ശബരിമല: പുനപരിശോധന ഹർജികൾ ഏഴംഗ ബെഞ്ചിന്‌, യുവതീപ്രവേശനത്തിന് സ്റ്റേയില്ല

Web Desk
Posted on November 14, 2019, 10:51 am

ന്യൂഡല്‍ഹി:ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജികള്‍ സ്വീകരിക്കണോ വേണ്ടയോ എന്നത് പരിശോധിക്കാൻ സുപ്രീംകോടതി ഏഴംഗ വിശാല ബെഞ്ചിന് വിട്ടു. അതേസമയം നിലവിലെ ശബരിമല സ്ത്രീ പ്രവേശന വിധിക്ക് സ്റ്റേയില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

ശബരിമല കേസ് വിശാല ബെഞ്ചിലേക്ക് വിടണമെന്ന് മൂന്ന് ജഡ്ജിമാർ വ്യക്തമാക്കി. എന്നാൽ അതിനെ രണ്ട് ജഡ്ജിമാർ എതിർത്തു. പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്ക് വിട്ടതില്‍ വിയോജിച്ചത് ജഡ്ജിമാരായ രോഹിങ്ക്യന്‍ നരിമാനും ഡി വൈ ചന്ദ്രചൂഡുമാണ്. ചീഫ് ജസ്റ്റിസ്, ഇന്ദുമൽഹോത്ര, എ.എം. ഖാന്‍വില്‍കര്‍ എന്നിവരാണ് വിശാല ബെഞ്ചിനെ അനുകൂലിച്ചത്.

കോടതി ആദ്യ കേസായി ശബരിമലയാണ് പരിഗണിച്ചത്. 2018 സെപ്റ്റംബര്‍ 28 മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചായിരുന്നു യുവതിപ്രവേശനം അനുവദിച്ച് ഉത്തരവിട്ടത്. ഇതിനെതിരെ 56 പുനഃപരിശോധനാ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലെത്തിയത്. ഈ ഹര്‍ജികള്‍ പരിഗണിച്ചാണ് കേസ് വിശാല ബഞ്ചിന് വിട്ടത്. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസായിരിക്കും രൂപീകരിക്കുക. ഇപ്പോള്‍ വിധിപറഞ്ഞ ജഡ്ജിമാരില്‍ മൂന്ന് പേര്‍ ഏഴംഗ ബെഞ്ചിലേക്ക് പോകും.

വിവിധമതങ്ങളില്‍ സമാനപ്രശ്നങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ശബരിമലയിലെ സ്ത്രീ പ്രവേശനം മാത്രമല്ല, മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കണമെന്ന് ഭൂരിപക്ഷ വിധിയിലൂടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങില്ല. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയവും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനത്തെ ഇതിനോടു ചേര്‍ത്തുവയ്ക്കുന്നതിനെ വിയോജിപ്പു വിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് എതിര്‍ത്തു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്.