Tuesday
22 Oct 2019

ശബരിമല യുവതി പ്രവേശനം നിയമനിര്‍മാണം നടത്തുമെന്ന് ബിജെപി പറഞ്ഞിട്ടില്ല: പി എസ് ശ്രീധരന്‍ പിള്ള

By: Web Desk | Wednesday 9 October 2019 8:27 PM IST


P S Sreedharan Pillai

കാസര്‍കോട്: ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രികയില്‍ നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞിട്ടില്ല. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ പറ്റില്ല. കോടതിയുടെ മുമ്പിലുള്ള കേസായതിനാല്‍ ഇടപെടാന്‍ പറ്റില്ലെന്നാണ് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞത്. സംസ്ഥാനത്തിന്റെ വിഷയമാണ് ശബരിമല. ആത്മവഞ്ചനക്ക് അവാര്‍ഡുണ്ടങ്കില്‍ അത് കൊടുക്കേണ്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കാണ്.

യുവതി പ്രവേശനത്തെ അനുകൂലിച്ച കോടതി വിധി ആദ്യം സ്വാഗതം ചെയ്തത് എഐസിസി പ്രസിഡന്റും അദ്ദേഹവുമാണ്. കോണ്‍ഗ്രസ് മുങ്ങുന്നന കപ്പലാണ്. സമുദായ ശക്തികളുടെ പിന്തുണ പഴയത് പോലെ കിട്ടാത്തതാണ് പാലയില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞത്. അടൂരുമായി ബന്ധപ്പെട്ടുള്ള വിവാദം അടഞ്ഞ അധ്യായമാണ്.

മഞ്ചേശ്വരത്ത് ബിജെപി വര്‍ഗീയ ധ്രുവീകരണം നടത്തുന്നുവെന്ന് ആരോപിക്കുന്ന ചെന്നിത്തല പഠിച്ച ഡാഷ് എന്ന് പറയേണ്ടി വരും. അല്ലെങ്കില്‍ അജ്ഞതയാണ്. മഞ്ചേശ്വരത്ത് എല്‍ഡിഎഫോ യുഡിഎഫോ ജയിച്ചാല്‍ കശ്മീര്‍ ആകുമെന്ന കര്‍ണാടക ബിജെപി പ്രസിഡന്റ് നളീന്‍കുമാര്‍ കട്ടീലിന്റെ പ്രസംഗം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കുപ്രചരണങ്ങള്‍ നടത്തി എല്‍ഡിഎഫും യുഡിഎഫും മഞ്ചേശ്വരത്തെ ബിജെപി വിജയം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. എന്‍എസ്എസ് വലിയ സാമുദായിക പ്രസ്ഥാനമാണ്. രാഷ്ട്രീയ പാര്‍ടി അല്ലാത്ത സാഹചര്യത്തില്‍ എന്‍എസ്എസിന്റെ ശരിദൂരത്തോട് പ്രതികരിക്കുന്നില്ല. ബിഡിജെഎസുമായി അകല്‍ച്ചയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബില്‍ മീറ്റ്ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി എ ഷാഫി അധ്യക്ഷനായി. കെ വി പത്‌മേഷ് സ്വാഗതം പറഞ്ഞു.

Related News