് വ്യാപകമായ അർഥ തലങ്ങളുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ട് മുൻപുള്ള ജർമ്മൻ പാഠങ്ങൾ മനസിലായാലേഇതിന്റെ തീവ്രത മനസിലാക്കാൻ കഴിയൂ. ഫാസിസ്റ്റ് ശക്തികൾ ഗുജറാത്തിൽ തുടങ്ങി ഇന്ന് ഇന്ത്യയുടെ ഭരണാധികാരം തന്നെ കൈയ്യാളുമ്പോൾ സാക്കിയയെപോലുള്ളവരുടെ ധീര രോദനം ആര് കേൾക്കാനാണ്.

ഉന്നത നീതി പീഠത്തിന്റെ ഹർജി തള്ളികൊണ്ടുള്ള തീർപ്പ്‌ വന്ന ശേഷവും ആ വായോധിക പറഞ്ഞത് പോരാട്ടം അവസാനിച്ചില്ല എന്നാണ്. ഫാസിസ്റ്റുകൾക്ക് സ്വന്തം പാർട്ടി പോലും തല കുനിച്ചു എന്നത് മരണം വരെയും അവരെ പിടി വിടാതെ പിന്തുടർന്ന മറ്റൊരു വേദനയായിരുന്നു. കോൺഗ്രസ് എംപി ആയിരുന്നിട്ട് പോലും ആ പാർട്ടിയിൽ നിന്നും ഒരു പിന്തുണയും സാക്കിയക്ക്‌ ലഭിച്ചില്ല. ഗുജറാത്ത്‌ സംഭവത്തിന്‌ ശേഷം അഹമ്മദബാദിൽ വന്നിരുന്ന സോണിയഗാന്ധി സാക്കിയയെ കാണാൻ കൂട്ടാക്കിയില്ല എന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. സാക്കിയ ജാഫ്രി കഴിഞ്ഞ ഫെബ്രുവരി ഒന്നിന് 86മത്തെ വയസിൽ വിട പറയുമ്പോൾ ഫാസിസ്റ്റുകളുടെ കണ്ണിലെ കരടായ ഒരാൾ കൂടി അസ്തമിക്കുകയാണ്. പക്ഷെ, അവർ ഉയർത്തിയ തീപ്പന്തം വർഗീയ വാദികൾക്ക് എതിരായ ഭാവിയിലെ ഇന്ത്യൻ ജനതയുടെ പോരാട്ടങ്ങൾക്ക് ശക്തി പകരുക തന്നെ ചെയ്യും. ഗുജറാത്ത്‌ വംശീയ കലാപത്തിൽ ആകെ കൊല്ലപ്പെട്ടത് എത്രയെന്നു ഇന്നും വ്യക്തമല്ല. അത് മൂവായിരത്തിറെ വരുമെന്ന് ചില മനുഷ്യാവകാശ സംഘടനകൾ ചൂണ്ടികാണിക്കുന്നു.

ഫാസിസം എന്നത് ലളിതമായി പറയുന്ന മൂന്നക്ഷരമല്ല. അതിന്റെ ഭയാനകത അറിയാൻ മുക്കാൽ നൂറ്റാണ്ട് പിന്നോട്ട് സഞ്ചരിക്കേണ്ടിവരും. ഇറ്റലിയിൽ ജനിച്ച് ജർമ്മനിയിൽ വളർന്ന് പന്തലിച്ചു ലോകമാകെ നാശത്തിന്റെ കരിമ്പടം പുതപ്പിച്ച ഈ വിപത്തിനെ നേരിട്ടത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ്. സോവിയറ്റ് റഷ്യ പ്രതിരോധം തീർക്കുക മാത്രമല്ല ബർലിൽനിൽ ഹിറ്റ്‌ലറുടെ കൊട്ടാരം പോലും വളഞ്ഞു. ബെർലിൻ കൊട്ടാരത്തിനു മുകളിൽ ചെങ്കൊടി ഉയർത്തി. നിവർത്തിയില്ലാതെ ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. ഇന്ന് വീമ്പടിക്കുന്ന അമേരിക്കയും ബ്രിട്ടനും ഹിറ്റ്‌ലരുടെ പടയോട്ടത്തിൽ ഞെട്ടി വിറച്ചു നിന്നപ്പോൾ തങ്ങളുടെ ഏതാണ്ട് ഒരു കോടിയോളം ചുവപ്പ് സൈനികരെയാണ് റഷ്യക്ക്‌ ബലി കൊടുക്കേണ്ടി വന്നത്. ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് വിജയിച്ചരുന്നെങ്കിൽ ഇന്ത്യയടക്കമുള്ള രണ്ട് ഡസനിലധികം രാജ്യങ്ങൾക്ക്‌ സ്വാതന്ത്ര്യം കിട്ടുമായിരുന്നില്ല. ഫാസിസ്റ്റുകൾ കാരണം നരക യാതന അനുഭവിച്ചവർക്ക്‌ മോചനം ഉണ്ടാകുമായിരുന്നില്ല. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കിട്ടാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നേനെ.

അൻപത് വർഷത്തോളം പതുങ്ങിക്കഴിഞ്ഞ ഇവർ ഇന്ന് നവ ഫാസിസത്തിന്റെ രൂപത്തിൽ കരുത്താർജിക്കാനുള്ള ശ്രത്തിലാണ്. ഇന്ത്യയിലാണ് ഫാസിസ്റ്റ് ശക്തികൾ പിടിമുറുക്കാനുള്ള കഠിന പരിശ്രമങ്ങൾ ഇന്ന് നടത്തുന്നത്. അതിനായി അവരുടെ കൈയിലുള്ള തുറുപ്പു ചീട്ടാണ് ഫാസിസ്റ്റ്കൾ എല്ലായിടത്തും പരീക്ഷിച്ച വംശീയത. ഗുജറാത്ത്‌ അതിന്റെ ആദ്യ പരീക്ഷണമായിരുന്നു. ജർമ്മനിയിൽ വംശീയത ലക്ഷക്കണക്കിന് പേരെയാണ് കൊന്നെടുക്കിയത്. വംശീയ കലാപങ്ങൾ വളർത്താൻ ഇവർ കൂട്ട് പിടിക്കുന്നത് മതങ്ങളെയാണ്. അതിന്റെ വിശ്വാസപ്രമാണങ്ങളെയാണ്. പക്ഷേ മതവുമായോ മത വിശ്വാസങ്ങളുമയോ ഫാസിസ്റ്റകൾക്ക് പുലബന്ധം പോലുമില്ല. ഇവിടത്തെ സാധാരണക്കാരായ അന്നന്ന് പണിയെടുത്തു ജീവിക്കുന്ന പാവപ്പെട്ട മത വിശ്വാസികളാണ് അവരുടെ മൂലധനം. അത് കൊണ്ട് കരുതിയിരിക്കേണ്ടേണ്ടത് നമ്മളാണ്. നാളെ മറ്റൊരു ഗുജറാത്ത്‌ നമ്മുടെ നാട്ടിലും ആവർത്തിക്കാം. വംശീയ കലാപങ്ങളുടെ പരിണിത ഫലം അതിൽ നിന്നും ആർക്കും മോചനമില്ല എന്നുള്ളതാണ്. ജനതയുടെ സർവനാശമായിരിക്കും അന്തിമമായ സംഭവിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.