കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും

Web Desk
Posted on February 12, 2019, 9:18 am

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്നു തുറക്കും. വൈകുന്നേരം അഞ്ചിനായിരിക്കും നട തുറക്കുക. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചിനു മഹാഗണപതിഹോമത്തോടെ പതിവു പൂജകള്‍ ആരംഭിക്കും. 17നു രാത്രിയാണ് നട അടയ്ക്കുന്നത്.
നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെയുള്ള ഭാഗത്തു നിരോധനാജ്ഞ വേണമെന്നാവശ്യപ്പെട്ടു പോലീസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച ജില്ലാ പോലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കു കൈമാറി. റവന്യു ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചു തീരുമാനം ഉണ്ടാകും.

വന്‍ സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ് സേന ഇന്നലെ ചുമതലയേറ്റു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് 700 അംഗ പോലീസ് സംഘമാണ് ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഓരോ എസ്പിമാരും അവരോടൊപ്പം രണ്ട് ഡിവൈഎസ്പിമാര്‍ വീതവും ചുമതലയേറ്റു. നാലു വീതം സിഐമാരും എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടിയിലുണ്ടാകും.