Tuesday
26 Mar 2019

മകരവിളക്ക് : തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

By: Web Desk | Saturday 12 January 2019 8:44 AM IST


മകരസംക്രമ പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുളള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന്ശനിയാഴ്ച പുറപ്പെടും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നുമാണ് ഘോഷയാത്ര പുറപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്രക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഉച്ചക്ക് 12 ന് പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പേടകങ്ങള്‍ മൂന്നും അടക്കും. ഒരു മണിയോടെ നൂറുകണക്കിന് അയ്യപ്പ ഭക്തന്മാരുടെയും സായുധ പോലീസിന്റെയും ദേവസ്വം അധികൃതരുടെയും അകമ്ബടിയോടെ തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് യാത്രയാരംഭിക്കും. ഇക്കൊല്ലം പുതുതായി പണികഴിപ്പിച്ച പല്ലക്കിലാണ് രാജ പ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്. ചൊവ്വാഴ്ചയാണ് മകരവിളക്ക്.

പന്തളം രാജാവ് അയ്യപ്പന് സമര്‍പ്പിച്ച തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ് മകരസംക്രമ ഉത്സവത്തിന് നട തുറക്കുന്നത്. പന്തളം കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിക്കുന്ന തിരുവാഭരണങ്ങള്‍ വൃശ്ചികം ഒന്നിന് പുറത്തെടുത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രദര്‍ശിപ്പിച്ചിരുന്നു.