തിരുവാഭരണം ദൈവത്തിന് സമർപ്പിച്ചത്: പന്തളം കൊട്ടാരത്തിന് എന്തവകാശമെന്ന് സുപ്രീം കോടതി

Web Desk

തിരുവനന്തപുരം

Posted on February 05, 2020, 1:34 pm

ശബരിമല തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെയ്ക്കുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതി. ആഭരണം ദൈവത്തിന് സമര്‍പ്പിച്ചതല്ലേ, സമര്‍പ്പിച്ച്‌ കഴിഞ്ഞ ആഭരണത്തില്‍ പന്തളം കൊട്ടാരത്തിന് എന്തവകാശമെന്ന് കോടതി ചോദിച്ചു. തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോ എന്ന് സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. പന്തളം കുടുംബത്തില്‍ തര്‍ക്കം രൂക്ഷമായി തുടരുകയാണ്. തിരുവാഭരണം പന്തളം കുടുംബത്തിന്‍റെ അധീനതയില്‍ എന്തിന് വെക്കണം. അത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് മാറ്റിക്കൂടെ‍?. സംസ്ഥാന സര്‍ക്കാറിന് തിരുവാഭരണം ഏറ്റെടുത്ത് കൂടെയെന്നും ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. തിരുവാഭരണം അയ്യപ്പന്‍ അവകാശപ്പെട്ടതല്ലേയെന്നും സുപ്രീംകോടതി ചോദ്യം ഉന്നയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വെള്ളിയാഴ്ച കോടതിയില്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചു.

ശബരിമലയില്‍ പുതിയ ഭരണ സംവിധാനം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ ഭരണ സംവിധാനത്തിനുള്ള നിയമ നിര്‍മാണം നടത്താന്‍ നാലാഴ്ച സമയം കൂടി വേണം. നിയമം സംബന്ധിച്ച്‌ അറ്റോര്‍ണി ജനറലിന്‍റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. 2010ലെ ദേവപ്രശ്നവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. തിരുവാഭരണ ഘോഷയാത്രയായി ആഭരണങ്ങള്‍ കൊണ്ടു പോകുന്ന ചടങ്ങ് പന്തളം കൊട്ടാരം നടത്താറുണ്ട്.

Eng­lish Sum­ma­ry: Sabari­mala thiruvab­ha­ranam issue

You may also like this video