June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

ശബരിമല വിധിയും ചരിത്രവസ്തുതകളും

By Janayugom Webdesk
February 16, 2020

കോടാനുകോടി ഭക്തർ ആത്മസാക്ഷാത്കാരത്തിനായി ആശ്രയിക്കുന്ന ശബരിമലയുടെ ഐതിഹ്യങ്ങളെയും വസ്തുതകളെയും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇഴകീറി പരിശോധിക്കുകയാണ് മാധ്യമപ്രവര്‍ത്തകൻ കൂടിയായ ഇഗ്നേഷ്യസ് പെരേര ”ശബരിമല; അംപ്റ്റീൻ ക്ലെയിംസ് ഓൺ ദി എയ്റ്റീൻ സ്റ്റെപ്‌സ്” എന്ന പുസ്തകത്തിലൂടെ. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലദർശനത്തിന് അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബർ 28ലെ സുപ്രീംകോടതി വിധിയാണ് ഈ കൃതിക്ക് ആധാരം. അത് കേരളസമൂഹത്തിലുളവാക്കിയ ചലനങ്ങൾ ഐതിഹ്യത്തിന്റെയും ചരിത്രത്തിന്റെയും പിന്‍ബലത്തോടെ പഠനത്തിന് വിധേയമാക്കിയിരിക്കുകയാണ്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും പുസ്തകം ദീർഘമായി പ്രതിപാദിക്കുന്നുണ്ട്.

തീർത്ഥാടനത്തിന് കാലാന്തരത്തിൽ വന്നു ഭവിച്ച മാറ്റങ്ങളും നിരീക്ഷണചാതുരിയോടെ വിശകലനം ചെയ്യുന്നു. എഴുപതുകൾക്ക് ശേഷമാണ് ശബരിമല കൂടുതൽ ഉന്നതിയിലേക്കെത്തുന്നത്. അതിന് മുമ്പ് ഇരുമുടിക്കെട്ടുമായി ദർശനത്തിന് വരുന്നത് കൂടുതലും കേരളത്തിൽ നിന്നുതന്നെയുള്ള ഭക്തരായിരുന്നു. എല്ലാവർഷവും ജനുവരിയിൽ ഏതാനും ദിവസം മാത്രം ദർശനാനുമതിയുള്ള ശാസ്താക്ഷേത്രത്തിൽ പതിനായിരം പേർ മാത്രമാണ് എത്തിയിരുന്നതെന്ന് 1901ലെ ട്രാവൻകൂർ സെൻസസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. പി സി അലക്സാണ്ടർ തന്റെ കോളജ് പഠനകാലത്ത് 1946ൽ അണ്ണാമല സർവ്വകലാശാലയിൽ സമർപ്പിച്ച ”ബുദ്ധിസം ഇൻ കേരള” എന്ന തീസീസിലും ശബരിമലയെക്കുറിച്ച് പരാമർശമുണ്ട്. അക്കാലയളവില്‍ നവംബർ മധ്യം മുതൽ ജനുവരി പകുതി വരെ 61 ദിവസത്തോളം തുറന്നിരിക്കുന്ന ക്ഷേത്രത്തിൽ രണ്ടരലക്ഷത്തിലധികം പേർ ദർശനം നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. പ്രതിദിനം അയ്യായിരത്തോളം ഭക്തരാണ് അന്ന് ദർശനത്തിനായി എത്തിയിരുന്നത്.

എഴുപതുകൾക്ക് ശേഷം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായി ശബരിമല മാറി. കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുകൂടി ഭക്തലക്ഷങ്ങൾ എത്തിയതോടെ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ സുസ്ഥിര വരുമാനകേന്ദ്രമായി ആരാധനാലയം മാറി. ഇതിൽ ‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രം ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ഗ്രന്ഥകർത്താവ് പരാമർശിക്കുന്നുണ്ട്. ചിത്രം പുറത്തുവരുന്നതുവരെ ശബരിമലയിലെ പ്രതിഷ്ഠ തമിഴ്‌നാട്ടിലെ പാരമ്പര്യമൂർത്തിയായ അയ്യനാരുടെതാണെന്നാണ് തമിഴർ വിശ്വസിച്ചിരുന്നത്. എന്നാൽ അയ്യനാരല്ല, അയ്യപ്പൻ ഹരിഹരപുത്രനാണെന്ന ശക്തമായ സന്ദേശമാണ് ‘സ്വാമി അയ്യപ്പൻ’ നൽകിയത്. മകരജ്യോതി ദിവ്യാത്ഭുതമായി പരിണമിക്കപ്പെട്ടതോടെ ദക്ഷിണേന്ത്യയില്‍ നിന്നും ശബരിമലയിലേക്കുള്ള തീർത്ഥാടകപ്രവാഹത്തിനും ആരംഭമായി. ശബരിമലയുടെ പരിണാമത്തിൽ ടിപ്പുസുൽത്താൻ വഹിച്ച പങ്കിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ തിരുവിതാംകൂർ രാജവംശം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യകമ്പനിയുടെ സഹായം തേടി. തിരുവിതാംകൂറിനെ രണ്ടാംതവണയും ടിപ്പു ആക്രമിച്ചപ്പോൾ ബ്രിട്ടീഷ് സൈന്യം മൈസൂരിലേക്ക് സൈന്യത്തെ അയച്ചതിനെ തുടർന്ന് ടിപ്പുവിന് പിന്തിരിയേണ്ടി വന്നു. യുദ്ധച്ചിലവിനായി ബ്രിട്ടീഷുകാർ തുക ആവശ്യപ്പെട്ടപ്പോൾ സാമന്തരാജ്യമായിരുന്ന പന്തളം രാജവംശവും തുകയുടെ ഒരു വിഹിതം നൽകണമെന്നായി. ഈ കടം വീട്ടാനാണ് ശബരിമല ഉൾപ്പെടുന്ന പന്തളത്തെ തിരുവിതാംകൂറിനോട് ചേർത്തത്. ടിപ്പുവിന്റെ പടയോട്ടമാണ് തിരുവിതാംകൂറിലുൾപ്പെടാനും അതുവഴി ശബരിമലയുടെ യശസ് വർദ്ധിക്കാനും കാരണമായതെന്ന് ഗ്രന്ഥകാരൻ ചരിത്രവസ്തുതകളുടെ പിൻബലത്തോടെ ചൂണ്ടിക്കാട്ടുന്നു. മലഅരയവംശജരുടെയും ബുദ്ധമതക്കാരുടെയും അവകാശവാദങ്ങളും സാമാന്യം ദീർഘമായി തന്നെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ദ്രാവിഡാനുഷ്ഠാനങ്ങൾ പരിപാലിച്ചിരുന്ന മലഅരയന്മാർ അയ്യപ്പനെ യുദ്ധവീരനായി കരുതിയാണ് ആരാധിച്ചിരുന്നത്.

ബുദ്ധസങ്കേതമായിരുന്നു ശബരിമലയെന്നാണ് മറ്റൊരുകൂട്ടർ വിശ്വസിച്ചിരുന്നത്. ഇന്ത്യയിലെ മറ്റൊരു ആരാധനാലയത്തെക്കുറിച്ചും ഇത്രയധികം വ്യത്യസ്തമായ വീക്ഷണകോണുകൾ ഉയര്‍ന്നിട്ടില്ലെന്നതാണ് പരമാർത്ഥം. ബുദ്ധമതക്കാരെ ആട്ടിയോടിച്ച് അധികാരവർഗ്ഗത്തിന്റെ പിൻബലത്തോടെ ബ്രാഹ്മണർ ഇതിനെ ഹൈന്ദവക്ഷേത്രമാക്കി മാറ്റുകയായിരുന്നുവെന്നും ചിലർ അവകാശപ്പെടുന്നു. ഇത്തരത്തിൽ ഐതീഹ്യപരമായും ചരിത്രപരമായുമുള്ള വാദങ്ങളെയെല്ലാം സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട് ഗ്രന്ഥകർത്താവ്. മകരജ്യോതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. മകരജ്യോതി മനുഷ്യനിർമ്മിതമാമെന്ന ആദ്യറിപ്പോർട്ട് 1971ൽ ‘ജനയുഗ’ത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് വലിയ കോലാഹലങ്ങൾക്ക് കാരണമായി. തുടർന്ന് അതിന് പിന്നിലുള്ള യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് യുക്തിവാദികൾ രംഗത്തെത്തിയത് വലിയ ഒച്ചപ്പാടിനിടയാക്കിയിരുന്നു. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തെ കേരളത്തെ ഏറെ ഗൃഹാതുരത്വത്തോടെയാണ് ഗ്രന്ഥകര്‍ത്താവ് വാങ്മയചിത്രങ്ങളാൽ വരച്ചുകാട്ടുന്നത്. തീർത്ഥാടനത്തിന് കാലാന്തരത്തിൽ വന്ന് ഭവിച്ചിട്ടുള്ള മാറ്റങ്ങളും ഇതിൽ നിരീക്ഷണചാതുരിയോടെ വിശകലനം ചെയ്യുന്നുണ്ട്.

പുസ്തകത്തിന്റെ അവസാന അദ്ധ്യായങ്ങൾ സുപ്രീംകോടതി വിധിയെ തുടർന്നുളവായ വസ്തുതകളെക്കുറിച്ചുള്ളതാണ്. ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവങ്ങളും വിശദമായി വരച്ചുകാട്ടുന്നു. കൽക്കട്ട ആസ്ഥാനമായ 24 by പബ്ലിഷിംഗ് ഹൗസാണ് ് പ്രസാധകർ. ഓൺലൈനിലൂടെ മാത്രമാണ് പുസ്തകവിൽപ്പന. ആമസോൺ, ഫ്ളിപ്പ്കാർട്ട്, സ്‌നാപ്ഡീൽ, ഷോപ്പ്ക്ലൂസ് എന്നീ സൈറ്റുകളിൽ പുസ്തകം ലഭ്യമാണ്. 450 രൂപയാണ് വില. ബാൺസ് ആന്റ് നോബിളിനാണ് അമേരിക്കയിലെ വിതരണചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.