ശബരിമല: സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

Web Desk
Posted on April 06, 2019, 11:33 pm

തൃശൂര്‍ : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശബരിമല വിഷയം പറഞ്ഞ് വോട്ട് ചോദിച്ചതിന് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ടി വി അനുപമ നോട്ടീസ് നല്‍കി.

മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരില്‍ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് നോട്ടീസില്‍ വ്യക്തമാക്കി.

‘ഞാന്‍ തൃശിവപേരൂരുകാരുടെ മുന്നിലേക്ക് വരുമ്പോള്‍,ശബരിമലയുടെ പഞ്ചാതലത്തില്‍ ഞാന്‍ വോട്ടിനുവേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്.
എന്റെ അയ്യന്‍, എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍, ആ അയ്യന്‍ എന്റെ വികാരമാണെങ്കില്‍, ഈ കിരാതസര്‍ക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല, ഭാരതത്തില്‍ മുഴുവന്‍, അയ്യന്റെ ഭക്തര്‍ മുഴുവന്‍ അത് അലയടിച്ചിരിക്കും.

അത് കണ്ട് ആരും കൂട്ടുപിടിക്കേണ്ട. ഒരു യന്ത്രങ്ങളും കൂട്ടുപിടിക്കേണ്ട. നിങ്ങള്‍ ഒന്നു മുട്ടുമടങ്ങി വീഴാന്‍, നിങ്ങളുടെ മുട്ടുകാലുണ്ടാകില്ല. അത്തരത്തില്‍ ചര്‍ച്ചയാകാം.

അതുകൊണ്ടുതന്നെ എന്റെ പ്രചാരണ വേളകളില്‍ ശബരിമല എന്നു പറയുന്നത് ഞാന്‍ ചര്‍ച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവടെ’ എന്നാണ് സുരേഷ് ഗോപി തേക്കിന്‍കാട് മൈതാനിയില്‍ പ്രസംഗിച്ചത്.