കനത്ത സുരക്ഷയില്‍ മകരവിളക്ക് ഇന്ന്

Web Desk
Posted on January 14, 2019, 8:11 am
  • ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പത്തനംതിട്ട: കനത്ത സുരക്ഷയില്‍ മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇത്തവണ ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ വകുപ്പുകളും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയും യോജിപ്പോടെയാണ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്.
തിരുവാഭരണഘോഷയാത്ര ഇന്ന് വൈകുന്നേരം ആറുമണിയോടെ സന്നിധാനത്ത് എത്തും. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് തിരുവാഭരണം സ്വീകരിക്കും. ആറരയ്ക്കാണ് ദീപാരാധന. 7.52 നാണ് മകരസംക്രമ പൂജയും നെയ്യഭിഷേകവും നടക്കുക.

സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൊലീസും മറ്റ് വകുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി ബാരിക്കേഡുകളുടെ ക്രമീകരണവും പൂര്‍ത്തിയായിട്ടുണ്ട്. മകരജ്യോതി ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുവേണ്ടി എന്‍ഡിആര്‍എഫ്, ദ്രുതകര്‍മ സേന എന്നിവര്‍ പൂര്‍ണ സജ്ജരാണ്.
അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങള്‍ ദേവസ്വം ബോര്‍ഡ് ആവശ്യത്തിന് കരുതിയിട്ടുണ്ട്. 19വരെ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. പതിനെട്ടിന് നെയ്യഭിഷേകം അവസാനിക്കും. ഇന്ന് രാവിലെ 10 മണിക്ക് ഹരിവരാസനം പുരസ്‌കാര വിതരണവും നടക്കും.

പമ്പയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ടാറ്റാ കമ്പനിയെയും സഹായങ്ങള്‍ ചെയ്ത സംഘങ്ങള്‍, വ്യക്തികള്‍ എന്നിവരെയും ആദരിക്കും. മകരസംക്രമ പൂജയ്ക്കുള്ള നെയ്യഭിഷേകം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് എത്തിക്കുന്ന നെയ് മാത്രം വച്ചായിരിക്കും നിര്‍വഹിക്കുക. തിരുവിതാംകൂറിന്റെ അവകാശം അതേപടി നിലനിര്‍ത്തണമെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നതെന്ന് യോഗത്തില്‍ പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
വരുന്ന വിഷു മുതലെങ്കിലും നിലയ്ക്കല്‍— പമ്പ ബസ് സര്‍വീസ് അയ്യപ്പഭക്തര്‍ക്ക് സൗജന്യമായി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ദേവസ്വംബോര്‍ഡ് ഗൗരവമായി ആലോചിച്ചു വരുന്നതായും പ്രസിഡന്റ് പറഞ്ഞു. ഇതിനായി ദേവസ്വംബോര്‍ഡ് ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.