നിരാഹാര നാടകത്തിന് ദയനീയാന്ത്യം; ഇനി വര്‍ഗീയ ധ്രുവീകരണം

Web Desk
Posted on January 20, 2019, 10:51 pm

മനോജ് മാധവന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സമരങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കാതെ ഒന്നൊന്നായി പൊളിഞ്ഞതോടെ സെക്രട്ടേറിയറ്റ് നടയിലെ നിരാഹാര സമര നാടകവും ഉപേക്ഷിക്കാന്‍ ബിജെപി നിര്‍ബന്ധിതരായി. ഇതില്‍ നിന്നു ജനശ്രദ്ധ തിരിക്കാന്‍ സമീപ ജില്ലകളിലെ പ്രവര്‍ത്തകരെയും വിവിധ ആത്മീയ നേതാക്കളെയും ചില സന്യാസിമാരെയും തലസ്ഥാനത്ത് എത്തിച്ച ബിജെപി, അയ്യപ്പ കര്‍മ്മ സമിതിയുടെ പേരില്‍ അയ്യപ്പ ഭക്തസംഗമം നടത്തി.

ആത്മീയ പ്രഭാഷകരായി വേദിയിലെത്തിയ മതാചാര്യന്മാര്‍ വര്‍ഗീയ വിഷംചീറ്റുന്ന പ്രസംഗങ്ങളാണ് നടത്തിയത്. കേരളത്തെ വര്‍ഗീയമായി ചേരിതിരിച്ചു ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപി അജണ്ടയാണ് അയ്യപ്പ ഭക്തസംഗമത്തില്‍ നിറഞ്ഞു നിന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി പരീക്ഷിച്ച അത്യന്തം അപകടകരമായ വര്‍ഗീയ കാഹളമാണ് മതേതരത്വത്തിന്റെ ചരിത്രംപേറുന്ന പുത്തരിക്കണ്ടം മൈതാനിയില്‍ ഇന്നലെ വൈകുന്നേരം മുഴങ്ങിയത്. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍ ഭക്തി, വിശ്വാസം, ആചാരം എന്നിവയില്‍ പൊതിഞ്ഞ, അങ്ങേയറ്റം വിനാശകരമായ ഒരു സമരത്തിനുകൂടിയാണ് ബിജെപി ഇന്നലെ തിരിതെളിച്ചത്.

സ്ത്രീ പുരുഷ സമത്വത്തിനായി ലോകമെമ്പാടും പ്രചാരണം നടത്തുന്ന ആത്മീയ നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ അമൃതാനന്ദമയി മഠം ട്രസ്റ്റ് അധിപ അമൃതാനന്ദമയി നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ അവര്‍ വിമര്‍ശിച്ചു. ശബരിമല ക്ഷേത്ര സങ്കല്‍പ്പത്തെക്കുറിച്ചും ആരാധന ക്രമങ്ങളെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് ഇപ്പോഴത്തെ വിഷയങ്ങള്‍ക്ക് ആധാരം. അതിനാല്‍ ശബരിമലയിലെ സംസ്‌ക്കാരത്തെ നിലനിര്‍ത്തണം. അത് എല്ലാവരും മനസിലാക്കി മുന്നോട്ടു നീങ്ങണമെന്നും സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് അവര്‍ പറഞ്ഞു. വിവിധ സന്യാസിമാരും സംഘപരിവാര്‍ നേതാക്കളും സംസാരിച്ചു.

അതേസമയം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ സമരങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കാതെ വന്നതോടെ ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സമരം അവസാനിപ്പിക്കാനും വര്‍ഗീയ സംഗമം നടത്താനും തീരുമാനിച്ചത്.

ഏഴ് സംസ്ഥാന നേതാക്കള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 49 ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തില്‍ പങ്കെടുത്തു. എന്നിട്ടും സമര പന്തലിലേക്ക് പ്രവര്‍ത്തകര്‍ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലേക്ക് ബിജെപി സമരം മാറി. സുപ്രീംകോടതിയില്‍ ശബരിമല കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കുകയും ചെയ്തു. ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയെ ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു. ഈ അവസ്ഥയില്‍ സമരം എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയാതെ കുഴഞ്ഞപ്പോഴാണ് കേന്ദ്രം ഇടപെട്ടത്. ജനങ്ങള്‍ പൂര്‍ണ്ണമായും ബിജെപിക്ക് എതിരായ സാഹചര്യത്തിലാണ് പുതിയ വര്‍ഗീയ ധ്രുവീകരണശ്രമത്തിലൂടെ സമരം നിര്‍ത്തിയതിന്റെ ജാള്യത മറയ്ക്കാന്‍ ബിജെപി ഇറങ്ങിപ്പുറപ്പെട്ടത്.