ശബരിമല: പുനഃപരിശാേധന ഹർജികൾ ഇപ്പോൾ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

Web Desk

ന്യൂഡൽഹി

Posted on January 13, 2020, 11:09 am

ശബരിമല യുവതീപ്രവേശനത്തിന് എതിരായി സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ഇപ്പോൾ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴുചോദ്യങ്ങളില്‍ മാത്രം വാദം കേൾക്കും.

പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒമ്പതംഗ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടിരുന്നു. ഈ വിഷയങ്ങളിലെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്.

മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പുകളിലെ വ്യവസ്ഥകളിലെ വ്യക്തത, ഭരണഘടനയിലെ ക്രമസമാധാനം എന്ന് പ്രയോഗത്തിലെ വ്യക്തത, ഭരണഘടനയിലെ ധാര്‍മികത എന്ന പ്രയോഗത്തിലെ വ്യക്തത, ഹൈന്ദവ വിഭാഗങ്ങള്‍ എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം, ഏതെങ്കിലും മതത്തിന്‍റെയോ വിഭാഗത്തിന്‍റേയോ ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ക്കു ഭരണഘടനാ സംരക്ഷണം നല്‍കിയിട്ടുണ്ടോ, ദര്‍ഗയിലോ മസ്ജിദിലോ മുസ്ലീം സ്ത്രീകളുടെ പ്രവേശനം, പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്സിവനിതയുടെ ആരാധനാലയ പ്രവേശനം തുടങ്ങി അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴുചോദ്യങ്ങളിലാണ് വാദം കേൾക്കുന്നത്.

അതേസമയം, ഇന്നത്തെ വാദം പൂർത്തിയായി. വാദത്തിന്റെ വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. അതിനുശേഷം മൂന്നോ നാലോ ദിവസത്തിനകം വാദം തുടങ്ങും. ചോദ്യങ്ങൾ പുനഃക്രമീകരിക്കാൻ ജനുവരി 17ന് സോളിസിറ്റർ ജനറലോട് വിവിധ കേസുകളിൽ ഹാജരാകുന്ന അഭിഭാഷകരുടെ യോഗം വിളിക്കാൻ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളും ഒരേ കാര്യം വാദിക്കരുതെന്നും ധാരണയിലെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.