Tuesday
20 Aug 2019

ഭിന്നതയുടെ നടുവില്‍ പ്രതിപക്ഷ മുന്നണി

By: Web Desk | Thursday 29 November 2018 11:08 PM IST


assembly

thiranottam

ശബരിമല വിഷയം ഉയര്‍ത്തി പ്രതിപക്ഷം ഇന്നലെയും നിയമസഭാ നടപടികള്‍ സ്തംഭിപ്പിച്ചു. നിമിഷനേരം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയും ചെയ്തു.
അതേസമയം ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി നിയമസഭ സ്തംഭിപ്പിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷമായി. കേരള പുനര്‍നിര്‍മാണ പ്രക്രിയപോലുള്ള സുപ്രധാന വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവസരമാണ് പ്രതിപക്ഷം നഷ്ടപ്പെടുത്തിയതെന്ന വിമര്‍ശനമാണ് ഉയരുന്നത്.
ഇന്നലെ സഭ ചേര്‍ന്നയുടന്‍ ചോദ്യോത്തരവേള സസ്‌പെന്റ് ചെയ്ത് അടിയന്തര പ്രമേയം ചര്‍ച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ചോദ്യോത്തരവേള സസ്‌പെന്റ് ചെയ്യേണ്ട അടിയന്തര സാഹചര്യം ഒന്നും ഇല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
ചോദ്യോത്തരവേള തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് ശരിയല്ല. എത്രയോ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുണ്ട്. ശബരിമല വിഷയംതന്നെ വ്യാഴാഴ്ചത്തെ ചോദ്യത്തിലുണ്ട്. അപ്പോള്‍ ഉന്നയിക്കാവുന്നതേയുള്ളുവെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ വാക്കുകള്‍ കേള്‍ക്കാന്‍ പ്രതിപക്ഷാംഗങ്ങള്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സ്പീക്കര്‍ അംഗങ്ങളെ ക്ഷണിച്ചു. ആദ്യത്തെ രണ്ട് ചോദ്യങ്ങള്‍ പ്രതിപക്ഷാംഗങ്ങളുടെതായിരുന്നു. അവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കാതെ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്ക് നീങ്ങുകയായിരുന്നു. മൂന്നാമത്തെ ചോദ്യം പി മുഹമ്മദ് മൊഹസിന്‍, മുല്ലക്കര രത്‌നാകരന്‍, ഇ കെ വിജയന്‍, ആര്‍ രാമചന്ദ്രന്‍ എന്നിവരുടേതായിരുന്നു. അവര്‍ ചോദ്യം ഉന്നയിച്ചു. അതിനു മറുപടി പറയാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എഴുന്നേല്‍ക്കുകയും ചെയ്തു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം ഉയര്‍ത്തി. മുദ്രാവാക്യങ്ങള്‍ മുഴക്കി ബഹളം വച്ചതോടെ ചോദ്യോത്തരവേളയും ശ്രദ്ധക്ഷണിക്കലുകളും ഉപക്ഷേപങ്ങളും സസ്‌പെന്റ് ചെയ്ത് മറ്റു നടപടികളിലേക്ക് സ്പീക്കര്‍ കടന്നു.
പ്രത്യേക ലിസ്റ്റ് പ്രകാരം കടലാസുകള്‍ മന്ത്രിമാര്‍ മേശപ്പുറത്ത് വച്ചു. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ അധ്യക്ഷന്‍ എ എം ആരിഫ് സമിതിയുടെ പതിനാറാമത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ മേശപ്പുറത്ത് വച്ചു. 2016ലെ കേരള പൊലീസ് (ഭേദഗതി) ബില്‍ മുഖ്യമന്ത്രിയും കോഴിക്കോട് സര്‍വകലാശാല (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ബില്‍ മന്ത്രി ഡോ. കെ ടി ജലീലും അവതരിപ്പിച്ചു. ചര്‍ച്ചകൂടാതെ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള രണ്ടു ബില്ലും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. തുടര്‍ന്ന് സഭ ഇന്ന് ചേരാനായി പിരിഞ്ഞു.
സഭാനടപടികള്‍ സ്തംഭിപ്പിക്കുന്ന നടപടി തുടരാന്‍തന്നെയാണ് പ്രതിപക്ഷ തീരുമാനം. സഭയ്ക്കകത്തും പുറത്തും സമരം നടത്തുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്. സമരം സഭയ്ക്കകത്തേ നടക്കുന്നുള്ളു. അതും പേരിന് മാത്രം. പുറത്ത് ആരും സമരം നടത്തുന്നില്ല. ബിജെപിക്കാര്‍ ശബരിമലയിലെ സമരവും നിര്‍ത്തി സെക്രട്ടേറിയറ്റിന് മുന്നില്‍ ഉണ്ണാവൃതം നടത്താന്‍ പോകുകയാണ്.
ബിജെപിക്കാര്‍ നടത്തുന്ന അക്രമസമരത്തെ അപലപിക്കാതെ, സമരം മുന്നില്‍ നിന്ന് നയിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെയും വി എസ് ശിവകുമാറിന്റെയും പ്രഖ്യാപനമാണ് കോണ്‍ഗ്രസിലും യുഡിഎഫിലും പടലപ്പിണക്കത്തിന് കാരണമായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി നടക്കുന്ന ശബരിമല സമരവും ശബരിമലയുടെ പേരില്‍ നടക്കുന്ന നിയമസഭാ സ്തംഭനവും കോണ്‍ഗ്രസ് (ഐ)നുള്ളില്‍ കടുത്ത അമര്‍ഷം വളര്‍ത്തിയിരിക്കുന്നു. ബുധനാഴ്ച കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ആറ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. പ്രതിപക്ഷം പുറത്തു നടത്തിയ വിമര്‍ശനങ്ങളെല്ലാം ഉന്നയിക്കാമായിരുന്നു. അതിന് തയാറാകാതെ ബഹളം വയ്ക്കുകയായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങള്‍ വ്യാഴാഴ്ച ഉണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിനുള്ള വിമര്‍ശനം അവര്‍ക്ക് ഉന്നയിക്കാന്‍ വേണ്ടുവോളം അവസരമുണ്ടായിരുന്നു. അതിനു മുതിരാതെ ബഹളമുണ്ടാക്കി സഭാനടപടികള്‍ അലങ്കോലമാക്കാനും സ്തംഭിപ്പിക്കാനുമാണ് പ്രതിപക്ഷം മുതിര്‍ന്നത്.
സുപ്രധാന ബില്ലുകളും ഒരു ചര്‍ച്ചയും കൂടാതെ വിഷയ നിര്‍ണയസമിതിക്ക് അയക്കുകയാണ്. ഒരു സഭാ സമ്മേളനത്തില്‍ ഒരു വിഷയം ഒരു തവണയേ അവതരിപ്പിക്കാവൂ എന്നാണ് നിയമസഭാ ചട്ടം പറയുന്നത്. അത് ലംഘിക്കുകയാണ് പ്രതിപക്ഷം. നിയമസഭാ നടപടികള്‍ നിരന്തരം സ്തംഭിപ്പിക്കുന്ന നടപടി എഐസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ചില കോണ്‍ഗ്രസ് (ഐ) എംഎല്‍എമാര്‍ ആലോചിക്കുന്നു.