Wednesday
20 Mar 2019

ശബരിമല വിഷയത്തിലെ സ്ത്രീവിരുദ്ധ പരാമർശം വിവാദമാകുന്നു

By: Web Desk | Thursday 15 November 2018 8:05 PM IST


ഗിരീഷ് അത്തിലാട്ട്

കണ്ണൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും യാഥാസ്ഥിതിക നിലപാടുകളുമായി, ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസിദ്ധീകരണത്തില്‍ വന്ന കാര്‍ട്ടൂണ്‍ വിവാദമാകുന്നു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്റെ പ്രസിദ്ധീകരണമായ കെജിഎംഒഎ ജേണലിന്റെ ഒക്‌ടോബര്‍ ലക്കത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുള്‍പ്പെടെയുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡോ. പി ജയദേവന്റെ ഡോ. പരാധീന്റെ ലോകം പ്രസിദ്ധീകരണത്തിലെ സ്ഥിരം പംക്തിയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് കാര്‍ട്ടൂണ്‍.

ലേഡീ ഡോക്ടര്‍മാരും ഫീമേല്‍ നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ബഹു രസമായിരിക്കുമല്ലോ എന്ന ക്രേസി ബോയ് കഥാപാത്രത്തിന്റെ ചോദ്യത്തിന് മറുപടിയായി ഡോക്ടര്‍ കഥാപാത്രം പറയുന്നത് ക്ഷണിക പ്രണയത്തിനും സാധ്യതയുണ്ട് എന്നാണ്. ലക്ഷക്കണക്കിന് മാളികപ്പുറങ്ങള്‍, സ്ത്രീപീഡനത്തിനും സാധ്യതയില്ലേ എന്ന അടുത്ത ചോദ്യത്തിന് സന്നിധാനത്തും പമ്പയിലും പൊട്ടന്‍സി, റേപ് വിക്ടിമിന്റെ പരിശോധന എന്നിവയ്ക്ക് സൗകര്യമുണ്ടാക്കും എന്നാണ് ഡോക്ടറുടെ മറുപടി. ഇഹലോക ബന്ധങ്ങള്‍ വെടിഞ്ഞ് ശബരിമല ഡ്യൂട്ടി.. അതൊരനുഭവമായിരുന്നു, അതിനും തിരശ്ശീല വീഴുന്നു, സ്വാമിയേ ശരണമയ്യപ്പാ എന്നാണ് അവസാനം ഡോക്ടറുടെ ആത്മഗതം.

കാര്‍ട്ടൂണിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ബലാല്‍സംഗം നടന്നോ എന്നതിനുള്ള പരിശോധനയും പൊട്ടന്‍സി പരിശോധനയുമുള്‍പ്പെടെ അതിഗൗരവമായ നിയമകാര്യങ്ങളെ ഹീനമായ രീതിയില്‍ എഴുതിത്തള്ളുകയാണ് കാര്‍ട്ടൂണിലൂടെ ചെയ്തത്. ആശുപത്രികളില്‍ സ്ത്രീപുരുഷ ഭേദമില്ലാതെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ഇത്തരത്തിലാണോ ഡോക്ടര്‍ കൂടിയായ കാര്‍ട്ടൂണിസ്റ്റ് ചിന്തിക്കുന്നതെന്നും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള നിരവധി പേര്‍ ഫേസ്ബുക്കില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ വന്ന കാര്‍ട്ടൂണിനെ സംബന്ധിച്ച് കെജിഎംഒഎ നിലപാട് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതികള്‍ നല്‍കാനൊരുങ്ങുകയാണ് ഡോക്ടര്‍മാര്‍.