Wednesday
20 Feb 2019

ക്ഷേത്രപ്രവേശനം സ്ത്രീയുടെ ഭരണഘടനാവകാശം

By: Web Desk | Tuesday 9 October 2018 10:33 PM IST

സെപ്റ്റംബര്‍ മാസത്തില്‍ സുപ്രിം കോടതി ചരിത്രപ്രധാനങ്ങളായ പല വിധികളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനത ശീലിച്ച ചില ആചാര, സദാചാരക്കാഴ്ചപ്പാടുകളെ മാറ്റിമറിച്ചുകൊണ്ടായിരുന്നു അവയൊക്കെ. സ്വവര്‍ഗരതിയും വിവാഹേതര ബന്ധവുമെല്ലാം കുറ്റകരമല്ലാ എന്നു പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ശബ്ദങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ 1986 ല്‍ ശബാനുബീഗത്തിന് ചെലവിനുകൊടുക്കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് സുപ്രിം കോടതി പറഞ്ഞപ്പോള്‍ ‘ശരീയത്ത് അപകടത്തിലെന്ന്’ പറഞ്ഞ് മുസ്‌ലിം മതമൗലികവാദികള്‍ രംഗത്ത് വന്നു. അവരുടെ വോട്ട് ഉറപ്പിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ ഒരു നിയമം കൊണ്ടുവരികയാണ് ചെയ്തത്. സ്ത്രീയുടെ അവകാശവുമായി ബന്ധപ്പെട്ട് കോടതി പരിരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യപ്പെടുമ്പോള്‍ മതമൗലികവാദികളും നിക്ഷിപ്ത താല്‍പര്യക്കാരും രംഗത്തുവന്ന പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലും ഇതാണ് സംഭവിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയുടെ പേരില്‍ സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ സമരരംഗത്താണുള്ളത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് 2006 ജൂലൈ 28നാണ് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് സെപ്റ്റംബര്‍ 28-ാം തീയതി സുപ്രിം കോടതി ചരിത്രവിധി പ്രഖ്യാപിച്ചത്. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് പിന്‍ബലമാകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ മൂന്നാം ബി വകുപ്പാണ് റദ്ദാക്കിയത്. അതിനെ സാധൂകരിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ്, എന്‍എസ്എസ്, പന്തളം രാജകുടുംബം, അമിക്കസ്‌ക്യൂറി രാമമൂര്‍ത്തി, വിവിധ ഹിന്ദുസംഘടനകള്‍ എന്നിവര്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍, അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍, ഹാപ്പി ടു ബ്ലീഡ് കൂട്ടായ്മ എന്നിവര്‍ ഹര്‍ജിയെ അനുകൂലിച്ചു.
ഈ ചരിത്രവിധിയിലൂടെ മതവിശ്വാസത്തില്‍ സ്ത്രീക്കും പുരുഷനും തുല്യമായ അവകാശമാണുള്ളത് എന്ന് കോടതി വ്യക്തമാക്കി. മൗലികാവകാശ ലംഘനമാണ് ലിംഗവിവേചനത്തിന്റെ പേരില്‍ സ്ത്രീക്ക് ക്ഷേത്ര വിലക്ക് ഏര്‍പെടുത്തുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ഹിന്ദുമതത്തില്‍ സ്ത്രീകളെ വിലക്കുന്നത് അനിവാര്യമായ ആചാരമല്ല. ശബരിമലയില്‍ സ്ത്രീകള്‍ പോയതുകൊണ്ട് ഹിന്ദുമതത്തിന്റെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരില്ല. സ്ത്രീകളുടെ അന്തസ് ചോദ്യം ചെയ്യുന്ന ഏത് മതാചാരവും ഭരണഘടനാവിരുദ്ധമാണ്. മതത്തെ ഉപയോഗിച്ചു സ്ത്രീകളുടെ ആരാധനാവകാശത്തെ നിഷേധിക്കരുത്. ശബരിമലയിലെ ആചാരങ്ങള്‍ ക്ഷേത്രത്തില്‍ ആരാധന നടത്താനുള്ള സ്ത്രീകളുടെ മൗലികാവകാശത്തിന് കീഴടങ്ങണം. തന്ത്രിക്കും വിശ്വാസികള്‍ക്കും ഭരണഘടന നല്‍കുന്ന സംരക്ഷണം സ്ത്രീ വിശ്വാസികള്‍ക്കുമുണ്ടെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വിയോജിപ്പ് രേഖപ്പെടൂത്തി.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഇരുപത്തിയഞ്ചാണ് മതപരവും വിശ്വാസപരവുമായ മൗലികാവകാശത്തെക്കുറിച്ച് പറയുന്നത്. ഈ അവകാശങ്ങള്‍ സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. ഇപ്പോള്‍ പുരുഷ മേധാവിത്വവും മതാധിപിത്യവും ചേര്‍ന്നു നിര്‍മിച്ച ആചാരാനുഷ്ഠാനങ്ങള്‍ സ്ത്രീക്കുമേല്‍ അടിച്ചേല്‍പിക്കുകയാണ്. എന്നാല്‍ സ്ത്രീയുടെ വിശ്വാസത്തിനുമേല്‍ മറ്റുള്ളവരുടെ ആചാരങ്ങള്‍ അടിച്ചേല്‍പിക്കാന്‍ പാടില്ല എന്ന് കോടതി ഉറപ്പുവരുത്തിയിരിക്കയാണ്. ഈ വിധിയിലൂടെ വ്യക്തിത്വത്തിനും വ്യക്തിപരമായ അന്തസിനും എതിര്‍നില്‍ക്കുന്ന മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഭരണഘടനാപരമായ പരിരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ട സംഘടനയാണ് കേരള മഹിളാസംഘം- സ്ത്രീയെന്ന പേരില്‍ ജൈവപരമായ കാരണങ്ങളുടെ പേരില്‍ അവളെ ആരാധനാലയങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ പാടില്ല എന്നും ഭരണഘടന അനുശാസിക്കുന്ന തുല്യതയും സാമൂഹിക നീതിയും അവര്‍ക്ക് ലഭിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആര്‍ത്തവാവസ്ഥ സ്ത്രീയുടെ ജീവിതത്തിന്റെ അഭേദ്യമായ ഭാഗമാണ്. അതുകൊണ്ട് അവളൊരു നിഷിദ്ധവ്യക്തിയാവുന്നില്ല. ആര്‍ത്തവാവസ്ഥയ്ക്ക് കല്‍പിക്കുന്ന അശുദ്ധിയും തൊട്ടുകൂടായ്മയും ഈ ആധുനികകാലത്തും തുടരുന്നത് ഒരു മ്ലേച്ഛസമൂഹത്തിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ശബരിമലയിലെത്തുന്ന ഭക്തര്‍ നാല്‍പത്തിയൊന്ന് ദിവസത്തെ കഠിനവ്രതാനുഷ്ഠാനങ്ങള്‍ പാലിക്കണമെന്നും സ്ത്രീക്ക് മാസമുറകാരണം ഇത് അസാധ്യമാണെന്നുമാണ് വാദം. സ്ത്രീകളായ ഭക്തജനങ്ങള്‍ പൂര്‍ണമായും വ്രതശുദ്ധിയും ശരീരശുദ്ധിയും കാത്തുസൂക്ഷിക്കുന്നവരാണ്. ശബരിമല എന്നല്ല, ഒരു ക്ഷേത്രത്തിലും പൊതുവെ സ്ത്രീകള്‍ ആര്‍ത്തവസമയത്ത് പോകാറില്ല. ഭക്തി, വിശ്വാസം എല്ലാം വ്യക്തിപരമാണ്.

ഇന്ന് രാഷ്ട്രീയ മുതലെടുപ്പിനായി ഇറങ്ങിത്തിരിച്ച ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസുമെല്ലാം ആദ്യമെടുത്ത നിലപാട് സ്ത്രീപ്രവേശനം ആകാമെന്നായിരുന്നു. എന്നാല്‍ സ്ത്രിവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ ആര്‍എസ്എസും ബിജെപിയും അവരോടൊപ്പം ചേര്‍ന്നു കോണ്‍ഗ്രസും വോട്ട് രാഷ്ട്രീയം കളിക്കുകയാണ്.
സ്ത്രീകളും പുരോഗമന പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടില്‍ നടത്തിയ പോരാട്ടങ്ങള്‍ ഒട്ടേറെയാണ്. ചാന്നാര്‍ സമരത്തിലൂടെ മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യം ലഭിച്ചു. വേലായുധപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്ന മുക്കുത്തി സമരം, മുലക്കരത്തിനെതിരെ നങ്ങേലി നടത്തിയ സമരം, കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ കട്ടില്‍ സമരം അങ്ങനെ ഒട്ടേറെ സമര പോരാട്ടങ്ങളുടെ ഭാഗമായാണ് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവകാശങ്ങള്‍ ലഭിച്ചത്. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എല്ലാം സ്ത്രീയുടെമേല്‍ എല്ലാക്കാലത്തും അടിച്ചേല്‍പിച്ചിരുന്നു. അതിന്റെ അവശിഷ്ടമായി തന്നെ ഇതിനെയും കാണേണ്ടിയിരിക്കുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന വിലക്ക് സവര്‍ണരെ സംബന്ധിച്ചിടത്തോളം (മനുസ്മൃതി അനുസരിച്ച്) അവര്‍ണരും സ്ത്രീകളും ഒരുപോലെയാണ്. അവര്‍ണരായ പുരുഷന്മാര്‍ക്ക് ക്ഷേത്രപ്രവേശനം പോരാട്ടങ്ങളിലൂടെ ലഭിച്ചെങ്കിലും സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചു. ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതി വേണ്ടിവന്നു സ്ത്രീയുടെ ഭരണഘടനാവകാശം സംരക്ഷിക്കുവാന്‍ എന്നതും യാഥാര്‍ഥ്യം. കേരളത്തില്‍ സ്ത്രീപ്രവേശനത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ബിജെപിക്കാര്‍ മഹാരാഷ്ട്രയിലെ ‘ശനി ശിങ്‌നാപൂര്‍’ ക്ഷേത്രത്തെപ്പറ്റി ഒന്നും പറയുന്നില്ല. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ ‘ശനി ശിങ്‌നാപൂര്‍’ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാല്‍ 2016 ഏപ്രില്‍ മാസത്തില്‍ ഹൈക്കോടതി സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കി. ശേഷം ബിജെപി സര്‍ക്കാരും വിധി അംഗീകരിച്ച് സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. ഭരണഘടനാപരമായി സ്ത്രീകളുടെ ആരാധനാവകാശം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. താല്‍പര്യമുള്ള ഭക്തജനങ്ങളായ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ശബരിമലയില്‍ പോകാനുള്ള അവസരമാണ് ലഭിച്ചത്. ഇഷ്ടമുള്ളവര്‍ക്ക് പോകാം, വേണ്ടാത്തവര്‍ പോകണ്ട- ഭക്തജനങ്ങളായ സ്ത്രീകളുടെ അവകാശമാണത്. തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ശോഭാസുരേന്ദ്രനോ, രമേശ് ചെന്നിത്തലയോ അല്ല അത് തീരുമാനിക്കേണ്ടത്.

”സ്ത്രീകളുടെ അവകാശങ്ങളും അന്തസും ആള്‍ക്കൂട്ട സദാചാരത്തിന്റെ പേരില്‍ ബലികൊടുക്കാന്‍ കഴിയില്ല. ദൈവവുമായുള്ള ബന്ധത്തിന് ശാരീരികവും ജൈവശാസ്ത്രപരവുമായ സവിശേഷതകള്‍ തടസമായിട്ടുള്ള ഉടമ്പടികള്‍ ആവശ്യമില്ല. ഒരു ഭാഗത്ത് സ്ത്രീകളെ ദേവതകളായി ആരാധിക്കുന്നവര്‍ മറുഭാഗത്ത് അവര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ നിയന്ത്രണം ഏര്‍പെടുത്തുന്നത് ശരിയല്ല. സ്ത്രീകളില്‍ നിന്നുമാത്രം കൂടുതല്‍ പരിശുദ്ധിയും പാതിവ്രത്യവും ആവശ്യപ്പെടുന്ന മനോഭാവം മാറണം. പുരുഷന്മാരുടെ ബ്രഹ്മചര്യവ്രതത്തിന്റെ ഭാരം സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പിക്കരുത്” (കോടതി വിധിയില്‍ നിന്ന്)- സ്ത്രീപദവിയും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും അംഗീകരിക്കുന്ന സുപ്രധാന വിധിയാണിത്. ഫെഡറല്‍-ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യാരാജ്യത്തെ സംസ്ഥാന സര്‍ക്കാരിന് ഈ വിധി നിയമപരമായി അംഗീകരിക്കാന്‍ ബാധ്യതയുണ്ട്. മാത്രമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്തണം. ബ്രഹ്മചാരിയായ ശ്രീ അയ്യപ്പനെ ദര്‍ശിക്കാനെത്തുന്ന പുരുഷഭക്തന്മാര്‍ ഭക്തകളായ സ്ത്രീകളോട് ‘പൊന്നാങ്ങള’മാരെപ്പോലെ പെരുമാറിയാല്‍ ശബരിമലയെ ‘സ്ത്രീസൗഹൃദ ഇട’മാക്കി മാറ്റാന്‍ കഴിയും. പരമോന്നത കോടതിക്ക് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ബിഗ്‌സല്യൂട്ട്.

Related News