ശബരിമല തീര്‍ത്ഥാടനവും കേരളത്തോടുള്ള അവഗണനയും

Web Desk
Posted on October 15, 2019, 11:02 pm

കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ ഇരട്ടിയിലധികം തീര്‍ത്ഥാടകര്‍ മണ്ഡലപൂജക്കാലത്തുമാത്രം ഒഴുകിയെത്തുന്ന ശബരിമല കാനന ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കാന്‍ വിഭാവനം ചെയ്ത അങ്കമാലിഎരുമേലി റയില്‍പാതയുടെ നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്. ശബരിമലയെ വോട്ടിനുവേണ്ടി ദുരുപയോഗം ചെയ്യാന്‍ കൊണ്ടുപിടിച്ച് യത്‌നിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തില്‍ വിരാജിക്കവെയാണ് കേരളത്താേടും ശബരിമല തീര്‍ത്ഥാടകരോടുമുള്ള ഈ അവഗണന. ഒന്നാം മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാത നിര്‍മ്മാണമാണ് അനിശ്ചിതത്വത്തില്‍ തുടരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ് ഇത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പൊതു അവസ്ഥയല്ലെങ്കില്‍ ബോധപൂര്‍വമായ അവഗണനയായോ ശത്രുതാപരമായ സമീപനമായോ മാത്രെമ ഇതിനെ കാണാനാവൂ. 9798 സാമ്പത്തിക വര്‍ഷത്തില്‍ ഭരണാനുമതി ലഭിച്ച 116 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള പാത 550 കോടി രൂപ ചെലവില്‍ റയില്‍വെതന്നെ നിര്‍മ്മിക്കാനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി മുതല്‍ കാലടി വരെ എട്ടു കിലോമീറ്റര്‍ പാതയും കാലടി റയില്‍വെ സ്റ്റേഷനും നിര്‍മ്മിക്കുകയുണ്ടായി. അതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കും സ്ഥലമെടുപ്പിനുമായി റയില്‍വെ 260 കോടി ചെലവഴിച്ചിരുന്നു. പിന്നീട് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന റയില്‍ വികസന പദ്ധതികള്‍ക്ക് സംസ്ഥാനം പകുതി ചെലവുകള്‍ വഹിക്കണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. അത്തരം നിബന്ധന നിലവില്‍ വരുംമുമ്പ് ആരംഭിച്ച പദ്ധതി നിര്‍വഹണത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരും റയില്‍വെയും പിന്‍മാറുമെന്ന സാഹചര്യം വന്നപ്പോള്‍ പുതുക്കിയ പദ്ധതി ചെലവിന്റെ നേര്‍പകുതി ‘കിഫ്ബി‘യില്‍ നിന്നും കണ്ടെത്തി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായി. 2016 ജനുവരിയില്‍ സംസ്ഥാനവും റയില്‍മന്ത്രാലയവും ഇതു സംബന്ധിച്ച ധാരണപത്രം ഒപ്പുവച്ചു. പ്രധാനമന്ത്രി തനിക്കു പ്രത്യേക താല്‍പര്യമുള്ള പദ്ധതി എന്ന നിലയില്‍ കേരളാ ചീഫ് സെക്രട്ടറിയുമായി ഇതു സംബന്ധിച്ച് വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി ചര്‍ച്ച നടത്തി പദ്ധതിയുടെ ചെലവു പൂര്‍ണമായും കേന്ദ്രം വഹിക്കുമെന്ന പ്രഖ്യാപനവും നടത്തി. 201718ലെ ബജറ്റില്‍ 225 കോടി രൂപ പദ്ധതിക്കായി വകയിരുത്തി. അതിനപ്പുറം യാതാെന്നും സംഭവിച്ചില്ല. അവസാന ബജറ്റില്‍ പദ്ധതിക്കായി വകയിരുത്തിയത് രണ്ടു കോടി രൂപ മാത്രമാണെന്നത് കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനയാണ് തുറന്നുകാട്ടുന്നത്.

കാല്‍നടയായി എത്തുന്ന അപൂര്‍വം തീര്‍ത്ഥാടകരൊഴിച്ച് കോടാനുകോടി വരുന്ന തീര്‍ത്ഥാടകര്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ശബരിമലയില്‍ എത്തുന്നത്. കെഎസ്ആര്‍ടിസി നടത്തുന്ന ആയിരക്കണക്കിന് സര്‍വീസുകള്‍ക്കു പുറമെ ലക്ഷക്കണക്കിനു വാഹനങ്ങളാണ് തീര്‍ത്ഥാടകരെയും വഹിച്ച് എത്തുന്നത്. സംരക്ഷിത വനമേഖലയിലടക്കം റോഡ് വികസനം അസാധ്യമാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. റോഡ് ഗതാഗതം വഴിയുള്ള ഇന്ധന ചെലവ്, അതുണ്ടാക്കുന്ന വാഹനക്കുരുക്ക്, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരുകതന്നെ ചെയ്യും. നിര്‍ദിഷ്ട വിമാനത്താവളമാകട്ടെ വളരെ ചെറിയാെരു ശതമാനം വരുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമായിരിക്കും പ്രയോജനപ്പെടുക. അത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സ്ഥായിയായ പരിഹാര മാര്‍ഗമായിരിക്കും ശബരിറയില്‍പാത. അങ്കമാലിഎരുമേലി പാത നിലവില്‍ വരുന്നതോടെ ഇടുക്കി ജില്ലയ്ക്കുകൂടി കേരളത്തിന്റെ റയില്‍വെ ഭൂപടത്തില്‍ സ്ഥാനം ലഭിക്കും. പാത പെരുമ്പാവൂര്‍ മേഖല കേന്ദ്രീകരിച്ചുള്ള അരിമില്‍, റബര്‍, തടി വ്യവസായങ്ങള്‍ക്കും ഉത്തേജകമാവും. പാത കടന്നുപോകുന്ന മേഖലയുടെ വികസനം, ജനങ്ങളുടെ ഗതാഗത സൗകര്യം, കാര്‍ഷികവ്യാവസായിക പുരോഗതി എന്നിവയെ ത്വരിതപ്പെടുത്തുന്നതിനും പദ്ധതി ഏറെ പ്രയോജനപ്പെടും. കേരള റയില്‍ വികസന കോര്‍പ്പറേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാനുള്ള സന്നദ്ധത റയില്‍വെയെ അറിയിച്ചിട്ടുണ്ട്.

അങ്കമാലിഎരുമേലിപാത പുനലൂര്‍ വരെ നീട്ടുന്നതിനെപ്പറ്റിയും ചര്‍ച്ചകള്‍ നടന്നുവന്നിരുന്നു. പാത തിരുവനന്തപുരം വരെ നീട്ടുന്നതിനെപ്പറ്റിയും നിര്‍ദേശങ്ങള്‍ സജീവമാണ്. നിലവില്‍ കേരളത്തിലെ റയില്‍ ഗതാഗതം വികസനരാഹിത്യംകൊണ്ട് വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ്. കേരളത്തിന്റെ ഗതാഗത വികസനത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഒന്നാണ് അങ്കമാലിഎരുമേലി പാത പുനരുജ്ജീവിപ്പിച്ച് നടപ്പിലാക്കുക എന്നത്. അതാവട്ടെ സംസ്ഥാനത്തെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസവും അനുഗ്രഹവുമാവും.
വിശ്വാസത്തിന്റെ പേരില്‍ കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയ അന്തരീക്ഷത്തെ കലാപകലുഷിതമാക്കി മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്ന പ്രതിലോമ താല്‍പര്യങ്ങള്‍ തീര്‍ഥാടകരുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ കാണാനും അവയ്ക്ക് പരിഹാരം കണ്ടെത്താനുമാണ് ശ്രമിക്കേണ്ടത്. വിശ്വാസികളുടെ പേരില്‍ വിദ്വേഷത്തിന്റെയും രാഷ്ട്രീയ അസ്ഥിരീകരണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രിയും ദേശീയ അധ്യക്ഷനും അടക്കം ബിജെപി നേതാക്കളും ശ്രമിച്ചത്. വിശ്വാസികളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും അവര്‍ക്കുള്ള ഉല്‍ക്കണ്ഠ പ്രകടമാക്കേണ്ടത് തീര്‍ഥാടകര്‍ക്ക് യഥേഷ്ടം സുഗമമായി ശബരിമല തീര്‍ത്ഥാടനത്തിന് സൗകര്യം ഒരുക്കി നല്‍കുന്നതിലാണ്. ഈ വൈകിയ വേളയിലെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസും ബിജെപിസംഘ് പരിവാര്‍ വൃത്തങ്ങളും അതിനുള്ള വിവേകം കാണിക്കണം.