Friday
19 Apr 2019

നട ഇന്ന് തുറക്കും; വിശ്വാസികൾ മുൾമുനയിൽ

By: Web Desk | Sunday 4 November 2018 10:41 PM IST


sabarimala- jana

എ ബിജു

പത്തനംതിട്ട: ചിത്തിര ആട്ടതിരുനാള്‍ പൂജയ്ക്ക് ശബരിമല നട ഇന്ന് വൈകിട്ട്  തുറക്കുമ്പോള്‍ ദർശനത്തിനെത്തുന്നവർക്കെതിരെ അക്രമം തടയാൻ സര്‍വ്വ സന്നാഹവുമൊരുക്കി സര്‍ക്കാര്‍. ശബരിമലയിൽ തൊഴാനെത്തുന്നവരെ തടയാന്‍ പ്രതിഷേധക്കാര്‍ കടന്നുകയറുന്നത് ഒഴിവാക്കാന്‍ നിയന്ത്രണവും നിരീക്ഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. 20 കിലോമീറ്റർ ഇപ്പുറം മുതൽ കനത്ത സുരക്ഷയാണ്.

യുവതികളെ തടയാൻ തീര്‍ത്ഥാടക വേഷത്തില്‍ വനിത പ്രതിഷേധക്കാര്‍ തമ്പടിക്കുമെന്നും ഇവരെ പൊലീസ് എതിര്‍ത്താല്‍ സംഘര്‍ഷ സാധ്യതയുണ്ടാകുമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അത്തരം വനിതകളെ വനിതാ പൊലീസ് തടയും. സിഐ, എസ്‌ഐ റാങ്കിലെ മുപ്പത് വനിത പൊലീസുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ദർശനം കഴിഞ്ഞാൽ ഉടൻ മലയിറങ്ങണമെന്നും രണ്ടു മണിക്കൂറിലേറെ അവിടെ തങ്ങാൻ പാടില്ലെന്നും ഭക്തർക്ക് കർശന നിർദേശമുണ്ട്.

ശബരിമല അക്രമങ്ങളില്‍ പിടിയിലായവരുടെ എണ്ണം 3731 ആയി. ഇനി 400 പേര്‍ ഒളിവിലുണ്ട്. ഒളിവിലുള്ളവരുടെ പേരും ഫോട്ടോകളും വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി കഴിഞ്ഞു. ഇവര്‍ ഇന്ന് ശബരിമലയ്‌ക്കെത്തിയാല്‍ വഴിയില്‍ തടയാനാണ് നിര്‍ദേശം. രണ്ടായിരത്തഞ്ഞൂറോളം പൊലീസുകാരെയാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലുമായി നിയോഗിച്ചിട്ടുള്ളത്.
തുലാമാസ പൂജ സമയത്ത് അഞ്ച് ദിവസം നട തുറന്നതിനേക്കാള്‍ 800 പൊലീസുകാരെ അധികമാണ് വിന്യസിച്ചിരിക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ നിരോധനാജ്ഞ നിലവിലുണ്ട്. നാളെ വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. ചൊവ്വാഴ്ച്ച ആട്ടതിരുനാളിന് ശേഷം രാത്രി പത്തിന് നട അടയ്ക്കും. നാളെ ഉച്ചമുതലേ നിലയ്ക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടു.

നിലയ്ക്കലിലെത്തുന്ന മുഴുവന്‍ ഭക്തരെയും പരിശോധനയ്ക്ക് ശേഷമായിരിക്കും കടത്തി വിടുക. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ഇവരെ അകത്തേക്ക് കയറ്റിവിടില്ല, സ്വകാര്യ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെയെ അനുമതിയുള്ളു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ്സിലാണ് തീര്‍ത്ഥാടകര്‍ പോകേണ്ടത്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് പോകുന്നതിനും ഇറങ്ങുന്നതിനും പ്രത്യേകം വഴികളാണ് നിശ്ചയിച്ചിരിക്കുന്നത് .

പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴിയാണ് പോകേണ്ടത്. ദര്‍ശനം കഴിഞ്ഞ് സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമെ മടക്കി വിടു. അയ്യപ്പന്‍മാര്‍ കടന്ന് വരുന്ന വടശ്ശേരിക്കര, ഇലവുങ്കല്‍, പ്ലാപ്പള്ളി, കണമല, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പരിശോധനയ്ക്ക് ശേഷം മാത്രമേ പമ്പയിലേക്ക് യാത്ര തുടരാന്‍ അനുവദിക്കൂ. ഓരോ വാഹനവും നിര്‍ത്തി വിവരങ്ങള്‍ ആരാഞ്ഞാവും കടത്തി വിടുക. പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ പുറപ്പെടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. നിലയ്ക്കല്‍ പാര്‍ക്കിങ് മൈതാനത്ത് ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശിക്കാം.

എഡിജിപി അനില്‍ കാന്താണ് ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍. എഡിജിപി അനന്തകൃഷ്ണന്‍ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐജി എം ആര്‍ അജിത്കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ ജി അശോക് യാദവും സുരക്ഷയ്ക്ക് നേതൃത്വം നല്‍കും. പത്ത് വീതം എസ്പിമാരെയും ഡിവൈഎസ്പിമാരേയും സഹായത്തിനായി നിയോഗിച്ചിട്ടുണ്ട്.

Related News