ഇരുണ്ട ഗുഹകളിലിവിടെ ഒരായിരം ഇരുമ്പു കട്ടിലുകൂട്ടി പ്രൊക്രൂസ്റ്റസുകള്‍ നില്‍ക്കുകയാണീ നാട്ടില്‍

Web Desk
Posted on November 24, 2018, 11:19 pm
Jose David

ജോസ് ഡേവിഡ്

കേരളം സഹ്യപര്‍വതത്തിനും അറബിക്കടലിനുമിടയില്‍ പിടഞ്ഞും ഞെരിഞ്ഞമര്‍ന്നും പോയത് ഈ സ്വാതന്ത്ര്യദിനത്തിലാണ്. കുലംകുത്തിയൊഴുകിയ നദികള്‍, ഉരുള്‍പൊട്ടിത്തകര്‍ന്ന മലനിരകള്‍… മാനത്തു താണു പറന്നുവരുന്ന ഒരു ഹെലികോപ്ടറിനുവേണ്ടിയോ അകലെ നിന്നും തുഴഞ്ഞെത്തുന്ന തോണിക്കു വേണ്ടിയോ മലയാളിയുടെ പ്രാണന്‍ പിടഞ്ഞു.
പക്ഷേ ദുരന്തങ്ങളെ നാം കുഴിവെട്ടി മൂടുകയും അതിനു മുകളില്‍ പാഴ്പുല്ലുകള്‍ മുളച്ചുപൊന്തുകയും ചെയ്തതു എത്ര പെട്ടെന്നാണ്? ഒരു ദുരന്തം പെയ്‌തൊഴിയും മുമ്പ് മറവി രോഗത്തിലേക്കു നാം ആണ്ടുപോയി.

ബിഷപ്പ് ഫ്രാങ്കോ വന്നു. അതേക്കുറിച്ചായി ചിന്ത മുഴുവന്‍. ചര്‍ച്ചയും തര്‍ക്കവും.…ഫ്രാങ്കോ അസ്തമിച്ചപ്പോള്‍ ഉരുള്‍പൊട്ടിയിറങ്ങിയതു ശബരിമല യുവതീ പ്രവേശമായിരുന്നു. ചാനലുകളില്‍ ആസ്ഥാന വിദ്വാന്‍മാര്‍ നിരന്നു. വേദങ്ങള്‍ ഉരുക്കഴിച്ചു. അനേ്യാന്യം തെറിവിളിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ ട്രോളുകളും രോഷങ്ങളും പരിഹാസങ്ങളും ഫേക്കുകളുംകൊണ്ട് നിറഞ്ഞു. മാധ്യമത്താളുകള്‍ അയ്യപ്പവിശേഷവും ആട്ടവിശേഷങ്ങളും നാമജപവും നാമരഹിതജപങ്ങളും കൊണ്ടു മുഖരിതമായി.

എന്തിനു കേരളം കേഴുന്നു? അവിശ്വസനീയമായി തോന്നാം. നാം ഭയനാകമായ ഇരുളിന്റെ അഗാധതകളിലേക്ക്, കരകയറാനാവാത്ത ദുരിതക്കയങ്ങളിലേക്കാണ് നീങ്ങുകയാണ്. ഈ നാടിന്റെ രക്തവും മജ്ജയും മാംസവും ഊര്‍ന്നുപോയിരിക്കുന്നു. വീണ്ടെടുപ്പ് വളരെ ദുര്‍ഘടവും. അശുഭവിശ്വാസത്തിന്റെ നിരാശപ്പെടുത്തുന്ന വാക്കുകളല്ല, ഇത്. മനുഷ്യരിലെ പ്രതീക്ഷകളെ തല്ലിക്കെടുത്തരുതെന്നു കരുതി തുറന്നുപറയാന്‍ അറയ്ക്കുന്ന കുറേ സത്യങ്ങള്‍ മാത്രം.

പ്രളയത്തില്‍ നിന്നും കരകയറാന്‍ കേരളത്തിനു വേണ്ടിവരുന്ന തുകയായി ഐക്യരാഷ്ട്രസംഘടനയുടെയും ലോക ബാങ്കിന്റെയും എഡിബിയുടെയും വിദഗ്ധര്‍ കണക്കുകൂട്ടിയത് ഏതാണ്ട് 31000 കോടി രൂപയാണ്. ഇത് ഊഹക്കണക്കല്ല. യാഥാര്‍ഥ്യങ്ങളുടെ വിശകലനത്തിലൂടെ എത്തിപ്പെട്ട ശാസ്ത്രീയ കണക്കുകള്‍. ഇതുതന്നെ തീരെ കുറഞ്ഞ എസ്റ്റിമേറ്റാണെന്നും അമ്പതിനായിരം കോടി രൂപയെങ്കിലും വേണ്ടി വരുമെന്നും മറ്റൊരു പക്ഷമുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പ്രകൃതി ദുരന്ത മാനദണ്ഡങ്ങള്‍ പ്രകാരം കേരളത്തിനു പരമാവധി ലഭിക്കാവുന്നതു ഏകദേശം 4000 കോടി രൂപയാണ്. ഒരു വീടിനിത്ര, ഭാഗികമായി തകര്‍ന്നതിനിത്ര തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങള്‍ ഇതിനുണ്ട്.
ഈ 4000 കോടി രൂപ പൂര്‍ണമായി കിട്ടുമെന്നു സാങ്കല്‍പികമായി ചിന്തിച്ചാല്‍ പോലും നമുക്ക് 27000 കോടി രൂപയുടെ കുറവുണ്ട്. ഒരു വര്‍ഷത്തെ പ്ലാന്‍ തുകയ്ക്ക് തുല്യമായ തുകയാണ് നമുക്ക് വേണ്ടി വരുന്നത്.

കേന്ദ്രസര്‍ക്കാര്‍ ആകെ പ്രഖ്യാപിച്ചത് 600 കോടി രൂപ. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കു അരിയും മണ്ണെണ്ണയും നല്‍കിയതിനു 266 കോടി രൂപ തിരിച്ചു പിടിക്കുമ്പോള്‍ കേന്ദ്രസഹായം 334 കോടി രൂപ മാത്രം.
കര്‍ണാടകയില്‍ ഒരു ജില്ലയില്‍ മാത്രമുണ്ടായ പ്രളയത്തിനു കേന്ദ്രസഹായം 546 കോടി രൂപ. ഉത്തരാഖണ്ഡില്‍ 2300 കോടി രൂപ. ചെന്നൈ പ്രളയത്തിനു 940 കോടി രൂപ. മുച്ചൂടും മുടിഞ്ഞ കേരളത്തിനു 334 കോടി രൂപ!

യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം നമുക്ക് വാങ്ങാമായിരുന്നു. തടഞ്ഞു. പ്രവാസി മലയാളികളുള്ള രാജ്യങ്ങളില്‍ നിന്ന് മന്ത്രിമാര്‍ പോയി പുനരുദ്ധാന ധനശേഖരണം നടത്താമായിരുന്നു. തടഞ്ഞു. വിദേശരാജ്യങ്ങള്‍, റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയവ നല്‍കുന്ന വായ്പയുടെ പരിധി മൂന്ന് ശതമാനമെന്നതു നാലര ശതമാനമാക്കണമെന്ന അഭ്യര്‍ഥനയുണ്ടായിരുന്നു. തടഞ്ഞു.

കബളിപ്പിക്കുന്ന രാഷ്ട്രീയം! ശബരിമലയെന്ന ‘സുവര്‍ണാവസരക്കട്ടിലില്‍’ കേരളീയനെ വരിഞ്ഞുകെട്ടിക്കിടത്തുന്ന പ്രൊക്രൂസ്റ്റസുകള്‍. ഇരുണ്ട ഗുഹകളിലിവിടെ ഒരായിരം ഇരുമ്പു കട്ടിലുകൂട്ടി പ്രൊക്രൂസ്റ്റസുകള്‍ നില്‍ക്കുകയാണീ നാട്ടില്‍.
അവരുടെ കട്ടിലിനെക്കാള്‍ വലുതാണവന്റെ ആത്മാവെങ്കില്‍ അരിഞ്ഞു ദൂരെത്തള്ളും കത്തിക്കവന്റെ കയ്യും കാലും. അവരുടെ കട്ടിലിനെക്കാള്‍ ചെറുതാണവന്റെ ആത്മാവെങ്കില്‍ വലിച്ചുനീട്ടും ചുറ്റിക കൊണ്ടവരവന്റെ കയ്യും കാലും.

നമുക്ക് പ്രൊക്രൂസ്റ്റസിന്റെ കട്ടിലിനൊപ്പം പാകപ്പെടാനുള്ള മനസില്ലെങ്കിലോ…? ഇന്ത്യയുടെ ഫെഡറലിസത്തില്‍ അര്‍ഹമായ വിഹിതം കിട്ടണമെന്നു നാം വാദിച്ചാലോ…? അവര്‍ നമ്മെ വരിഞ്ഞു മുറുക്കി, നമ്മുടെ ശ്രദ്ധ മാറ്റാന്‍ ശബരിമലയെടുത്തിടും…!!

അപ്പോള്‍ നാം എങ്ങനെ കെട്ടിപ്പടുക്കും.…?

സാലറി ചലഞ്ചിലൂടെ സംഭരിച്ചതുള്‍പ്പെടെ ആകെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വന്നത് 3000 കോടി രൂപയാണ്. അടിയന്തര ദുരിതാശ്വാസ സഹായം നല്‍കി അത് ഏതാണ്ടു തീര്‍ന്നു.

27000 കോടി .…!!!

മലയാളിക്കു മുമ്പില്‍ അതു വലിയൊരു സമസ്യയാണ്. അതുണ്ടാകുന്നില്ലെങ്കില്‍ നമ്മുടെ നാട് പാതാളത്തിലേക്ക് ആണ്ടുപോയതിനു സമമാകും.

സാധാരണ വികസന പദ്ധതികള്‍ പോലും മുമ്പോട്ടു പോകാതെയാകും. നാലു മിഷന്‍ പദ്ധതികള്‍ വിശദമായ ആസൂത്രണ പദ്ധതികളിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കേരളം നിപതിച്ചത്. ആഭ്യന്തര ഉല്‍പാദന പ്രക്രിയകള്‍ വര്‍ധിപ്പിച്ചുകൊണ്ടോ ജനകീയാസൂത്രണങ്ങള്‍കൊണ്ടോ മുണ്ടു മുറുക്കിയുടുത്തതുകൊണ്ടോ ഒന്നും ഇപ്പോഴത്തെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ കേരളത്തിനാവില്ല. സ്ഥിതി അതീവ ഗുരുതരമാണ്.

മൂന്നരക്കോടി ജനങ്ങളുടെ നാട് രാഷ്ട്രീയത്തിന്റെയോ ജാതിയുടെയോ ലിംഗവേര്‍തിരിവിന്റെയോ ഒക്കെ കാരണങ്ങളാല്‍ ഇനിയും വിഘടിച്ചാല്‍, അനേ്യാന്യം പോരടിച്ചാല്‍ നാം തകര്‍ക്കുന്നതു നമുക്ക് ഒസ്യത്തായി കിട്ടിയ ഈ സുന്ദരഭൂമിയെയാണ്. വരും തലമുറയ്ക്കായി അതേ മനോഹാരിതയില്‍ അതു കൈമാറാന്‍ നമുക്ക് ബാധ്യതയുണ്ടുതാനും. ആ ഏകതാ ബോധത്തിലേക്ക് മലയാളിക്ക് ഉയരാനാകുമോ.…? പ്രളയ ജലത്തില്‍ കിടന്നപ്പോള്‍ നമ്മുടെ ഉള്ളിലുണ്ടായിരുന്ന ആ ഐക്യത്തിലേക്ക്!!