ശബരിമല: സുരക്ഷാ സംവിധാനം ശക്തമാക്കി

Web Desk
Posted on November 12, 2019, 7:44 pm

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലമകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച്‌ സുരക്ഷാ സംവിധാനം ശക്തമാക്കി. ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായും എരുമേലിയില്‍ നാലു ഘട്ടമായും തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി രാഹുല്‍ ആര്‍ നായരാണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍.

കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം സാബു മാത്യു പമ്പയിലും തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ് സുദര്‍ശനന്‍ നിലയ്ക്കലും കോഴിക്കോട് സിറ്റി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.വാഹിദ് എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ആയിരിക്കും.

അതേസമയം തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ശബരിമല അവലോകന യോഗം നവംബർ 15ന് നടക്കും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങള്‍ യോഗം വിലയിരുത്തും. നവംബർ 15ന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്.