മലകയറിയ ശ്രീലങ്കന്‍ യുവതിയെ പോലീസ് തിരിച്ചിറക്കി:ട്രാന്‍സ് ജെന്‍ഡറിനെ പ്രതിഷേധക്കാര്‍ തിരിച്ചയച്ചു

Web Desk
Posted on January 04, 2019, 8:53 am

പത്തനംതിട്ട :അയ്യപ്പനെ ദര്‍ശിക്കാന്‍ മലകയറിയ ശ്രീലങ്കന്‍ യുവതിയെ പോലീസ് തിരിച്ചിറക്കി. 47കാരി ശശികലയാണ് മരക്കൂട്ടം വരെ എത്തി അയ്യപ്പ ദര്‍ശനം സാധ്യമാകാതെ മലയിറങ്ങിയത്. ഭര്‍ത്താവിനും മകനും ഒപ്പമായിരുന്നു ശശികല സന്നിധാനത്തേയ്ക്ക് എത്തിയത്. ഗര്‍ഭാശയം നീക്കം ചെയ്ത ശശികല അതുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപോര്‍ട്ടുമായാണ് എത്തിയത്. 41 ദിവസത്തെ വ്രതം നോറ്റാണ് താനെത്തിയതെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ശശികല അയ്യപ്പ ദര്‍ശനം നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും വിവിധ തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.തനിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടായില്ലെന്നും പോലീസ് തന്നെ മടക്കി അയക്കുകയായിരുന്നുവെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ 17 വര്‍ഷമായി അയ്യപ്പ ദര്‍ശനം നടത്തിവരികയായിരുന്ന  ട്രാന്‍സ് ജെന്‍ഡറിനെ പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. തേനി സ്വദേശി കയലാണ് അയ്യപ്പനെ ദര്‍ശിക്കാതെ മടങ്ങിയത്. ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാമെന്ന് തന്ത്രിയും പന്തളം കൊട്ടാരവും നിലപാടെടുത്തിരുന്നു. എന്നിട്ടും പ്രതിഷേധമുണ്ടായത് ശ്രദ്ധേയമാണ്. അതേസമയം കയല്‍ ആവശ്യപ്പെട്ടാല്‍ പോലീസ് സംരക്ഷണത്തില്‍ മല കയറ്റുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.