പുളിക്കല്‍ സനില്‍രാഘവന്‍

November 20, 2021, 11:17 am

ശബരിമല തീര്‍ത്ഥാടനം; സുഗമമാക്കന്‍ സര്‍ക്കാരും, ദേവസ്വം ബോര്‍ഡും കലാപഭൂമിയാക്കാന്‍ അണിയറയില്‍ ഗൂഢനീക്കം

Janayugom Online

ശബരിമല തീര്‍ത്ഥാടകരുടെ എല്ലാ വിശ്വാസ‑താല്‍പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ തന്നെ അര്‍ത്ഥശങ്കക്ക് ഇടയാക്കാതെ പ്രഖ്യാപിച്ചിരിക്കെ വിവാദങ്ങള്‍ സൃഷിക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ വീണ്ടും ശ്രമം ആരംഭിച്ചു. മണ്ഡല മകരവിളക്ക് കാലം ഏറ്റവും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി തീര്‍ത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭകതന്‍മാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാന്‍ ശ്രമിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധപതിപ്പിച്ചിരുന്നു. മന്ത്രിമാര്‍ നേരിട്ട് തന്നെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു. സുഖദര്‍ശനം സുരക്ഷിത തീര്‍ത്ഥാടനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഈ ആത്മീയകേന്ദ്രം വിവാദമുണ്ടാക്കി സംഘര്‍ഷമേഖലയാക്കുവാനാണ് ശ്രമം. നുണ പ്രചരിപ്പിച്ചും കോടതിയിലെത്തിച്ചും വാർത്തകള്‍ ചമച്ചും അനാവശ്യ ചർച്ചയ്‌ക്ക്‌ വഴിവയ്‌ക്കുകയാണ് , കൂടാതെ വർഗീയവൽക്കരണത്തിനുള്ള വിഫല ശ്രമവുമുണ്ട്. ഹലാൽ ശർക്കരയുടെ പേരുപറഞ്ഞ്‌  തെറ്റിദ്ധരിപ്പിച്ചാണ്‌ ഒടുവില്‍ വിവാദം കൊഴുപ്പിച്ചത്‌. സത്യം പുറത്തുവന്നപ്പോൾ ഹർജിക്കാരുടെ ലക്ഷ്യം വിശ്വാസമോ ക്ഷേത്രസംരക്ഷണമോ അല്ലെന്ന്‌ തെളിഞ്ഞു. അതോടെ കേടായ ശർക്കര ഉപയോഗിക്കുന്നുവെന്ന പ്രചാരണമായി. ശബരിമലയിൽ  ഹലാൽ ശർക്കരയെന്ന  ബിജെപി പ്രചാരണം പൊളിയുന്നു.  ശർക്കര ഹലാലാണെന്നും മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള കമ്പനിയാണ്‌ നൽകുന്നത്‌ എന്ന തരത്തിലാണ്‌  ബിജെപി നവമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തിയത്‌. ശർക്കര നിർമിക്കുന്നത് പുണെയിലെ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡാണ്‌.  കമ്പനിയുടെ  ചെയർമാൻ ധൈര്യശീൽ ധ്യാൻദേവ് കദം മഹാരാഷ്ട്രയിലെ പ്രധാന ശിവസേനാ  നേതാവാണ്‌.  ശബരിമലയിൽ അരവണ, അപ്പം നിർമാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചെന്നായിരുന്നു പ്രചാരണം. ശബരിമലയിൽ പോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേടാണ് കേരളത്തിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ  പ്രസ്താവനയിറക്കുകയും ചെയ്‌തിരുന്നു.  2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരാട് നോർത്ത് മണ്ഡലത്തിൽ ശിവസേനാ സ്ഥാനാർഥിയായിരുന്നു ധ്യാൻദേവ്. എൻസിപിയുടെ ബാലാസാഹെബ് പൻദുറങ് പാട്ടീലിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്.

 

കൃഷിയുമായി ബന്ധപ്പെട്ട  വ്യവസായത്തിൽ പത്തു‌ വർഷമായി  സജീവമായി ഇടപെടുന്ന കമ്പനിയാണ് വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീൽ ധ്യാൻദേവ് കദം, വിക്രംശീൽ ധ്യാൻദേവ് കദം, ഗീതാഞ്ജലി സത്യശീൽ കദം, സുനിത ധൈര്യശീൽ കദം, തേജസ്വിനി വിക്രംശീൽ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ.  കമ്പനിയുടെ ജാഗ്വരി പൗഡറാണ്‌ ശബരിമലയിൽ അരവണപ്പായസത്തിന് ഉപയോഗിക്കുന്നത്‌.  വിദേശരാജ്യങ്ങളിലേക്ക്‌ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടാണ് പാക്കറ്റിൽ ഹലാൽ സർട്ടിഫിക്കറ്റ് മുദ്രണം ചെയ്യുന്നത്. സീസണിൽ ഉപയോഗിക്കുന്നതിന്‌ നേരത്തേതന്നെ ക്വട്ടേഷൻ കൊടുത്ത്‌ ശർക്കര എത്തിച്ചിരുന്നു. 2019 ഒക്ടോബര്‍ 1ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട്ടിലെത്തി ശിവസേനയില്‍ അംഗത്വമെടുക്കുന്നതിന്റെ വീഡിയോ ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരുന്നു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കരാട് നോര്‍ത്ത് മണ്ഡലത്തില്‍ ശിവസേനാ സ്ഥാനാര്‍ഥിയായിരുന്നു ധ്യാന്‍ദേവ്. സതാര ജില്ലയിലെ മണ്ഡലത്തില്‍ എന്‍സിപിയുടെ ബാലാസാഹെബ് പന്‍ദുറങ് പാട്ടീലിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്. 39791 വോട്ടുനേടി സ്വതന്ത്രനായ മനോജ് ഭീംറാവു ഘോര്‍പാഡെയ്ക്കും താഴെ മൂന്നാമതായിരുന്നു ധ്യാന്‍ദേവ്.2019 ‑20ൽ ഇവർ എത്തിച്ച ചില പാക്കറ്റുകളിൽ ഹലാൽ സർട്ടിഫിക്കേഷൻ ലേബൽ കണ്ടതിനെ തുടർന്ന് അന്വേഷണം നടത്തിയതായി ദേവസ്വം ബോർഡ്‌ ഹൈക്കോടതിയെ അറിയിച്ചു. തങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ടെന്നും ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് സർട്ടിഫിക്കേഷൻ എടുത്തതെന്ന് കമ്പനി അറിയിച്ചുവെന്നും ബോർഡ് വ്യക്തമാക്കി.ശബരിമല പ്രസാദം നിർമിക്കാൻ ഹലാൽ ശർക്കര ഉപയോഗിക്കുന്നു എന്ന ആരോപണം തീർഥാടനം അലങ്കോലമാക്കാനും മതസൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും ദേവസ്വം ബോർഡ്‌ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌. ഭക്തരുടെ വികാരം മുതലെടുക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് അപ്പം, അരവണ വിതരണം അട്ടിമറിക്കാനും ദേവസ്വം ബോർഡിന് വൻ നഷ്‌ടം ഉണ്ടാക്കാനുമാണ് ശ്രമമെന്നും ബോർഡ് സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.അപ്പം — അരവണ എന്നിവ നിർമിക്കാൻ ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിക്കുന്നുണ്ടെന്നാരോപിച്ച്‌  എറണാകുളം പനമ്പിള്ളി നഗർ സ്വദേശി എസ്  ജെ ആർ കുമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. പ്രസാദം നിർമാണത്തിന് പുതിയ ശർക്കരയാണ് ഉപയോഗിക്കുന്നത്. 2020-–-21 കാലയളവിലേക്ക് അഞ്ചുലക്ഷം കിലോ ശർക്കരയാണ് സംഭരിച്ചത്. ഭക്ഷ്യ സുരക്ഷാവകുപ്പിനുകീഴിൽ കർശന പരിശോധനയ്‌ക്കുശേഷം ഗുണനിലവാരം ഉറപ്പുവരുത്തിയാണ് സന്നിധാനത്തേക്ക് അയക്കുന്നത്. കോവിഡ് മൂലം 2019-–-20ൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രസാദം നിർമാണം ചുരുക്കി. ബാക്കി വന്ന മൂന്നരലക്ഷം കിലോ ശർക്കര ഉപയോഗിക്കാനാകില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കാലിത്തീറ്റ നിർമാതാക്കൾക്ക് ലേലം ചെയ്‌ത് നൽകി.

 

വാസ്‌തവവിരുദ്ധവും  അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഹർജി ദുഷ്‌ടലാക്കോടെയുള്ളതാണെന്നും വ്യാജപ്രചാരണത്തിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു. ഹർജിക്കാരന് എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ കോടതി നിർദേശിച്ചു.കൊടിയ മഴക്കെടുതികൾക്കിടയിലും കോവിഡ് ഭീതികൾക്കിടയിലുമാണ്‌ ശബരിമല മഹോൽസവം കൊടികയറിയത്‌. ഈ വർഷത്തെ മഹോൽസവത്തിനായി സർക്കാർ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. വെർച്ച്വൽ ക്യൂ സംവിധാനം ശബരിമലയിലെ സുരക്ഷ ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം കൂടുതൽ പേർക്ക് എത്താനായി സ്പോട്ട്ബുക്കിങ്ങ് സംവിധാനവും പ്രധാന ഇടത്താവളങ്ങളിൽ ഏർപ്പെടുത്തിപ്രതികൂല കാലവസ്ഥ മൂലം ഈ ദിവസങ്ങളിൽ പമ്പാ സ്‌നാനം നടത്താൻ കഴിയില്ല. മഴയൊഴിഞ്ഞു പമ്പാ നദിയിലെ നീരൊഴുക്ക് കുറയുന്നതോടെ ഇതും അനുവദിക്കാവുന്നതാണെന്നു ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കാനനപാതയിലൂടെയുള്ള യാത്രയും ഈ പ്രതികൂല കാലാവസ്ഥയിൽ ഏറെ ദുഷ്‌കരമാണ്. യഥാർത്ഥ വിശ്വാസികളായ അയ്യപ്പഭക്തർ ഇതൊക്കെ മനസ്സിലാക്കി ശബരീശനെ കണ്ട് സുരക്ഷിതരായി മടങ്ങും. തീർത്ഥാടകരുടെ എല്ലാ വിശ്വാസ താൽപര്യങ്ങളും ഈ സർക്കാർ സംരക്ഷിക്കും.കോവിഡ് മഹാമാരിയിൽ വലഞ്ഞ ക്ഷേത്രപരിസരങ്ങളെ അർത്ഥം കൊണ്ടും ആളുകൊണ്ടും സഹായിച്ചിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിൽ ദേവസ്വം മന്ത്രിയായി ചുമതലയേറ്റതു മുതൽ 11 യോഗങ്ങളാണ് ശബരിമല മഹോൽസവത്തിന്റെ മുന്നൊരുക്കങ്ങൾക്കായി നടത്തിയത്. വനം, ഗതാഗതം, ആരോഗ്യം, ജലവിഭവം, റവന്യൂ, ടൂറിസം, പൊലീസ് തുടങ്ങിയ വകുപ്പുകളെ  ഒന്നിച്ചണിനിരത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി. പമ്പയിൽ നേരിട്ടു പോയി തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കിയത് വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് തവണ മേൽ യോഗങ്ങളിൽ പങ്കെടുത്ത് നിർദേശങ്ങൾ നൽകി.കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 131.6 കോടി രൂപ കൈമാറി. ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ യോഗം വിളിച്ച് കോവിഡ് — മഴക്കെടുതി സാഹചര്യങ്ങളിലും എൽഡിഎഫ് സർക്കാർ ചെ‌യ്‌ത കാര്യങ്ങൾ വിശദീകരിച്ചു. ഇതര സംസ്ഥാന അയ്യപ്പ ഭക്തന്മാർക്ക് അതത് ഭാഷകളിൽ ഇത്തവണത്തെ സുരക്ഷാ നിയന്ത്രണങ്ങളും സൗകര്യങ്ങളും വിശദീകരിക്കാൻ നിർദേശിച്ചു. മഹോൽസവത്തിന്റെ ഭാഗമായി ആവശ്യമായ ജീവനക്കാരെ വിന്യസിച്ചു.  ഇതിനു പുറമേ ശബരിമല മഹോൽസവ നടത്തിപ്പിന് മാത്രമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 10 കോടി രൂപ കൈമാറി.  കൂടാതെ അടിയന്തിര ആവശ്യങ്ങൾക്കായി കോട്ടയം, പത്തനംതിട്ട കലക്ട‌ർമാർക്ക് 10 ലക്ഷം രൂപ വീതവും ഇടുക്കി കലക്‌ടർക്ക് 6 ലക്ഷം രൂപയും  കൈമാറി.കൂടുതൽ തുക ആവശ്യമെങ്കിൽ ഇനിയും നൽകും.

 

ശബരിമലയിലെത്തുന്ന ഭക്തർ ഏതെങ്കിലും വിധത്തിൽ മരണപ്പെട്ടാൽ നാട്ടിലെത്തിച്ച് കർമ്മങ്ങൾ പൂർത്തിയാക്കാൻ സർക്കാരിന്റെ കൈത്താങ്ങായി 5000 രൂപ വീതം നൽകാനും പത്തനംതിട്ട കലക്ടർക്ക് പണം കൈ മാറിയിട്ടുണ്ട്. സ്‌ത്രീകളെ ശബരിമലയിലേക്ക്‌ കൊണ്ടുവന്ന്‌ സംഘർഷമുണ്ടാക്കാനുള്ള ശ്രമവും ചിലർ ആസൂത്രണം ചെയ്യുന്നുണ്ട്‌. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെച്ചൊല്ലി അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.സംഘപരിവാർ കൈവശം വച്ചിരുന്ന പല ക്ഷേത്രങ്ങളും ദേവസ്വം ബോർഡ്‌ ഏറ്റെടുത്തത്‌ വിശ്വാസികളുടെ ആവശ്യത്തെ തുടർന്നായിരുന്നു. ആയുധ പരിശീലനത്തിനും പണം വെട്ടിക്കുന്നതിനും ക്ഷേത്രങ്ങളെ ഉപയോഗിച്ചതോടെയാണ്‌ പരാതി ഉയർന്നത്‌. ഏറ്റെടുത്ത ക്ഷേത്രങ്ങൾ  അഭിവൃദ്ധിപ്പെടുകയാണ്‌ ചെയ്തത്‌.സംസ്ഥാന സര്‍ക്കാരും, അഡ്വ, കെ അനന്തഗോപന്‍റെയും, മനോജ് ചരളേളിന്‍റെയും നേതൃത്വത്തിലുളള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതികൂല സാഹചര്യത്തിലും അയ്യപ്പഭക്തന്‍മാര്‍ക്ക് പരമാവധി സൗകര്യംഒരുക്കി തീര്‍ത്ഥാടനം സുഗമമാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കെ വീണ്ടും കലാപം സൃഷിക്കനുള്ള ബോധപൂര്‍വമായ ശ്രമം നടന്നു കൊണ്ടിരിക്കുന്നു.