ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളിൽ സുപ്രീം കോടതി നാളെ മുതൽ വാദം കേൾക്കും. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബറിലെ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനഃപരിശോധന ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.
ഭരണഘടന യുവതികൾക്ക് നൽകുന്ന അവകാശം ശബരിമലയിൽ ലംഘിക്കുന്നുണ്ടോ എന്നതാകും സുപ്രീംകോടതി പ്രധാനമായും പരിശോധിക്കുക. വിവിധ മതങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട തുല്യത വിഷയങ്ങളും ബെഞ്ച് പരിഗണിക്കും. മതപരമായ ആചാരങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെ ചൊല്ലിയുള്ള വിഷയങ്ങൾ ശബരിമല കേസിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2019 നവംബർ 14- നാണ് ശബരിമല പുനഃപരിശോധന ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒമ്പതംഗ വിശാല ബെഞ്ചിന് വിട്ടത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് ആർ ഭാനുമതിയാണ് ഏക വനിതാ അംഗം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ നാഗേശ്വർ റാവു, മോഹൻ ശാന്തന ഗൗഡർ, എസ് അബ്ദുൾ നസീർ, ആർ സുഭാഷ് റെഡ്ഢി, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റംഗങ്ങൾ. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ അറുപതോളം പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.