ശബരിമല: ആടിയുലഞ്ഞ് കോണ്‍ഗ്രസ്

Web Desk
Posted on November 08, 2018, 10:45 am

സബിന പത്മന്‍
കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോണ്‍ഗ്രസ് ആടിയുലയുന്നു. തുടക്കത്തില്‍ ആര്‍എസ്എസിനെ സഹായിക്കുന്ന വിധത്തില്‍ സര്‍ക്കാരിനെതിരെ സമരവുമായി വന്ന കോണ്‍ഗ്രസ് നേതൃത്വം അണികളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ്.

അഖിലേന്ത്യാ പ്രസിഡന്റ് രാഹുല്‍ ഗാന്ധിപോലും യുവതി പ്രവേശനമാകാമെന്ന നിലപാട് തുറന്ന് പറഞ്ഞതോടെ എങ്ങനെ മുന്നോട്ട് പോകണമെന്ന ആശയകുഴപ്പവും പ്രതിസന്ധിയും രൂക്ഷമായി. ശബരിമല വിഷയം ബിജെപി രാഷ്ട്രീയ പ്രചരണ കളരിയാക്കുവാന്‍ ശക്തമായ നീക്കം നടത്തി കൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസിനനുകൂലമായി വിഷയം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന വെപ്രാളത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

തുടക്കത്തില്‍ സുപ്രിം കോടതി വിധിക്കെതിരെ ശബരിമലയെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി സംക്രമത്തിന് നടതുറക്കുന്ന ദിവസം കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ പ്രതിഷേധ സമരം ആരംഭിച്ചിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെയോ അണികളുടെയോ പിന്തുണയില്ലാത്തതിനാല്‍ ഒരു ദിവസം കൊണ്ട് സമരം അവസാനിപ്പിക്കുകയായിരുന്നു. ശബരിമലയില്‍ ആക്രമണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനും കലാപത്തിന് ആഹ്വാനം ചെയ്ത രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിനും എതിരെ കെ സുധാകരന്‍ തുടക്കത്തില്‍ ഘോരംഘോരം പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് അണികളിലും പല നേതാക്കളിലും വന്‍ അതൃപ്തിയാണ് ഉണ്ടാക്കിയത്. ഒരു ബിജെപി നേതാവിനെ പോലെയാണ് കെ സുധാകരന്‍ സംസാരിക്കുന്നതെന്ന അഭിപ്രായം വരെ അണികളില്‍ നിന്നുയര്‍ന്നു. ചവിട്ടി നില്‍ക്കുന്ന മണ്ണ് തന്നെ ഒലിച്ചുപോകുമെന്ന സ്ഥിതി വിശേഷത്തിലെത്തിയതോടെ വിഷയത്തില്‍

ബിജെപിക്കനുകൂലമായ നിലപാടില്‍ കെ സുധാകരന്‍ ഇന്നലെ അയവുവരുത്തുകയായിരുന്നു.
ശബരിമലയില്‍ ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും സുപ്രിംകോടതി വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ ബിജെപി അതിന് ശ്രമിച്ചില്ലെന്നും കെ സുധാകരന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി ഓന്തിനെപ്പോലെ നിറം മാറുകയാണ്. കേസിന്റെ തുടക്കം മുതല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയവരെല്ലാം ബിജെപി ബന്ധമുള്ളവരാണെന്നുമാണ് കെ സുധാകരന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം രാജ്യത്തിന്റെ പരമോന്നത നീതിപീഠം ഇറക്കിയ വിധി നടപ്പിലാക്കുവാനുള്ള ശക്തമായ നിലപാട് സ്വീകരിച്ച സര്‍ക്കാരിനെ ബാലിശമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ സുധാകരന്‍ വിമര്‍ശിക്കുന്നത്.

ശബരിമല വിഷയത്തില്‍ സുപ്രിം കോടതി വിധി നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ എല്ലാ ഘടകക്ഷികളുടെയും അഭിപ്രായം തേടണമെന്നും ഇത് മുഖ്യമന്ത്രി ഒറ്റക്കെടുത്ത തീരുമാനമാണെന്നുമുള്ള കാര്യങ്ങളാണ് കെ സുധാകരന്‍ പറഞ്ഞത്.
സംഘപരിവാറിനെ പിന്തുണച്ച് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് ആക്കം കൂട്ടാമെന്ന് കരുതിയ കോണ്‍ഗ്രസ് നിലവില്‍ സ്വയം കുഴിച്ച വാരിക്കുഴിയില്‍ പൂണ്ടുപോയിരിക്കുകയാണ്. ഇതില്‍ നിന്നും രക്ഷനേടാനുള്ള അവസാന പിടിവള്ളിയായാണ് കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. ഒമ്പതിന് ആരംഭിക്കുന്ന യാത്ര പതിനഞ്ചിന് പത്തനംത്തിട്ടയില്‍ സമാപിക്കും. തനിക്കെതിരെ അണികളില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന രൂക്ഷമായ വിമര്‍ശനത്തില്‍ നിന്നും കെ സുധാകരന് രക്ഷ നേടാനുള്ള വഴികൂടിയാണ് ഈ യാത്ര. കാസര്‍ക്കോട് മഞ്ചേശ്വരത്ത് നിന്നാരംഭിക്കുന്ന വിശ്വാസസംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ യാത്ര നയിക്കുന്നത് കെ സുധാകരനാണ്. മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സനാണ് യാത്ര ഉദ്ഘാടനം ചെയ്യുക.