സുരേന്ദ്രൻ കുത്തനൂര്‍

March 10, 2021, 4:30 am

അടുക്കള കത്തുമ്പോൾ ശബരിമലയിലേക്ക് പോകുന്നവർ

Janayugom Online

പുര കത്തുമ്പോൾ വാഴ വെട്ടുക മാത്രമല്ല; ആളിക്കത്തുന്ന മോന്തായത്തിൽ നിന്ന് ഒരു ബീഡിക്ക് തീപിടിപ്പിക്കുക കൂടി ചെയ്യണം, എങ്കിലേ പൂർണമാകൂ. ഇതൊരു പഴഞ്ചൊല്ലെന്നോ, ശൈലിയെന്നോ കരുതി ഇക്കൂട്ടരെ തേടി ഗതകാലങ്ങളിലേക്ക് പോകേണ്ടതില്ല. സമകാലിക രാഷ്ട്രീയാന്തരീക്ഷത്തിൽ കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിലപാടുകളെ വെറുതേയൊന്ന് ഇടംകണ്ണിട്ട് നോക്കിയാൽ മതി. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമാക്കുമെന്ന് പറഞ്ഞുനടക്കുന്നത് എന്തിനെയാണ്? ഇപ്പോൾ കേന്ദ്രം ഭരിക്കുകയും 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് പറയുകയും ചെയ്യുന്ന ബിജെപി മുന്നോട്ടു വയ്ക്കുന്ന വിഷയമെന്താണ്? തെരഞ്ഞെടുപ്പിൽ ഇരുകൂട്ടരും ശബരിമല ആചാരസംരക്ഷണത്തിന് വോട്ട് തേടുമെന്നാണ് പ്രതിജ്ഞചെയ്യുന്നത്. ഇക്കൂട്ടരുടെ സാമൂഹിക പ്രതിബദ്ധതയുടെ കൊമ്പടയാളങ്ങൾ തമ്മിൽ സാമ്യം തോന്നുന്നുവെങ്കിൽ മലയാളി കരുതിയിരിക്കണം; കാരണം അടുക്കളകൾ കത്തിയെരിയുകയാണ്. ഇന്ധനവിലയും ഭക്ഷ്യസബ്സിഡി നിർത്തലും കൊണ്ട് അഷ്ടിക്ക് വകയില്ലാത്ത കാലത്തേക്ക് മോഡി ഇന്ത്യയെ നയിക്കുമ്പോൾ കടലിൽ കുളിച്ചും ആചാരങ്ങളുണ്ടാക്കാൻ ഖദറുടുത്തും വേഷം കെട്ടുന്നവരും കേരളത്തെ ഒറ്റുകൊടുക്കുകയാണ്. 

ഇനി നമ്മൾ ചിന്തിക്കേണ്ട വിഷയങ്ങളിലേക്ക്… വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് ഡിസംബറിൽ രണ്ടു തവണയായി 100 രൂപയും കഴിഞ്ഞ മാസം മൂന്നു തവണയായി 100 രൂപയും കൂട്ടിയതിന്റെ പിന്നാലെയാണ് കഴിഞ്ഞദിവസം 25 രൂപയുടെ വർധനയുണ്ടായത്. അതായത് രണ്ടുമാസം കൊണ്ടു മാത്രം കൂടിയത് 225 രൂപ. 838 രൂപയാണ് ഗാർഹിക സിലണ്ടറിന്റെ ഇപ്പോഴത്തെ വില. അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞുനിന്നതു കൊണ്ടും കോവിഡ് മൂലവും ജൂലൈ മുതൽ നവംബർ വരെ എൽപിജി വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന വർധനയുടെ പേരു പറഞ്ഞാണ് തുടർച്ചയായ പെട്രോൾ‑ഡീസൽ വിലവർധനയ്ക്കൊപ്പം പാചകവാതകവിലയും എണ്ണക്കമ്പനികൾ ഉയർത്തുന്നത്. ഇതേ സമയം തന്നെ കേന്ദ്രസർക്കാർ ഗാർഹിക പാചകവാതകത്തിനുള്ള സബ്സിഡി മുന്നറിയിപ്പില്ലാതെ ഇല്ലാതാക്കിയത് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് എവിടെയെങ്കിലും പരാമർശിക്കുന്നത് കേട്ടിട്ടുണ്ടോ? 

2020 മെയ് മുതലാണ് കേന്ദ്രം ഗ്യാസിന്റെ സബ്സിഡി തടഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷം 37,256 കോടി രൂപ സബ്സിഡിക്കായി മാറ്റി വച്ചിരുന്നു. അതിലെ ഏറിയ പങ്കും കോവിഡ് പാക്കേജിന്റെ മറവിൽ വകമാറ്റി വ്യവസായ ഭീമൻമാരെ സഹായിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. ഇന്ത്യയെക്കാൾ വിപുലമായ കോവിഡ്കാല സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ച രാജ്യങ്ങൾ പോലും അതിന്റെ പേരിൽ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിച്ചിട്ടില്ല. കോവിഡ്കാലത്ത് ഏതൊരു സർക്കാരിനും ജനങ്ങളോടു ചെയ്യാനാകുന്ന ഏറ്റവും വലിയ നീതി ജീവിതച്ചെലവു കൂട്ടാതിരിക്കുകയാണ്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞതിനാൽ പാചകവാതകത്തിന്റെ വില കുറഞ്ഞെന്നും അതിനാൽ മെയ്, ജൂൺ മാസങ്ങളിൽ എൽപിജി സബ്സിഡി വിതരണം ചെയ്യില്ലെന്നുളള വിചിത്ര വാദമാണ് പെട്രോളിയം മന്ത്രാലയം 2020 മെയിൽ ഉന്നയിച്ചത്. ശേഷം ഇതുവരെ സബ്സിഡി പുനഃസ്ഥാപിച്ചില്ല. ഇതിനെതിരെ പാർലമെന്റിലോ പുറത്തോ എന്തെങ്കിലും പറയാൻ തയ്യാറാകാത്തവർ ഇപ്പോഴും ശബരിമലയുടെ ആചാരത്തിൽ നിന്ന് പുറത്തു വന്നിട്ടില്ല. സാധാരണക്കാരെ സാരമായി ബാധിക്കുന്ന പാചകവാതക വിലവർധനയ്ക്കുള്ള ഏക പരിഹാരം സബ്സിഡി മാത്രമാണെന്നിരിക്കേ അത് രഹസ്യമായി ഇല്ലാതാക്കിയ കേന്ദ്രത്തിന് തണലൊരുക്കുകയാണ് ശബരിമലയുടെ പേരിൽ അവർക്കൊപ്പം നിൽക്കുന്ന കേരളത്തിലെ പ്രതിപക്ഷം. 

അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ചാണ് രാജ്യത്ത് പാചകവാതകം അടക്കമുള്ള പെട്രോളിയം ഉല്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നത്. എന്നാൽ വിലയിൽ കാലാനുസൃതമായ ഇളവുകൾ നൽകി ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ പാചകവാതകം ലഭ്യമാക്കാൻ ഭരണകൂടം ശ്രമങ്ങൾ നടത്തിവന്നിരുന്നു. ഉൽപ്പന്നത്തിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ചും സബ്സിഡിയിന്മേലുള്ള ഭരണകൂട തീരുമാനമനുസരിച്ചും സബ്സിഡി നിരക്കിലുള്ള ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ഒരു വർഷം 12 സിലിണ്ടറിനു മാത്രമേ സബ്സിഡി നൽകൂ എന്ന നയം കൊണ്ടുവന്നത് 2013ൽ യുപിഎ സർക്കാരാണ്. 2015 മുതൽ കേന്ദ്രസർക്കാർ പാചക വാതക സബ്സിഡി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യാൻ ആരംഭിച്ചു. അന്ന് 998 രൂപയായിരുന്നു സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില. 563 രൂപയായിരുന്നു സബ്സിഡി തുകയായി വിതരണം ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിലെ കണക്കനുസരിച്ച് കേന്ദ്രസർക്കാർ ഒരു ഗാർഹിക സിലിണ്ടറിനു നൽകുന്ന സബ്സിഡി 20 രൂപ മാത്രമാണ്. മോഡി പ്രധാനമന്ത്രിയായശേഷം സാമ്പത്തികശേഷിയുള്ളവർ സബ്സിഡി ആനുകൂല്യം സ്വമേധയാ ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു. 2021 ഫെബ്രുവരി ഒന്നു വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 1.08 കോടി പാചകവാതക ഉപഭോക്താക്കൾ തങ്ങളുടെ സബ്സിഡി തുക വേണ്ടെന്നുവെച്ചതായി എണ്ണ വിപണന കമ്പനികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ ശേഷിക്കുന്നവർക്ക് സബ്സിഡി മരവിപ്പിക്കുകയും ചെയ്തു. 

ഇതോടൊപ്പം പെട്രോൾ‑ഡീസൽ വില കോവിഡ് കാലത്ത് 30 ശതമാനത്തിലേറെയാണ് വർധിപ്പിച്ചത്. കഴിഞ്ഞ വർഷം ഇതേകാലത്ത് 70 രൂപക്കടുത്തായിരുന്ന പെട്രോൾ വില നൂറിനടുത്തെത്തിയിരിക്കുന്നു. ഇത് ഉപ്പുതൊട്ട് കർപ്പൂരം വരെ വിലവർധനക്ക് കാരണമാകും. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ മിക്കയിടത്തും ചരക്കുവാഹന വാടക 30 ശതമാനം വർധിപ്പിച്ചു കഴിഞ്ഞു. യാത്രാവാഹനങ്ങളും വർധന ആവശ്യപ്പെടുക സ്വാഭാവികം. കോവിഡ് മൂലം തൊഴിലവസരം കുറഞ്ഞ സാധാരണക്കാരുടെ പ്രത്യേകിച്ച് മലയാളിയുടെ ജീവിതം തികച്ചും ദുരിതത്തിലാകാൻ അധികദിവസങ്ങൾ വേണ്ടിവരില്ല. അതിനുമേൽ കൂടുതൽ കരിനിഴൽ വീഴ്ത്തുന്നതാണ് ഭക്ഷ്യസബ്സിഡിയിൽ കുറവു വരുത്താനുള്ള കേന്ദ്ര നിതി ആയോഗിന്റെ ശുപാർശ. 

പൊതുവിപണിയിലെ ഭക്ഷ്യധാന്യ വിലനിലവാരം വലിയൊരളവു വരെ പിടിച്ചുനിർത്തുന്നത് സംസ്ഥാനത്തെ പൊതുവിതരണ സംവിധാനമാണ്. 2011 സെൻസസ് പ്രകാരം 3.34 കോടിയോളം വരുന്ന കേരളത്തിലെ ജനസംഖ്യയിൽ 1.75 കോടി ഗ്രാമങ്ങളിലും 1.59 കോടി നഗരങ്ങളിലുമാണ്. ഇതിൽ 1.54 കോടി പേർക്കു മാത്രമാണ് ഭക്ഷ്യ സബ്സിഡിയുള്ളത്. കേന്ദ്ര സർക്കാരിന്റെ സബ്സിഡി റേഷൻ ലഭിക്കുന്ന 38.93 ലക്ഷം മുൻഗണനാ വിഭാഗം റേഷൻ കാർഡുകളാണ് കേരളത്തിലുള്ളത്. 5,94,159 അന്ത്യോദയ അന്നയോജന (എഎവൈ- മഞ്ഞ), 32,99,551 മുൻഗണന വിഭാഗം സബ്സിഡി (പിഎച്ച്എച്ച് പിങ്ക്) കാർഡുകളും ഉൾപ്പെടെയാണിത്. ആകെയുള്ളത് 89.80 ലക്ഷം റേഷൻ കാർഡുകളും. എന്നാൽ റേഷൻ ഗുണഭോക്താക്കളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കുന്ന തരത്തിലുള്ള മാർഗരേഖയാണ് നിതി ആയോഗ് തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ ഗ്രാമത്തിൽ 75 ശതമാനം, നഗരത്തിൽ 50 ശതമാനം എന്നിങ്ങനെയാണ് സബ്സിഡി റേഷൻ നൽകുന്നതിനുള്ള വ്യവസ്ഥ. ഇത് യഥാക്രമം 60 ശതമാനം, 40 ശതമാനം എന്നിങ്ങനെ ചുരുക്കാനാണ് നിർദ്ദേശം. ഈ ശുപാർശ നടപ്പായാൽ കേരളത്തിന് കൂടുതൽ തിരിച്ചടിയാകും. യഥാർത്ഥത്തിൽ നിലവിലുള്ള വ്യവസ്ഥപ്രകാരം പോലും കേരളത്തിനു സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ല. ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തിന് 14.25 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് പ്രതിവർഷം കേന്ദ്രം നൽകുന്നത്. അതേസമയം, ഭക്ഷ്യക്കമ്മി ഇല്ലാത്ത കർണാടകക്കും തമിഴ്‌നാടിനും യഥാക്രമം 25.56 മെട്രിക് ടൺ, 36.78 മെട്രിക് ടൺ എന്നിങ്ങനെ ധാന്യം നൽകുന്നുണ്ട്. 

ജനസംഖ്യയിൽ 67 ശതമാനം പേർക്ക്, അതായത് 81.35 കോടിയോളം പേർക്കാണ് ഇപ്പോൾ രാജ്യത്ത് റേഷൻ ലഭിക്കുന്നത്. നിതി ആയോഗ് നിർദ്ദേശം നടപ്പായാൽ റേഷൻ ഗുണഭോക്താക്കൾ ജനസംഖ്യയുടെ 50 ശതമാനം മാത്രമാകും. ഇതിലൂടെ സബ്സിഡി ചെലവിൽ 47,229 കോടി ലാഭമുണ്ടാക്കാമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. ലോക പട്ടിണി സൂചികയിലെ 107 രാജ്യങ്ങളിൽ 94-ാം സ്ഥാനത്ത് നാണംകെട്ട് നിൽക്കുന്ന ഇന്ത്യയെ കൂടുതൽ പട്ടിണിയിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്രത്തിന്റെ പരിഷ്കാരനിർദ്ദേശം. 

സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യം ലഭിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയും രണ്ടാം യുപിഎ സർക്കാരാണ് കൊണ്ടുവന്നത്. ഈ നയത്തിലെ അപകടം അന്നുതന്നെ ഇടതുപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. 2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ അർഹരായ കോടിക്കണക്കിനുപേർ പുറത്തായി. യുപിഎയുടെ നയം പിന്തുടർന്ന് മോഡി ഭരണകൂടം കോർപ്പറേറ്റ് ഭീമൻമാർക്കു വേണ്ടിയുണ്ടാക്കിയ കാർഷികനിയമങ്ങൾക്ക് തുടർച്ചയാണ് റേഷൻവിതരണം ചുരുക്കുന്ന കേന്ദ്രനീക്കവും. റേഷൻ കിട്ടുന്നവരുടെ എണ്ണം കുറഞ്ഞാൽ എഫ്‌സി­ഐ ഗോഡൗണുകളിൽ ധാന്യശേഖരം അധികമാകും. ഇതിന്റെ മറവിൽ ഭക്ഷ്യധാന്യ സംഭരണത്തിൽ കുറവ് വരുത്താമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. ഇങ്ങനെ പൊതുജനം പട്ടിണിയുടെ വക്കിൽ നിൽക്കുകയും അവന്റെ അടുക്കളകൾ കത്തിയമർന്ന് പിന്നീടൊരിക്കലും പുകയുയരാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുമെന്ന ഭീതിദമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 

അപ്പോഴും രാജ്യത്തെ ജനങ്ങളെ വംശീയമായി വിഭജിക്കുകയും കർഷകരുൾപ്പെടുന്ന അടിസ്ഥാനവർഗത്തെ ഉന്മൂലനം ചെയ്യുന്ന നയങ്ങളുമായി കേന്ദ്രം മുന്നോട്ടു പോകുന്നു. അതേസമയം തന്നെ കോവിഡ് കാലത്ത് വറുതിയിൽ താങ്ങായി കേരള സർക്കാർ നൽകിയ ഭക്ഷ്യക്കിറ്റിനെയുൾപ്പെടെ അപഹസിക്കുകയും ശബരിമലയാണ് തങ്ങളുടെ പ്രധാന വിഷയമെന്ന് പറയുകയും ചെയ്യുന്ന കോൺഗ്രസ് നേതൃത്വത്തിന് കേന്ദ്രഭരണാധികാരികളിൽ നിന്ന് എന്താണ് വ്യത്യാസം. ദുരിതം കത്തിയെരിയുന്ന അടുക്കളയിൽ നിന്ന് വോട്ടർമാർ വിലയിരുത്തട്ടെ. 

Eng­lish Sum­ma­ry : Sabari­mala mak­ing a pro­pa­gan­da for elections

You may also like this video :