ശബരിമല കേസ്: 22 ദിവസത്തെ വാദം കേൾക്കാൻ തീരുമാനം

Web Desk

ന്യൂഡല്‍ഹി

Posted on January 17, 2020, 5:30 pm

ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ മതവിശ്വാസവും ഭരണഘടനാ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 22 ദിവസത്തെ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. പത്തു ദിവസം വീതം ഇരുവിഭാഗത്തിനും ഒന്‍പതംഗ ബെഞ്ചിനു മുന്നില്‍ വാദങ്ങള്‍ അവതരിപ്പിക്കാം. മറുപടി വാദത്തിനായി ഇരുപക്ഷത്തിനും ഓരോ ദിവസം നല്‍കാനും ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അടുത്ത മാസം മൂന്നിനാണ് വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്. ശബരിമല യുവതീ പ്രവേശനവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും ഉള്‍പ്പെടെ മതവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒന്‍പത് അംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം എന്നീ വിഷയങ്ങളും കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ വ്യക്തമാക്കി. അതേസമയം മുസ്ലിംകളിലെ ബഹുഭാര്യാത്വം ബെഞ്ചിന്റെ പരിഗണനാ വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പ്രാഥമിക വാദം കേള്‍ക്കലില്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് സെക്രട്ടറി ജനറല്‍ യോഗം വിളിച്ചുചേര്‍ത്തത്. കേസില്‍ വിവിധ കക്ഷികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ യോഗത്തില്‍ പങ്കെടുത്തു. വിശാലമായ വിഷയങ്ങള്‍ ആയതില്‍ ഓരോരുത്തരും ഏതെല്ലാം ഭാഗങ്ങള്‍ വാദിക്കണം എന്നതില്‍ വ്യക്തത വരുത്താനായിരുന്നു യോഗം. മതവിശ്വാസവും ഭരണഘടനാ പ്രശ്‌നങ്ങളും ആയി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ്, ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ച് അംഗ ബെഞ്ച് മുന്നോട്ടുവച്ചത്. ഈ ഏഴു ചോദ്യങ്ങള്‍ മാത്രമാണ് ഒന്‍പത് അംഗ ബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Eng­lish sum­ma­ry: sabari­mala case fol­lowup

You may also like this video