Monday
18 Feb 2019

ശബരിമല: ബിജെപിയുടെ രഹസ്യ അജന്‍ഡ നടപ്പിലാക്കുന്നത് സംഘപരിവാര്‍ സംഘടനകള്‍

By: Web Desk | Friday 12 October 2018 9:09 AM IST

മനോജ് മാധവന്‍
തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ മറവില്‍ കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബിജെപിയുടെ രഹസ്യ അജന്‍ഡ നടപ്പിലാക്കുന്നത് വിവിധ സംഘപരിവാര്‍ സംഘടനകള്‍. മതസൗഹാര്‍ദത്തിന് ലോകത്തിനു മാതൃകയായ ശബരിമല ശ്രീശാസ്താ ക്ഷേത്രത്തെ തന്നെയാണ് കലാപത്തിന്റെ ആദ്യവെടി പൊട്ടിക്കാന്‍ ബിജെപി തെരഞ്ഞെടുത്തുവെന്നതും വിചിത്രമായി.
ശബരിമല ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ മറവിലാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക. ഇതിനു മുന്നോടിയായി സംഘപരിവാരത്തിന്റെ ഒത്താശയോടെ ഒക്‌ടോബര്‍ 17ന് പമ്പയില്‍ വിശ്വാസികളുടേത് എന്നപേരില്‍ ധര്‍ണ്ണ സംഘടിപ്പിച്ചിട്ടുണ്ട്. നടതുറക്കുന്ന 18ന് മുന്‍പോ ശേഷമോ, സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഏതെങ്കിലും സ്ത്രീകള്‍ എത്തിയാല്‍ അവരെ തടയുന്നതിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.
കേരളത്തിലെ ഹിന്ദുസംഘടനകളുടെ പ്രതിനിധിയെന്ന് സ്വയം പ്രഖ്യാപിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന തന്ത്രി കുടുംബത്തിലെ ഒരു യുവനേതാവിന്റെ നേതൃത്വത്തിലാണ് ഈ നീക്കങ്ങള്‍ നടക്കുന്നത്. പമ്പയിലും ശബരിമലയിലേയ്ക്കുള്ള കാനന പാതയിലും പ്രദേശവാസികളെ മുന്നില്‍ നിര്‍ത്തി പ്രത്യേക അഭ്യാസമുറകള്‍ പരിശീലിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുള്ള സങ്കേതകങ്ങളും ഒരുക്കിക്കഴിഞ്ഞു. പമ്പ മുതല്‍ മരക്കൂട്ടം വരെയും, എരുമേലി ഭാഗത്തു നിന്നും പുല്ലുമേട് വഴിയുള്ള ചില പ്രദേശങ്ങളിലാണ് വിശ്രമ കേന്ദ്രങ്ങളെന്ന മറവില്‍ സംഘടനയുടെ പേരിലുള്ള ഷെഡുകള്‍ കെട്ടി ഉയര്‍ത്തിയിട്ടുള്ളത്.
കഴിഞ്ഞ രണ്ടു ദിവസമായി പമ്പ, പുല്‍മേട് പ്രദേശങ്ങളുടെ വനാതിര്‍ത്തികളില്‍ താമസിക്കുന്ന പ്രത്യേക സമുദായത്തിലുള്ളവരുടെ വീടുകള്‍ തന്ത്രികുടുംബത്തിലെ യുവാവ് സന്ദര്‍ശിച്ച് സുപ്രിംകോടതി വിധിയ്‌ക്കെതിരായ വികാരം ഇളക്കിവിടുകയാണെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് ചെയ്തതായാണ് ലഭിക്കുന്ന സൂചനകള്‍. സോഷ്യല്‍മീഡിയയില്‍ പ്രസ്തുത വ്യക്തിതന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ ആസൂത്രിതമായി നടത്താന്‍ ഉദ്ദേശിക്കുന്ന കലാപത്തെ വര്‍ഗ്ഗീയ ലഹളയാക്കിമാറ്റാനുള്ള ഒരുക്കങ്ങളും ബിജെപി സംസ്ഥാന നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ വികാരം ഇളക്കിവിട്ട് കലാപമുണ്ടാക്കാനും രാഷ്ട്രീയ നേട്ടത്തിന് ഉപകരിക്കാനുമാണ് ബിജെപി ശ്രമം. കേരളത്തില്‍ വേരുപിടിക്കാന്‍ കഴിയാത്ത ബിജെപി ശബരിമല വിഷയം ഏറ്റെടുത്ത് ഏത് അറ്റംവരെ പോകാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് വിശ്വാസികളെ തെരുവിലിറക്കിയും കോടതി വിധിക്കെതിരെ കലാപം സൃഷ്ടിച്ചുമുള്ള ബിജെപിയുടെ ശ്രമമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായാണ് ലഭിക്കുന്ന സൂചന.
കേരളത്തില്‍ അങ്ങോളമിങ്ങോളം ചില കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വലിയതോതില്‍ രഹസ്യമായി വര്‍ഗ്ഗീയ പ്രചരണം നടത്തുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കളുടെയും കേരളത്തിലെ ചില പ്രത്യേക ലോബികളുടെയും പിന്തുണയോടെയാണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നുത്. ശബരിമല വിഷയം പരമാവധി ആളിക്കത്തിക്കാന്‍ ഏതറ്റംവരെ പോകാനും സംഘപരിവാരത്തിന് കേന്ദ്ര നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി ആദ്യഘട്ടിത്തില്‍ തെരുവുകളില്‍ സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയും അടുത്ത ഘട്ടത്തില്‍ അക്രമാസക്തമായ സമരത്തിനും പദ്ധതിയിടുന്നതായി സൂചനയുണ്ട്.