ബേബി ആലുവ

കൊച്ചി

June 25, 2021, 9:11 pm

ശബരിപാത: വഴിമുടക്കാൻ ദക്ഷിണ റയിൽവേ വീണ്ടും

Janayugom Online

സംസ്ഥാനത്തെ മൂന്നു ജില്ലകളുടെ പ്രതീക്ഷയായ അങ്കമാലി-എരുമേലി ശബരി റയിൽപ്പാത പദ്ധതിയുടെ വഴി മുടക്കാൻ അപ്രായോഗിക ഉത്തരവുമായി ദക്ഷിണ റയിൽവേ. ഇക്കാരണത്താൽ പദ്ധതിയുടെ പൂർത്തീകരണം ഇനിയും നീളുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

111 കിലോമീറ്റർ നീളത്തിലുള്ള ശബരിപ്പാത കടന്നു പോകുന്ന മുഴുവൻ പ്രദേശത്തെയും നിർമ്മാണം ഒന്നിച്ചു തീർക്കാനുള്ള ഫണ്ട് കേന്ദ്രത്തിൽ നിന്നു ഒറ്റയടിക്കു ലഭിക്കാൻ സാധ്യതയില്ല. 20 വർഷം മുമ്പ് പദ്ധതിക്കായി കല്ലിട്ടു തിരിച്ച സ്ഥലങ്ങളുടെ വില വേഗത്തിൽ കൊടുത്തു തീർക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി അങ്കമാലി-രാമപുരം 70 കിലോമീറ്റർ റീച്ചിന്റെ അനുമതിക്കായി കെആർഡിസിഎൽ (കേരള റയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) പുതുക്കിയ എസ്റ്റിമേറ്റ് കഴിഞ്ഞ ദിവസം ദക്ഷിണ റയിൽവേക്കു സമർപ്പിച്ചിരുന്നു. ഈ എസ്റ്റിമേറ്റ് പരിഗണിക്കാതെ, പാത കടന്നു പോകുന്ന മുഴുവൻ പ്രദേശത്തെയും നിർമ്മാണത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് വേണമെന്നാണ് സതേൺ റയിൽവേ അധികൃതരുടെ ശാഠ്യം. എന്നാൽ, രാമപുരം — എരുമേലി തുടർ റീച്ചിന്റെ സർവേ പൂർത്തിയാക്കി എസ്റ്റിമേറ്റ് സമർപ്പിക്കാൻ കാലതാമസമുണ്ടാകും എന്നത് വസ്തുതയാണ്.

അങ്കമാലി-രാമപുരം പദ്ധതി പ്രദേശത്തെ 20 വർഷം മുമ്പ് അളന്നിട്ട ഭൂമിയിൽ കെട്ടിടം പണിയാനോ, ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ കഴിയാതെ പ്രയാസത്തിലാണ് സ്ഥലമുടമകൾ. ഏറ്റെടുത്ത ഭൂമിയുടെ വിലയും നൽകിയിട്ടില്ല. പദ്ധതി റയിൽവേ മരവിപ്പിച്ചിരിക്കുന്നതിനാൽ, പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതമായി കഴിഞ്ഞ ബജറ്റിൽ കിഫ്ബി വഴി അനുവദിച്ച 2000 കോടി രൂപയിൽ നിന്ന് അങ്കമാലി-രാമപുരം പ്രദേശത്തെ ഭൂവുടമകൾക്കു നൽകാനുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാനും കഴിഞ്ഞില്ല.

പുതിയ ഭൂമി ഏറ്റെടുക്കാനും മരവിപ്പിക്കൽ നടപടി തടസമാണ്. ശബരിപദ്ധതിയുടെ പല ഘട്ടത്തിലും ദക്ഷിണ റയിൽവേയുടെ ഇതുപോലുള്ള ഇടങ്കോലിടലിനെതിരെ വിമർശനമുയർന്നിരുന്നു. പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി, അങ്കമാലി-രാമപുരം ആദ്യ റീച്ചിന്റെ എസ്റ്റിമേറ്റിന് അടിയന്തരാനുമതി നൽകണമെന്നാവശ്യപ്പെട്ട് കെആർഡിസിഎൽ വീണ്ടും ദക്ഷിണ റയിൽവേ അധികൃതർക്കു കത്തു നൽകിയിരിക്കുകയാണ്. പദ്ധതിക്കായി അഞ്ചുമാസം മുമ്പ് സംസ്ഥാന സർക്കാർ 2000 കോടി രൂപ അനുവദിച്ച സാഹചര്യത്തിൽ മരവിപ്പിക്കൽ പിൻവലിച്ച് നടപടികൾ വേഗത്തിലാക്കാൻ മന്ത്രി വി അബ്ദുൾ റഹിമാനും റയിൽവേക്കു കത്തു നൽകി. അങ്കമാലി-രാമപുരം ആദ്യ റീച്ചിലെ നടപടികളാണ് പ്രായോഗികം എന്ന നിലപാടാണ് സമരസമിതിക്കുമുള്ളതെന്ന് കൺവീനറും മുൻ എംഎൽഎയുമായ ബാബു പോൾ പറഞ്ഞു.

Eng­lish sum­ma­ry: Sabari Rail­way Road updates

You may also like this video;