ശബരിമല: കേസില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്

Web Desk

ന്യൂഡല്‍ഹി

Posted on January 28, 2020, 2:33 pm

ശബരിമല ഉൾപ്പെടെ വിശ്വാസവുമായി ബന്ധപ്പെട്ട കേസുകളിലെ വാദം പത്ത് ദിവസത്തിനകം തീര്‍ക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ. വിശാല ബെഞ്ചിലെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത്. മതങ്ങള്‍ക്കുള്ളിലും മതസ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കു വിവേചനം നേരിടുന്നെന്ന വാദവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ മാത്രമേ പരിഗണിക്കുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മുസ്‌ലിം, പാഴ്‌സി, ജൈന മതാചാരങ്ങളുടെ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിശദമായ വാദത്തിനു മുന്‍പ് അഭിഭാഷകര്‍ യോഗം ചേര്‍ന്ന് ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ജനുവരി 17 ന് അഭിഭാഷകരുടെ യോഗം നടന്നു. ഇതനുസരിച്ച് വാദം പൂര്‍ത്തിയാക്കാന്‍ 23 ദിവസം വേണമെന്ന് കോടതിയെ അറിയിക്കാനും അഭിഭാഷകരുടെ യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ പത്ത് ദിവസത്തിലധികം ഒന്‍പത് അംഗ ബെഞ്ച് വാദം കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്ന് അറിയിക്കുകയായിരുന്നു.

ശബരിമല കേസില്‍ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളില്‍ കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടായില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വ്യക്തമാക്കി. പരിഗണന വിഷയങ്ങള്‍ കോടതി തന്നെ തീരുമാനിക്കണമെന്നും തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.